വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് സസ്പെൻഷൻ
വീഴ്ച ആരോപിച്ചാണ് മാനന്തവാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നൗഷാദിനെ സസ്പെൻഡ് ചെയ്തത്. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് വീഴ്ച പറ്റിയെന്ന് ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ റിപ്പോർട്ട് നൽകി.
വയനാട്: മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിൽ വീണ്ടും നടപടി. മാനന്തവാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നൗഷാദിനെ വീഴ്ച ആരോപിച്ച് സസ്പെൻഡ് ചെയ്തു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് വീഴ്ച പറ്റിയെന്ന് ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ റിപ്പോർട്ട് നൽകി. മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയത് വകുപ്പിനും സർക്കാരിനും അവമതിപ്പുണ്ടാക്കി എന്നും റിപ്പോർട്ട് പറയുന്നു.
സംഭവത്തിൽ നേരത്തെ ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെ മാത്രം ബലിയാടാക്കി പിരിച്ചുവിട്ടത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. രണ്ട് ആംബുലൻസുകൾ പര്യാപ്തമല്ലെന്ന് പലതവണ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു മഹേഷ് കുമാർ പ്രതികരിച്ചത്. ഇക്കാര്യം വകുപ്പ് മന്ത്രിക്കും അറിയാം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഭാഗത്തും വീഴ്ചയുണ്ട്. പണം നൽകാത്തതിനാൽ സ്വകാര്യ ആംബുലൻസുകളും വരാൻ തയ്യാറാകില്ല. ഉത്തരവാദി താൻ അല്ലാതിരുന്നിട്ടും കടുത്ത നടപടി നേരിടേണ്ടി വന്നിരിക്കുന്നെന്നും മഹേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read : ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച 2 പേർ കൂടി കസ്റ്റഡിയിൽ; പിടിയിലായത് കോഴിക്കോട് നിന്ന്
സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദിവാസി സ്ത്രീയുടെ മൃതദേഹം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. വയനാട് എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെന്റ് ഉന്നതിയിലെ സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാനാണ് മാന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.