കടുംവെട്ടുമായി സിദ്ധരാമയ്യ, തൊപ്പി തെറിച്ച സിഐ, കൂട്ടാവാന്‍ സിപിഎമ്മും കോണ്‍ഗ്രസും, വിവാദം - 10 വാര്‍ത്തകള്‍

ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവരെക്കുറിച്ച് മന്ത്രി അബ്ദുറഹ്മാന്‍റെ 'വാ വിട്ട വാക്കിനെ' ചൊല്ലിയുള്ള വിവാദമാണ് മറ്റൊരു വാര്‍ത്ത. ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തിലെ ട്വിസ്റ്റ്, പൊലീസിനെ വെട്ടിച്ച് മുങ്ങിയ തട്ടിപ്പു വീരന്‍, സംഘപരിവാറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയതടക്കം അറിയാം ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍.

todays top ten news 9-1-2023

തിരുവനന്തപുരം: കർണാടകയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളില്‍ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ കോലാറിൽ നിന്ന് ജനവിധി നേടുമെന്ന് സിദ്ധരാമയ്യ ഇന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.  ഹൈക്കമാന്റിനെ മറികടന്നാണ് സിദ്ധരാമയ്യയുടെ നീക്കം. ഉടക്കി നില്‍ക്കുന്ന സിദ്ധരാമയ്യുടെ നീക്കങ്ങളെന്തെന്നറിയാതെ വലയുകയാണ് കോണ്‍ഗ്രസും ഹൈക്കമാന്‍ഡും.

അതിനിടെ സിദ്ധരാമയ്യയെക്കുറിച്ച് പുസ്തകം പുറത്തിറക്കാൻ കർണാടക ബിജെപി മന്ത്രി നടത്തിയ ശ്രമങ്ങളും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. സിദ്ധരാമയ്യയുടെ ഭരണകാലത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നതാണ് പുസ്തകം. സിദ്ധരാമയ്യയെ ടിപ്പുസുൽത്താന്‍റെ വേഷത്തിൽ ചിത്രീകരിക്കുന്ന ഒരു കാർട്ടൂണാണ് പുസ്തകത്തിന്‍റെ കവറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  അതേസമയം   സിദ്ധരാമയ്യക്കെതിരായ പുസ്തകത്തിന്‍റെ പ്രകാശനം അവസാന നിമിഷം കോടതി തടഞ്ഞിട്ടുണ്ട്. തൃപുരയില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനായുള്ള ചര്‍ച്ചകളിലാണ് സിപിഎം.  കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച് ചർച്ച ചെയ്യാന്‍   ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ത്രിപുരയില്‍ സംസ്ഥാന സമിതി യോഗം തുടരുകയാണെന്നതാണ് ദേശീയ തലത്തിലുള്ള ഒരു പ്രധാന വാര്‍ത്ത.

കേരളത്തിലേക്കേത്തിയാല്‍ ബലാത്സംഗകേസിലെ പ്രതിയായ സിഐ സുനുവിനെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ട് ഇന്ന് ഉത്തരവിറങ്ങി. ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവരെക്കുറിച്ച് മന്ത്രി അബ്ദുറഹ്മാന്‍റെ വാ വിട്ട വാക്കിനെ ചൊല്ലിയുള്ള വിവാദമാണ് മറ്റൊരു വാര്‍ത്ത. ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തിലെ ട്വിസ്റ്റ്, പൊലീസിനെ വെട്ടിച്ച് മുങ്ങിയ തട്ടിപ്പു വീരന്‍, സംഘപരിവാറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയതടക്കം അറിയാം ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍.

1. ഹൈക്കമാന്റിനെ മറികടന്ന് സിദ്ധരാമയ്യ, കോലാറിൽ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപനം

ഹൈക്കമാന്റിനെ മറികടന്ന് കർണാടകയിൽ നിർണായക നീക്കവുമായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ കോലാറിൽ നിന്ന് ജനവിധി നേടുമെന്ന് പ്രഖ്യാപിച്ചു. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇത് വരെ പുറത്ത് വന്നിട്ടില്ലെന്നിരിക്കെയാണ് ഹൈക്കമാന്റിനെ മറികടന്ന് മുൻ കർണാടക മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം. ബദാമിയിൽ നിന്നായിരുന്നു നേരത്തെ സിദ്ധരാമയ്യ മത്സരിച്ച് വിജയിച്ചത്.    

2. സിപിഎം - കോണ്‍ഗ്രസ് സഹകരണം: ത്രിപുരയില്‍ നിര്‍ണ്ണായക ചര്‍ച്ച, അന്തിമ തീരുമാനം അടുത്ത പിബിയില്‍

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച് ചർച്ച ചെയ്യാന്‍ സിപിഎമ്മിന്‍റെ  നിർണായക യോഗം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ത്രിപുരയില്‍ സംസ്ഥാന സമിതി യോഗം തുടരുകയാണ്. പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ത്രിപുരയിൽ ബിജെപിക്കെതിരായ വോട്ട് വിഭജിക്കപ്പെടാതെ പ്രതിപക്ഷ മുന്നണി രൂപപ്പെടുത്തണമെന്ന അഭിപ്രായം കോണ്‍ഗ്രസിലും സിപിഎമ്മിലും സജീവമാണ്. എന്നാല്‍ കേരളത്തില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ എങ്ങനെ സഖ്യം രൂപികരിക്കുമെന്നതാണ് ഇരു പാര്‍ട്ടികളുടെയും തലവേദന.  


3. 'ഇന്ത്യയിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുന്നു'; സംഘപരിവാറിനും കേന്ദ്രത്തിനുമെതിരെ പിണറായി

ഒരു കാലത്ത് ഉപേക്ഷിച്ച അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് കേരള മുഖ്യമന്ത്രി  പിണറായി വിജയൻ. പലതിനും ഇരയാകുന്നത് സ്ത്രീകളാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിൽ സ്ത്രീകളുടെ അവകാശം ഇല്ലാതാക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അക്രമിയെ കുറ്റപ്പെടുത്തുന്നതിന് പകരം അക്രമത്തിന് ഇരയായ സ്ത്രീയെ കുറ്റപ്പെടുത്താൻ ശ്രമം കാണുന്നു. കുറ്റവാളികളെ സംഘപരിവാർ മഹത്വവൽകരിക്കുന്നു. ഫത്വ കേസിലെ പ്രതികൾക്ക് വേണ്ടി റാലി തന്നെ സംഘടിപ്പിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതിയെ അദ്ദേഹം വിമർശിച്ചു. കേന്ദ്രസർക്കാർ ഒരു വിഭാഗം ജനത്തെ ഭീതിയിലാഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നുവെന്നും പിണറായി ആരോപിച്ചു.

4. ബലാത്സംഗ കേസ് പ്രതി ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചു വിട്ടു 

ബലാത്സംഗമടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്നും പിരിച്ചു വിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയിൽ നിന്നും പിരിച്ചുവിടുന്നത്. 15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്പെൻഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. തുടർച്ചയായി കുറ്റകൃത്യം ചെയ്യുന്ന, ബലാൽസംഗം ഉൾപ്പെടെ ക്രിമിനൽ കേസിൽ പ്രതിയ വ്യക്തിക്ക് പൊലീസിൽ തുടരാൻ യോഗ്യതയില്ലെന്ന് നടപടിയെടുത്ത ഡിജിപി ഉത്തരവിൽ വ്യക്തമാക്കി. 

5. കാസർകോട്ടെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമികനിഗമനം, ആത്മഹത്യാക്കുറിപ്പും മൊബൈൽ വിവരങ്ങളും കണ്ടെടുത്തു

കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളിൽ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യ സൂചന നൽകിയത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടേത് ആത്മഹത്യയെന്നതിലേക്ക് പൊലീസെത്തിയത്

6. 'പട്ടിണി കിടക്കുന്നവൻ വോട്ട് ചെയ്തിട്ടാണ് മന്ത്രി ആയത്, നികുതി കുറക്കണം മാപ്പും പറയണം'; അബ്ദുറഹ്മാനെതിരെ ഷാഫി

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുള്ള കായിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ രംഗത്ത്. പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്ന മന്ത്രിയുടെ വാക്കുകൾ അധികാരം തലക്ക് പിടിച്ചതിന്‍റെയാണെന്ന് ഷാഫി അഭിപ്രായപ്പെട്ടു. പട്ടിണി കിടക്കുന്നവൻ കൂടി വരിവരിയായി നിന്ന് വോട്ട് ചെയ്തിട്ടാണ് താങ്കൾ മന്ത്രി ആയതെന്ന് ഓർക്കണമെന്നും അധികാരം തലക്ക് പിടിച്ച മന്ത്രി നികുതിയും കുറക്കണമെന്നും മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.

7. 'ഞാൻ മതേരതരവാദി, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിട്ടില്ല'; എൻഎസ്എസിന് ചെന്നിത്തലയുടെ മറുപടി  

എൻഎസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഉയർത്തിയ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'നായർ ബ്രാൻഡ്' ആയി തന്നെ ആരും പ്രൊജക്ട് ചെയ്തിട്ടില്ലെന്നും കോൺഗ്രസ് പാർട്ടിയും താനും എന്നും ഉയർത്തിപ്പിടിക്കുന്നത് മതേതര നിലപാടാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ചത് കൊണ്ടാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും യുഡിഎഫ് തോറ്റതെന്ന സുകുമാരൻ നായരുടെ വിമർശനം ചെന്നിത്തല തള്ളി.

8. കോട്ടയത്തെ യുവതിയുടെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു: ഹോട്ടലുടമകളെ കേസിൽ പ്രതി ചേര്‍ത്തു

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ച സംഭവത്തിൽ രാസപരിശോധന ഫലം പുറത്ത്. ഭക്ഷ്യവിഷബാധയേറ്റാണ് യുവതി മരിച്ചതെന്ന് പരിശോധനഫലത്തിൽ വ്യക്തമായി. ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ കേസിൽ ഹോട്ടൽ ഉടമകളെ പൊലീസ് പ്രതി ചേർത്തു. ഒളിവിലുള്ള ഹോട്ടലുടമകൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വിശദമായ ഫോറൻസിക് റിപ്പോർട്ട് ഉടനെ അന്വേഷണസംഘത്തിന് കൈമാറും. കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി കഴിഞ്ഞ മാസം 29നാണ് ഓൺലൈനിലൂടെ കോട്ടയം സംക്രാന്തി പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചത്.

9. നിക്ഷേപ തട്ടിപ്പ്: ഫ്ലാറ്റിൽ നിന്ന് മുങ്ങി പ്രവീൺ റാണ, കൊച്ചിയിൽ നിന്ന് നാല് വാഹനങ്ങൾ പിടിച്ചെടുത്തു

സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെ നാല് വാഹനങ്ങൾ പിടിച്ചെടുത്തു. കൊച്ചിയിൽ നിന്നാണ് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തത്. കലൂരിലെ ഫ്ളാറ്റിൽ നിന്ന് റാണ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. പൊലീസെത്തുമ്പോൾ റാണ ഫ്ളാറ്റിലുണ്ടായിരുന്നു. പരിശോധനകൾക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോൾ റാണ മറ്റൊരു ലിഫ്റ്റിൽ രക്ഷപെടുകയാണ് ഉണ്ടായത്. ഫ്ളാറ്റിലുണ്ടായിരുന്ന കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. അതേസമയം സേഫ് ആൻഡ് സ്ട്രോങ്ങിന്റെ മണ്ണാർക്കാട് ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി.

10. ബത്തേരിയെ വിറപ്പിച്ച കാട്ടുകൊമ്പൻ ഒടുവിൽ കുരുങ്ങി: പിഎം2-വിനെ മയക്കുവെടി വച്ച് വീഴ്ത്തി

ദിവസങ്ങളായി സുൽത്താൻ ബത്തേരി ടൗണിൽ ജനങ്ങളെ ഭയപ്പെടുത്തി വിലസിയ കാട്ടുകൊമ്പൻ പിഎം 2-വിനെ ഒടുവിൽ പിടികൂടി വനവകുപ്പ്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ആനയെ വളഞ്ഞ് വനപാലകര്‍ മയക്കുവെടിവച്ചത്. ബത്തേരിയിൽ നിന്നും 16 കിലോമീറ്റര്‍ മാറി മുത്തങ്ങയിലുള്ള ആനപ്പന്തിയിലെ കൂട്ടിലേക്കാവും പിഎം 2-നെ മാറ്റുക. വനമേഖലയിലും ഇടയ്ക്ക് ജനവാസമേഖലയിലുമായി അതിവേഗം നീങ്ങുകയായിരുന്ന പിഎം ടുവിനെ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വനംവകുപ്രപ്പ് പിന്തുടര്‍ന്ന് നിരീക്ഷിച്ചു വരികയായിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios