Asianet News MalayalamAsianet News Malayalam

'ചിന്ത'യില്ലാതെ ശമ്പളം, ഗുലാം നബിക്ക് തിരിച്ചടി, നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്, ഉടക്കി ഗവര്‍ണര്‍- 10 വാര്‍ത്ത

ചാന്‍സിലര്‍ ബില്ലിനെ ചൊല്ലി വീണ്ടും സര്‍ക്കാരും ഗവര്‍ണറും കൊമ്പു കോര്‍ക്കുകയാണ്.  ആലപ്പുഴയില്‍ അയ്യപ്പ സംഘത്തിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ യുവാവ് ആക്രമിച്ചതും ഗുലാം നബി ആസാദിനൊപ്പം പാര്‍ട്ടി വിട്ട നേതാക്കള്‍  കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചെത്തിയതുമടക്കം ഇന്നത്തെ പ്രധാന പത്തുവാര്‍ത്തകള്‍ ഏതൊക്കെയെന്ന് നോക്കാം.

todays top ten news 5-1-2023
Author
First Published Jan 5, 2023, 6:04 PM IST | Last Updated Jan 6, 2023, 8:03 AM IST

തിരുവനന്തപുരം:   സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകാനുള്ള സർക്കാർ തീരുമാനം വിവാദമാവുകയാണ്. പതിനൊന്ന് മാസത്തെ ശമ്പളകുടിശ്ശികയായി അഞ്ചര ലക്ഷം രൂപ അനുവദിക്കാനാണ് ഉത്തരവ്. മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകണമെന്ന് ചിന്ത ജെറോ ആവശ്യപ്പെട്ടെങ്കിലും  ധനവകുപ്പും യുവജനക്ഷേമവകുപ്പും ആദ്യം നിരസിക്കുകയായിരുന്നു. വീണ്ടും ധനവകുപ്പിനെ അപേക്ഷയുമായി സമീപിച്ചപ്പോഴാണ് 11 മാസത്തെ കുടിശ്ശിക നൽകാനുള്ള പ്രത്യേക തീരുമാനം എടുത്തത്.  ചിന്താ ജെറോമിന്‍റെ  ശമ്പളം ഇരട്ടിയാക്കി വർദ്ധിപ്പിച്ച നടപടി യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻറെ പ്രതികരണം. അഴിമതിയിലും, ധൂർത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണെന്നും സുരേന്ദ്രന്‍ പറയുന്നു 

ചാൻസലർ ബില്ലിൽ തീരുമാനം എടുക്കാതെ കഴിഞ്ഞ സഭ സമ്മേളനത്തില്‍ പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ  ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതാണ് മറ്റൊരു പ്രധാന വാര്‍ത്ത. ചാന്‍സിലര്‍ ബില്ലിനെ ചൊല്ലി വീണ്ടും സര്‍ക്കാരും ഗവര്‍ണറും കൊമ്പു കോര്‍ക്കുകയാണ്.  ആലപ്പുഴയില്‍ അയ്യപ്പ സംഘത്തിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ യുവാവ് ആക്രമിച്ചതും ഗുലാം നബി ആസാദിനൊപ്പം പാര്‍ട്ടി വിട്ട നേതാക്കള്‍  കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചെത്തിയതുമടക്കം ഇന്നത്തെ പ്രധാന പത്തുവാര്‍ത്തകള്‍ ഏതൊക്കെയെന്ന് നോക്കാം.

1. യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക, അഞ്ചര ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകാൻ സർക്കാർ തീരുമാനം.പതിനൊന്ന് മാസത്തെ ശമ്പളകുടിശ്ശികയായി അഞ്ചര ലക്ഷം രൂപ അനുവദിക്കാനാണ് ഉത്തരവ്. 2016ൽ ചിന്ത ജെറോം ചുമതലയേൽക്കുമ്പോൾ ശമ്പളം അൻപതിനായിരം രൂപയായിരുന്നു. 2018 മെയ്യിൽ കമ്മീഷൻ ചട്ടം രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തി. മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകണമെന്ന് ചിന്ത ജെറോ ആവശ്യപ്പെട്ടെങ്കിലും  ധനവകുപ്പും യുവജനക്ഷേമവകുപ്പും ആദ്യം നിരസിക്കുകയായിരുന്നു. വീണ്ടും ധനവകുപ്പിനെ അപേക്ഷയുമായി സമീപിച്ചപ്പോഴാണ് 11 മാസത്തെ കുടിശ്ശിക നൽകാനുള്ള പ്രത്യേക തീരുമാനം എടുത്തത്.

