ബെവ്ക്യൂ: ഇന്നത്തേക്കുള്ള 96 ശതമാനം ടോക്കണുകളും വിതരണം ചെയ്തതായി ഫെയർകോഡ്
പിൻകോഡിന് ഇരുപത് കിലോമീറ്റർ ചുറ്റളവിലുള്ള മദ്യശാലയിലെ ടോക്കണാവും ഉപഭോക്താവിന് ലഭിക്കുക. അടുത്ത ഘട്ടത്തിൽ സമയം തെരഞ്ഞെടുക്കാൻ ഉപഭോക്താവിന് അവസരമൊരുക്കുമെന്നും ഫെയർകോഡ്.
തിരുവനന്തപുരം: മൂന്ന് ദിവസം പിന്നിടും മുൻപേ പ്ലേ സ്റ്റോറിൽ നിന്നും 14 ലക്ഷത്തിലേറെ ആളുകൾ ബെവ്ക്യൂ ആപ്പ് ഡൗൺലോഡ‍് ചെയ്തതായി ആപ്പിൻ്റെ നിർമ്മാതാക്കളായ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂറിനകം 4.05 ലക്ഷം ടോക്കണുകളാണ് ഇന്നത്തേക്കായി വിതരണം ചെയ്തത്.
ഇന്നത്തേക്ക് അനുവദിച്ച 96 ശതമാനം ടോക്കണുകളും ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ബെവ്കോ- കൺസ്യൂമർ ഫെഡ് മദ്യശാലകളിലേക്കും മുഴുവൻ ബീർ-വൈൻ പാർലറുകളിലേക്കും ഇന്ന് ടോക്കൺ വിതരണം നടന്നിട്ടുണ്ട്. ആപ്പ് വഴിയും എസ്എംഎസിലൂടെയുമായി 27 ലക്ഷം ആളുകളാണ് ബെവ്ക്യൂ പ്ലാറ്റ്ഫോമിൽ ഇതിനോടകം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഫെയർകോഡ് കമ്പനി അറിയിച്ചു. ബെവ്ക്യൂ ആപ്പിലെ എല്ലാ സജ്ജീകരണങ്ങളും ബെവ്കോ നിർദേശപ്രകാരമാണ് ഒരുക്കിയതെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം മദ്യം വാങ്ങാൻ ദൂരസ്ഥലത്തുള്ള മദ്യശാലകളിലേക്ക് ടോക്കൺ കിട്ടുന്നതായി ഉപഭോക്താകൾ പരാതിപ്പെടുന്നുണ്ടെന്നും ആപ്പിൽ നൽകുന്ന പിൻകോഡിന് ഇരുപത് കിലോമീറ്റർ ചുറ്റളിവലുള്ള മദ്യശാലകളിലേക്കാണ് ടോക്കൺ നൽകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഫെയർകോഡ് ടെക്നോളജീസ് വിശദീകരിക്കുന്നു. ബെവ്കോ മദ്യശാലകളിലും ബാറുകളിലും ഒരേ പോലെ ഉപഭോക്താകളെ എത്തിക്കാനാണ് ബെവ്കോ നിർദേശ പ്രകാരം ഇങ്ങനെയൊരു സജ്ജീകരണം ഒരുക്കിയിരിക്കുന്നതെന്നും കമ്പനി വിശദീകരിക്കുന്നു. ആദ്യഘട്ടത്തിൽ പിൻകോഡിന് ഏറ്റവും അടുത്തുള്ള മദ്യശാലയിലേക്കാണ് ടോക്കൺ നൽകിയിരുന്നത്. ബെവ്കോ ചില്ലറ വിൽപനശാലകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും മദ്യത്തിന് ഒരേ വിലയാണെന്നും അതിനാൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബാറിൽ പോകാൻ വിമുഖത കാണിക്കേണ്ടതില്ലെന്നും കമ്പനി പറയുന്നു.
ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ഇതിനോടകം പരിഹരിച്ചിട്ടുണ്ടെന്നും ഇപ്പോഴും ആർക്കെങ്കിലും തടസം നേരിടുന്നുവെങ്കിൽ ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തു വീണ്ടും ഉപയോഗിക്കുകയോ അല്ലെങ്കിൽ ആപ്പ് ഡാറ്റ് ക്ലിയർ ചെയ്ത് ഉപയോഗിക്കുകയോ വേണമെന്നും കമ്പനി അറിയിച്ചു. മദ്യം വാങ്ങാൻ പലർക്കും സൗകര്യപ്രദമായ സമയം കിട്ടുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും. തിരക്ക് കുറയ്ക്കാൻ താത്കാലികമായി മാത്രമാണ് ഇങ്ങനെ ചെയ്യുന്നതെന്നും അടുത്ത ഘട്ടം മുതൽ മദ്യം വാങ്ങേണ്ട സമയം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ അവസരം കിട്ടുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം നേരത്തെ മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തിയ ബെവ്ക്യൂ ആപ്പ് ഇനി മുതൽ പേര് സെർച്ച് ചെയ്താൽ ലഭ്യമാകും. ഗൂഗിളിൻ്റെ ഇൻഡക്സ് നടപടികൾ പൂർത്തിയായതോടെയാണ് ആപ്പ് ലഭ്യമായി തുടങ്ങിയത്. നേരത്തെ ബെവ്ക്യൂ എന്ന് സെർച്ച് ചെയ്താലും ആപ്പ് ലഭിക്കാതിരുന്നത് ഉപഭോക്താകൾക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
ബെവ് ക്യു ആപ്പിന്‍റെ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ കഴിയാത്തതോടെ ബദൽ ക്രമീകരണവുമായി ബെവ് കോ.ബുക്ക് ചെയ്തവരുടെ പട്ടിക ഔട്ട്ലറ്റുകൾക്ക് കൈമാറിയാണ് ഇന്ന് മദ്യവിൽപന.അതെ സമയം ബെവ്ക്യു ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായി തുടങ്ങി.ബെവ് ക്യു തകരാറിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി.മദ്യവിൽപനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഓഫീസെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം.