കേരളത്തിൻ്റെ ഹൃദയം തകർത്ത 11 കുത്ത്, കർണാടക എക്സിറ്റ്പോൾ, താനൂർ അന്വേഷണം ഇതുവരെ, മിഷൻ 24: ഇന്നത്തെ 10 വാർത്ത
ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിലറിയാം... ചുവടെ
1 ഡോ വന്ദനയ്ക്ക് ശരീരത്തിലേറ്റത് 11 കുത്തുകൾ; മുതുകിലും തലയിലുമേറ്റ കുത്തുകൾ മരണ കാരണം
ഡോ വന്ദനയുടെ അരുംകൊലയുടെ വാർത്തയാണ് ഇന്ന് ഏവരെയും നടുക്കിയത്. വന്ദനയെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത് അതിക്രൂരമായാണ്. കൊല്ലപ്പെട്ട വനിതാ ഹൗസ് സർജന്റെ ശരീരത്തിൽ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിൽ 22 കാരിയായ ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകൾ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം നാളെയാണ് സംസ്കരിക്കുക.
2 ഡോ വന്ദന കൊലക്കേസ്: പ്രതി സന്ദീപ് റിമാന്റിൽ; സംസ്ഥാന വ്യാപകമായി നാളെയും ഡോക്ടർമാർ പണിമുടക്കും
കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഇന്ന് വൈകീട്ടാണ് ഇദ്ദേഹത്തെ പൊലീസ് സംഘം കോടതിയിൽ ഹാജരാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ അറിയിച്ചു. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടൽ സംഘടന ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്നും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓർഡിനൻസായി ഉടൻ ഇറക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പൊലീസിന്റെ സാന്നിധ്യത്തിൽ ഇത്തരമൊരു കൊലപാതകം നടന്നത് അതീവ ഗൗരവതരമെന്ന് കേരള ഗവ മെഡിക്കൽ ഓഫീസേർസ് അസോസിയേഷനും വിമർശിച്ചു. അത്യാഹിത വിഭാഗം ഒഴിവാക്കിക്കൊണ്ട് ഇന്ന് സർക്കാർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു.
ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് സംഭവിച്ച ദാരുണാന്ത്യത്തിൽ കണ്ണീരോടെ വന്ദനയുടെ സുഹൃത്തുക്കളും അധ്യാപകരും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദനയുടെ മൃതശരീരം കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനം തുടരുകയാണ്. വൻജനാവലിയാണ് വന്ദനയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിച്ചേർന്നിട്ടുള്ളത്. അസീസിയ മെഡിക്കൽ കോളേജിലെ ഹൗസ് സർജനാണ് കൊല്ലപ്പെട്ട വന്ദന ദാസ്.
ഡോക്ടർ വന്ദനദാസിന്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ 'പരിയക്കുറവ്' പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാർ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നു സതീശൻ പറഞ്ഞു. ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വീണാ ജോർജ്ജ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.
5 കർണാടകത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ജെഡിഎസ് കിങ് മേക്കറാകുമെന്നും എക്സിറ്റ് പോളുകൾ
കർണാടകത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. കോൺഗ്രസിനും ബി ജെ പിക്കും വിജയം പ്രവചിക്കുന്ന സർവ്വെ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്. ജെ എസ് കിങ് മേക്കറാകുമെന്ന സുചനകളും എക്സിറ്റ് പോളുകൾ നൽകുന്നുണ്ട്. കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ 65.69% പോളിംഗ് ആണ് അഞ്ച് മണി വരെ രേഖപ്പെടുത്തിയത്. അഞ്ചരക്കോടിയോളം വോട്ടർമാർ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസും ബി ജെ പിയും ഒപ്പം ജെ ഡി എസും. പൂജകൾക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തിയത്.
6 താനൂർ ബോട്ട് ദുരന്തം: ജുഡീഷ്യൽ അന്വേഷണം നീളില്ലെന്ന് റിട്ട ജസ്റ്റിസ് വി.കെ.മോഹൻ
താനൂർ ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം നീളില്ലെന്ന് റിട്ട ജസ്റ്റിസ് വി.കെ.മോഹൻ. ജുഡീഷ്യൽ അന്വേഷണത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യൽ അന്വേഷണം നീളില്ല. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കും. ഉദ്യോഗസ്ഥ തല വീഴ്ചകൾ പരിശോധിക്കുന്നതായിരിക്കും. കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും ബോട്ടപകടങ്ങളിൽ മുൻ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ നടപ്പിലായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2 ദിവസത്തെ കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റിന് വയനാട്ടില്‍ സമാപനം.ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിൽ ഇറങ്ങാനുള്ള കരുത്ത് ലീഡേഴ്സ് മീറ്റ് നൽകിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു.മിഷൻ 24 ന്‍റെ ആശയങ്ങൾ നാളെ മുതൽ തന്നെ ബൂത്തുതലങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒറ്റമനസോടെ മുന്നേറാനുള്ള തീരുമാനം എടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ബിജെപിയെ മുഖ്യശത്രുവാക്കി രാഷ്ട്രീയ രേഖ ഇറക്കി.ഈ മാസം 30 ണ് മുൻപ് പുനഃസംഘടന പൂർത്തിയാക്കും.ഒക്ടോബർ 31 വരെയുള്ള പ്രവർത്തന പദ്ധതിക്ക് രൂപം നൽകി.ബിജെപിക്കെതിരെ വിദ്വേഷവിരുദ്ധ പ്ലാറ്റ് ഫോം രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
8 'മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നു'; ബിജെപി അധ്യക്ഷനെതിരെ മാനനഷ്ടക്കേസുമായി തമിഴ്നാട് സർക്കാർ
തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സംസ്ഥാന സർക്കാർ. ഡിഎംകെ ഫയൽസിന്റെ പേരിലാണ് നടപടി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അണ്ണാമലൈ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് സർക്കാർ വാദിക്കുന്നു. 2011ൽ ചെന്നൈ മെട്രോയുടെ കരാർ ഉറപ്പിക്കാൻ എം കെ സ്റ്റാലിന്‍ 200 കോടി രൂപ കോഴ വാങ്ങിയെന്ന് അണ്ണാമലൈ അടുത്തിടെ ആരോപിച്ചിരുന്നു. സ്റ്റാലിന്റെ പാർട്ടിയായ ഡിഎംകെയുടെ നേതാക്കൾക്ക് അഴിമതിയിലൂടെ സമ്പാദിച്ച 1.34 ലക്ഷം കോടി രൂപയുടെ സ്വത്തുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്ന ദുബായ് കമ്പനിയുടെ ഡയറക്ടർമാരാണെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു.
9 രാജസ്ഥാൻ കോൺഗ്രസിലെ തർക്കം; ഇടപെട്ട് ഹൈക്കമാന്‍ഡ്, നേതാക്കളെ താക്കീത് ചെയ്തേക്കും
രാജസ്ഥാന്‍ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് ഇന്ന് നിലപാട് വ്യക്തമാക്കും. മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും, സച്ചിന്‍ പൈലറ്റിനെയും താക്കീത് ചെയ്ത് എഐസിസി പ്രസ്താവനയിറക്കിയേക്കുമെന്നാണ് സൂചന. സച്ചിനെതിരെ മാത്രം നടപടി സ്വീകരിക്കുന്നതിനെ ഒരു വിഭാഗം എതിര്‍ത്തു. കര്‍ണാടക വോട്ടെടുപ്പിന് മുന്‍പ് സച്ചിന്‍ നടത്തിയ വിവാദ വാര്‍ത്താ സമ്മേളനം കോണ്‍ഗ്രസിന് ക്ഷീണമായിരുന്നു. നടപടിയുണ്ടാകുമോയെന്ന ചോദ്യത്തോട് ഒരു ദിവസം കാത്തിരിക്കൂ എന്നാണ് പാര്‍ട്ടി വക്താവ് മനു അഭിഷേക് സിംഗ് വി ഇന്നലെ പ്രതികരിച്ചത്. വസുന്ധര രാജെ സിന്ധ്യയെ ആയുധമാക്കി സച്ചിനെതിരെ ആരോപണം ഉന്നയിച്ച് വിവാദത്തിന് തുടക്കമിട്ടത് ഗലോട്ടാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് സച്ചിനെതിരെ മാത്രം നടപടി പാടില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്.
10 ബ്രിജ് ഭൂഷണെ വെല്ലുവിളിച്ച് ഗുസ്തി താരങ്ങൾ; നാർകോ പരിശോധനക്ക് തയ്യാറുണ്ടോയെന്ന് സാക്ഷി
ഗുസ്തി ഫെഡറഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ വെല്ലുവിളിച്ച് ഗുസ്തി താരങ്ങൾ. നിരപരാധിത്വം തെളിയിക്കാൻ ബ്രിജ് ഭൂഷൻ നുണ പരിശോധനയ്ക്ക് തയ്യാറാകട്ടെ എന്ന് വെല്ലുവിളിച്ച് സാക്ഷി മാലിക്. ഗുസ്തി ഫെഡറേഷനായി നൽകുന്ന പണം താരങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് രത്തൻ ടാറ്റ പരിശോധിക്കണമെന്നും വിനേശ് ഫോഗട്ട് ആവശ്യപ്പെട്ടു. ഈ മാസം 21 വരെ രാപ്പകൽ സമരം തുടരുമെന്ന് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ അറിയിച്ചു. 21 ന് യോഗം ചേർന്ന് സമരത്തിന്റെ ഭാവി തീരുമാനിക്കും. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുമെന്നും ഇവർ അറിയിച്ചു.