പൂര ലഹരി, മൻ കി ബാത്ത് @ 100, കോൺഗ്രസ് വിമർശനം, സിപിഎം പുതിയ തീരുമാനത്തിൽ, അരിക്കൊമ്പന്‍റെ ആരോഗ്യം: 10 വാർത്ത
ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിലറിയാം... ചുവടെ
1 കൊട്ടിക്കയറി മേളം, വർണക്കാഴ്ചകളുമായി കുടമാറ്റം, പൂരാവേശത്തിൽ തൃശൂർ
മേളം കൊട്ടിക്കയറിയതോടെ പൂരലഹരിയിലമർന്ന് തൃശൂർ. കണ്ണും കാതും തുറന്നുവച്ച് ഓരോ നിമിഷവും ഒപ്പിയെടുക്കുകയാണ് ആയിരക്കണക്കിന് പൂരപ്രേമികൾ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കൂടി പൂരനഗരിയിലേക്ക് പ്രവേശിച്ചതോടെ പൂരത്തിന് ആവേശം ഇരട്ടിയായി. മഠത്തിൽ വരവ് പഞ്ചവാദ്യം അവസാനിച്ച് പിന്നാലെ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിച്ചു. തുടർന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് വർണ്ണക്കാഴ്ചകളൊരുക്കി കുടമാറ്റവും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
2 ജനകീയ വിഷയങ്ങളിൽ ദേശീയതലത്തിൽ സമരങ്ങൾ സംഘടിപ്പിക്കാൻ സിപിഎം
ജനകീയ വിഷയങ്ങളില്‍ ദേശീയതലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കാൻ തീരുമാനിച്ച് സിപിഎം. ഇടത് പാര്‍ട്ടികളും മറ്റ് മതേതര പാര്‍ട്ടികളുമായി ചേർന്ന് ദേശീയ പ്രധാന്യമുള്ള വിഷയങ്ങളില്‍ സമരം സംഘടിപ്പിക്കാനാണ് കേന്ദ്ര കമ്മിറ്റി തീരുമാനം. ജമ്മുകശ്മീരില്‍ അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്താത്തത് ബി ജെ പിക്ക് സർക്കാരുണ്ടാക്കാൻ കഴിയില്ലെന്ന ബോധ്യത്തിലാണ്. ഇത് ഭരണഘടന ലംഘനവും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനവുമാണെന്നും കേന്ദ്രകമ്മിറ്റി വിമർശിച്ചു. അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയന്‍ നേതാവായ വിക്രം സിങിനെ കേന്ദ്ര കമ്മിറ്റിയിൽ ഉള്‍പ്പെടുത്തുകയും ചെയ്തു.
3 'കേരള സ്റ്റോറി' സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നം, ലക്ഷ്യം കേരളത്തിലെ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി
"കേരള സ്റ്റോറി" സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിർമ്മിച്ചതെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ "ലവ് ജിഹാദ്" ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഢി പാർലമെന്റിൽ മറുപടി നൽകിയത്. എന്നിട്ടും സിനിമയിൽ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ തുറന്നടിച്ചു.
4 'സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ല, സേവനം പൗരന്റെ അവകാശം'; മുഖ്യമന്ത്രി
സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് താലുക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ഓർമപ്പെടുത്തൽ വലിയ മാറ്റം ഉണ്ടാക്കി. ഒന്നിലേറെ വകുപ്പുകളുമായി ബന്ധപ്പെട്ട ചില സങ്കീർണ പ്രശ്നങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. താലൂക്ക് തല അദാലത്തുകളിൽ പ്രതീക്ഷിച്ചത്ര പരാതികൾ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
5 'മൻ കി ബാത്ത് @100, വ്രതവും തീർത്ഥയാത്രയുമെന്ന് മോദി, അദാനി, പുൽവാമ വിഷയത്തിൽ മൗനമെന്ന് കോൺഗ്രസ്
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് നൂറ് എപ്പിസോഡുകൾ പൂർത്തിയാക്കി. മൻ കി ബാത്തിന്റെ വിജയം ശ്രോതാക്കളാണെന്ന് നൂറാം പതിപ്പിൽ നരേന്ദ്രനമോദി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ മൻ കി ബാത്തിലൂടെ സാധിച്ചു. അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രോത്സാഹനമായിത്തീർന്നുവെന്നത് അഭിമാനകരമായ നേട്ടമാണന്നും പ്രധാനമന്ത്രി വിശദീകരിച്ചു. മൻ കി ബാത്ത് എനിക്ക് വ്രതവും തീർത്ഥയാത്രയുമാണ്. രാജ്യത്തെ താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻ കി ബാത്തിന് കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നൂറാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. മൻകി ബാത്ത് കൊട്ടിഘോഷിക്കുമ്പോഴും ചൈന, അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിലെന്നാണെന്ന് ജയറാം രമേശ് പരിഹസിച്ചു.
വേനൽ കനത്ത ഏപ്രിൽ മാസം കടന്നുപോകുമ്പോൾ കേരളത്തിന്‍റെ ആകാശത്ത് മഴക്കാലം തെളിയുന്നുവെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നത്. മെയ് 4 വരെ കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം. മേയ് 04 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിലാണ് യെല്ലോ ജാഗ്രത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് നാളെ മഴ സാധ്യത ഏറ്റവും കൂടുതലായുള്ളത്.