2. യുവജന കമ്മീഷൻ ചട്ടങ്ങൾ മറികടന്ന് ഒരു തുകയും വാങ്ങിയിട്ടില്ല,തെളിവുകളില്ലാത്ത വാർത്തകളാണ് പുറത്തു വരുന്നത്'

സാമ്പത്തിക പ്രതിസന്ധിക്കിടെ ശമ്പളകുടിശ്ശികയായി എട്ടരലക്ഷം രൂപ അനുവദിച്ചതിലെ വിവാദങ്ങള്‍ തള്ളി യുവജനകമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം രംഗത്ത് വന്നു. ശമ്പളമില്ലാതെയാണ് ആദ്യ ഘട്ടങ്ങളിൽ പ്രവർത്തിച്ചത്.തെളിവുകളില്ലാത്ത വാർത്തകളാണ് പുറത്തു വരുന്നത്.2018 മെയ് 26 നാണ് ശമ്പളം ഒരു ലക്ഷമാക്കിയുള്ള ചട്ടം വന്നത്.32 ലക്ഷം ലഭിക്കുമെന്നുള്ള വാർത്ത എന്ത് അടിസ്ഥാനത്തിൽ ആണ് പുറത്തു വരുന്നത്. മുൻ അധ്യക്ഷൻ ആർ. വി രാജേഷ് കേസുമായി മുന്നോട്ട് പോവുകയായിരുന്നു.അതിൽ വന്ന വിധിയിലാണ് തന്നിലേക്കുള്ള ആരോപണങ്ങളും പൊട്ടിപ്പുറപ്പെട്ടത്.ആർ.വി രാജേഷിന് ശമ്പള കുടിശ്ശിക അനുവദിക്കാൻ കോടതി ഉത്തരവായി.അല്ലാതെ ഒരു തുകയും ഞാൻ കൈപ്പറ്റിയിട്ടില്ല- ചിന്ത പറയുന്നു.

3. 'ചിന്ത ജെറോമിന്‍റെ ശമ്പളം ഇരട്ടിയാക്കിയത് യുവജനങ്ങളോടുള്ള വെല്ലുവിളി, അഴിമതിയിലും, ധൂർത്തിലും കേരളം ഒന്നാമത്'

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനമായ കേരളത്തിൽ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്‍റെ  ശമ്പളം ഇരട്ടിയാക്കി വർദ്ധിപ്പിച്ച നടപടി യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അഴിമതിയിലും, ധൂർത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണെന്നും കൊല്ലത്ത് ബിജെപി ദക്ഷിണമേഖലാ നേത്യയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ജോലിയില്ലാതെ യുവാക്കൾ വലയുമ്പോൾ മുൻകാല പ്രാബല്ല്യത്തിൽ സിപിഎമ്മുകാരിയായ യുവജന കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് ശമ്പളം ഇരട്ടിയാക്കിയത് യുവജന വഞ്ചനയാണ്- സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

4. ചാൻസലർ ബില്ലിൽ തീരുമാനം എടുക്കാതെ ഗവർണർ; കഴിഞ്ഞ സഭ സമ്മേളനത്തില്‍ പാസ്സാക്കിയ മറ്റ് ബില്ലുകള്‍ ഒപ്പിട്ടു

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ തീരുമാനം എടുക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ സഭ സമ്മേളനത്തില്‍ പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടു. ചാൻസലർ ബില്ലിൽ രാജ്ഭവൻ നേരത്തെ നിയമപദേശം തേടിയിരുന്നു. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം. വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല എന്നായിരുന്നു ഗവർണറുടെ നിലപാട്.