7 എ ഐ ക്യാമറ വിവാദം; രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ, വെബ്സൈറ്റിലുള്ളത് നേരത്തെ പുറത്തുവന്ന രേഖകൾ
എഐ ക്യാമറാവിവാദത്തിൽ പുറത്തുവന്ന രേഖകൾ മാത്രം പ്രസിദ്ധീകരിച്ച് കെൽട്രോൺ. പ്രതിപക്ഷനേതാക്കളും മാധ്യമങ്ങളും പുറത്തുവിട്ട എട്ട് രേഖകൾ മാത്രമാണ് വൈബ്സൈറ്റിലുള്ളത്. എസ്ആർഐടി കൈമാറിയതുകയോ, കമ്പനിയുണ്ടാക്കിയ ഉപകരാറുകയോ പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം, എഐ ക്യാമറ ഇടപാടിൽ എജിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും. വിശദമായ ഓഡിറ്റിന് ശുപാർശ ചെയ്താൽ എഐ ക്യാമറ ഇടപാട് അടക്കം കെൽട്രോണ്‍ ഇടനിലക്കാരായ വൻ കിട പദ്ധതികള്‍ എ.ജി വിശദമായി പരിശോധിക്കും. വ്യവസായ വകുപ്പിന്റെ പരിശോധന റിപ്പോർട്ടും അടുത്തയാഴ്ച നൽകും. എഐ ക്യാമറയിൽ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ എജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയത്.
8 'ജന്തർമന്തറിൽ ഇരുന്നാൽ നീതി കിട്ടില്ല, പൊലീസിനെയും കോടതിയേയും സമീപിക്കണം': താരങ്ങളോട് ബ്രിജ് ഭൂഷൺ
ജന്തർമന്തറിൽ ഇരുന്നാൽ നീതി കിട്ടില്ലെന്നും പൊലീസിനെയും കോടതിയേയും സമീപിക്കണമെന്ന് ബ്രിജ് ഭൂഷൺ. താരങ്ങൾ ഇതുവരെ അത് ചെയ്തിട്ടില്ല. കോടതി എന്തു തീരുമാനമെടുത്താലും അനുസരിക്കുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. 90ശതമാനം കായികതാരങ്ങളും തനിക്കൊപ്പമാണ്. ആരോപണമുയർന്നത് ദീപേന്ദ്ര ഹൂഡ രക്ഷാധികാരി ആയ ഗുസ്തി പരിശീലന കളരികൾക്കെതിരെയെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
9 'അഞ്ച് മയക്കുവെടി വെച്ചത് അരിക്കൊമ്പന്റെ ആരോഗ്യത്തെ ബാധിക്കില്ല'; നിരീക്ഷണം തുടരുമെന്ന് ദൗത്യസംഘം
അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനെ കുറിച്ച് വിശദീകരിച്ച് ദൗത്യ സംഘാംഗങ്ങളായ ഡോ. അരുൺ സക്കറിയയും സിസിഎഫ് ആർ എസ് അരുണും രംഗത്തെ്തി. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണെന്നും ചെറിയ പരിക്കുകൾ സാരമുള്ളതല്ലെന്നും ഡോ. അരുൺ സക്കറിയ വിശദീകരിച്ചു. റേഡിയോ കോളർ വഴി ശക്തമായ നിരീക്ഷണം തുടരും. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ ആനയ്ക്ക് സമയം എടുക്കും. ഇനി ജനവാസ മേഖലയിൽ ഇറങ്ങില്ലെന്നാണ് കരുതുന്നത്. അഞ്ചു മയക്കുവെടി വെച്ചത് ആരോഗ്യത്തെ ബാധിക്കില്ല. ശരീരത്തിലുള്ള മുറിവുകൾക്ക് ചികിത്സ നൽകിയിട്ടുണ്ട്. അരിക്കൊമ്പനെ പുതിയ സ്ഥലത്തേക്ക് മാറ്റുമ്പോൾ കുമളിയിൽ ഉൾപ്പെടെ എല്ലായിടത്തും ലഭിച്ച സ്വീകരണം വലിയൊരു മാതൃകയാണെന്നും അവർ പറഞ്ഞു.
10 ലുധിയാന വാതക ചോർച്ച ദുരന്തം; 11 മരണം
പഞ്ചാബിലെ ലുധിയാനയിൽ ഡയറി ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ 11 പേർക്ക് ജീവൻ നഷ്ടമായി. 4 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷവും, ആശുപത്രിയിലുള്ളവർക്ക് 50000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകാരണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് പറഞ്ഞു. രാവിലെ ഏഴേകാലോടെയാണ് ഗിയാസ്പുരയിലെ ഗോയൽ മിൽക്ക് പ്ലാന്റില് വാതകം ചോർന്നത്. 300 മീറ്റർ ചുറ്റളവിൽ വാതകം പടർന്നു. മരിച്ചവരിൽ ഒരു കുടുംബത്തിലെ നാല് പേരും മൂന്ന് കുട്ടികളും ഉൾപ്പെടും. വിഷവാതകമാണ് ചോർന്നതെന്നും, മരിച്ചുവീണവരുടെ മൃതദേഹങ്ങൾ നീല നിറത്തിലായെന്നും പ്രദേശവാസികൾ പറഞ്ഞു.