5. ആലപ്പുഴയിൽ അയ്യപ്പസംഘത്തെ ആക്രമിച്ചത് പെൺകുട്ടികൾ ബൈക്കിൽ ഇരുന്നതിന്; പ്രതി പിടിയിൽ

അയ്യപ്പസംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഇരവുകാട് സ്വദേശി അർജുൻ കൃഷ്ണയാണ് പിടിയിലായത്. അർജ്ജുന്റെ ബൈക്കിലിരുന്നതിനാണ് പെൺകുട്ടിയെ തള്ളി താഴെയിട്ടത്. തന്റെ ബൈക്കിൽ കുട്ടിയിരുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അർജുൻ പൊലീസിനോട് പറഞ്ഞു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടക സംഘത്തിന് നേരെ ഇന്നലെയാണ് ആലപ്പുഴ കളര്‍കോട് വെച്ച് ആക്രമണം ഉണ്ടായത്.

6. ഗുലാം നബിക്കൊപ്പം കോൺഗ്രസ് വിട്ട നേതാക്കൾ തിരിച്ച് വരുന്നു

ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് വിട്ട നേതാക്കൾ തിരിച്ച് വരുന്നു. മൂന്ന് പ്രധാന നേതാക്കളും, അനുയായികളും നാളെ കോൺഗ്രസിൽ ചേരുമെന്ന് നേതൃത്വം അറിയിച്ചു. സംഘടന വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയവരാണ് ഇവരെന്ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി പ്രതികരിച്ചു. നേരത്തെ, കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന വാർത്ത കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദ് തള്ളിയിരുന്നു.

7. നയന കേസ്: കൊലപാതകമെന്ന് സംശയമെന്ന് എഡിജിപി, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എം ആർ അജിത്ത് കുമാർ. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട്. വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്കു രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഡിസിആർബി അസി.കമ്മീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ.

8. സംസ്ഥാനത്ത് ഹോട്ടലുകളിൽ മിന്നൽ പരിശോധന; പഴകിയ ഭക്ഷണം, എണ്ണ, കേടായ മാംസം പിടികൂടി

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. പാലക്കാട്, കൽപ്പറ്റ, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി നഗരത്തിൽ  ആരോഗ്യവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ബസ് സ്റ്റാന്റ് പരിസരത്ത് പ്രവൃത്തിക്കുന്ന പാലക്കാടൻ ബേക്കറി, റോളക്സ് ഹോട്ടൽ, അറഫാ ഹോട്ടൽ, മിഥില തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഹോട്ടലുകൾക്ക് ഭക്ഷ്യസുരാക്ഷ വിഭാഗം നോട്ടീസ് നൽകി.  വയനാട് കൽപ്പറ്റയിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഫ്രണ്ട്സ് ഹോട്ടൽ, ടേസ്റ്റ് ആൻ്റ് മിസ്റ്റ്, ബെയ്ച്ചോ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. 

9. കെഎസ്ആ‍ർടിസിക്ക് ആശ്വാസം: പരസ്യം നൽകാനുള്ള അവകാശം സംരക്ഷിക്കുമെന്ന് സുപ്രീംകോടതി

പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ  അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി.  പരസ്യം പതിക്കുന്നത് സംബന്ധിച്ച സ്‌കീം നൽകാൻ കെഎസ്ആർടിസിയോട് സുപ്രീം കോടതി നിർദേശിച്ചു. ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് സ്കീമിൽ വിശദീകരിക്കേണ്ടത്. സ്‌കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

10. കലോത്സവത്തിലെ ദൃശ്യാവിഷ്കാര വിവാദം: വികലമായ മനസ്സ്, മാപ്പ് അർഹിക്കാത്ത തെറ്റെന്നും കുഞ്ഞാലിക്കുട്ടി

 കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാര വിവാദത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. മാപ്പ് അർഹിക്കാത്ത തെറ്റ് ആണ് സർക്കാർ ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. കംപോസ് ചെയ്തവരുടെ വികലമായ മനസ്സ് ആവാം ഇതിന് കാരണം. തിരിച്ചറിയാൻ കഴിയാത്തത് മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയെന്ന ആരോപിച്ച് മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios