വേദനയായി പി ആർ പ്രദീപ്, മണിപ്പൂരിലെ മലയാളി ആശങ്ക, 500% വളർന്ന പ്രസാഡിയോ! ഉമ്മൻചാണ്ടിയുടെ ചികിത്സ: 10 വാർത്ത
ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിലറിയാം... ചുവടെ
1 മണിപ്പൂർ സംഘർഷം: ആശങ്കയോടെ മലയാളി വിദ്യാർത്ഥികൾ; ദില്ലി വഴി നാട്ടിലെത്തിക്കുമെന്ന് കെവി തോമസ്
മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മലയാളി വിദ്യാർത്ഥികളെ ദില്ലി വഴി നാട്ടിലേക്ക് എത്തിക്കാൻ ശ്രമം പുരോഗമിക്കുന്നു. ദില്ലിയിലുള്ള കേരളത്തിന്റെ സ്പെഷൽ ഓഫീസർ പ്രൊഫ കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്. മണിപ്പൂരിലുള്ള ഒൻപത് മലയാളി വിദ്യാർഥികൾ സർക്കാരുമായി ബന്ധപ്പെട്ടു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മണിപ്പൂരിലെ സർവകലാശാലകളിലും സംഘർഷം നടക്കുന്നുവെന്നാണ് മലയാളി വിദ്യാർത്ഥികൾ വ്യക്തമാക്കിയിരിക്കുന്നത്. മണിപ്പൂരിൽ സംഘർഷം നടക്കുന്ന വിഭാഗങ്ങലിൽപ്പെട്ട വിദ്യാർത്ഥികൾ തമ്മിലാണ് സർവകലാശാലകളിലും സംഘർഷം നടക്കുന്നത്. സർവകലാശാലകളിലെ പല ഡിപ്പാർട്ട്മെന്റുകളും അടിച്ചു തകർത്ത അക്രമികൾ വാഹനങ്ങൾ കത്തിച്ചുവെന്നും ഹോസ്റ്റലുകളിലും സംഘർഷമാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
2 സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തീപിടുത്തം; ആറ് മരണം, രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു
സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ ആറ് മരണം. അപകടത്തിൽ രണ്ട് മലയാളികളടക്കമുള്ളവരാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. രണ്ട് മലയാളികള്‍ക്ക് പുറമെ രണ്ട് തമിഴ് നാട് സ്വദേശികളും ഗുജറാത്ത്, മഹാരാഷ്‍ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
3 സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ് മരിച്ച നിലയിൽ
സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ ആണ് മൃതദേഹം കണ്ടത്. ഇന്ന് വൈകിട്ട് ആണ് സംഭവം. കുറെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നു സഹപ്രവർത്തകർ പറഞ്ഞു. 3 മണിക്ക് ഏരിയ കമ്മിറ്റി യോഗം വിളിച്ചിരുന്നു. കമ്മിറ്റിക്ക് എത്താതിരുന്നതിനെ തുടർന്ന് പാർട്ടി നേതാക്കൾ അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
റോഡിലെ ക്യാമറ ക്രമക്കേടിൽ ആരോപണ വിധേയരായ പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. കമ്പനി മാനേജിംഗ് ഡയറക്ടർ സുരേന്ദ്രകുമാർ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് 20 ലക്ഷം രൂപ സംഭാവന നൽകിയതിന്റെ രേഖകളും പുറത്ത് വന്നു. കമ്പനിയുടെ 99.5 ശതമാനം ഓഹരികളും എംഡി സുരേന്ദ്രകുമാറിന്റെ പേരിലാണുള്ളത്. ചർച്ചകൾക്ക് നേതൃത്വം നൽകിയ രാംജിത്തിന്റെ പേരിലുള്ളത് ദശാംശം 5% ഓഹരികൾ മാത്രമാണ്. മുഖ്യമന്ത്രിയുടെ മകൻറെ ഭാര്യ പിതാവുമായി കമ്പനി ഒന്നിലേറെ വട്ടം ഇടപാടുകൾ നടത്തിയതായും രേഖകൾ തെളിയിക്കുന്നു. കമ്പനിയുടെ വളർച്ച 500 മടങ്ങാണെന്നാണ് വ്യക്തമായ മറ്റൊരു കാര്യം.
എഐ ക്യാമറ വിവാദത്തിലും കെ ഫോണ്‍ ഇടപാടിലും വലിയ അഴിമതിയെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാ ഇടപാടുകളും പ്രസാഡിയോയിലേക്ക് എത്തുന്നതെങ്ങിനെയെന്ന് അദ്ദേഹം ചോദിച്ചു നോക്കിനില്‍ക്കുന്ന പ്രസാഡിയോക്ക് 60 ശതമാനം ലാഭം.പണം മുടക്കുന്ന കമ്പനിക്ക് 40 ശതമാനം ലാഭം.ഇത് എവിടുത്തെ ഏര്‍പ്പാടാണ്? ഉപകരാര്‍ ആര്‍ക്കാണെന്ന് സര്‍ക്കാര്‍ അറിയേണ്ടേ? വ്യവസായ മന്ത്രി ദയവുചെയ്ത് രേഖകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം റോഡിലെ ക്യാമറ വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി വ്യവസായ മന്ത്രി പി രാജീവ് രംഗത്തെത്തി. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്ന് വിമര്‍ശിച്ച പി രാജീവ്, ഏത് അന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറെന്നും മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വിശദീകരണം നല്‍കാമെന്നും രേഖകള്‍ കെല്‍ട്രോണ്‍ പുറത്തുവിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ സര്‍ക്കാര്‍ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
6 എൻസിപിയിൽ തലമുറമാറ്റമില്ല; രാജി പിൻവലിച്ച് ശരദ് പവാർ, അധ്യക്ഷ സ്ഥാനത്ത് തുടരും
എൻസിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ശരദ് പവാർ പിൻവലിച്ചു. ഇതോടെ പാർട്ടിയിൽ തലമുറ മാറ്റത്തിനുള്ള സാധ്യതകൾ താത്കാലികമായി അടഞ്ഞു. ശരദ് പവാർ തന്നെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടരും. ശരദ് പവാർ രാജി പിൻവലിച്ച് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി എത്തണമെന്ന് എൻസിപി നേതാക്കൾ പ്രമേയം പാസാക്കിയിരുന്നു. മുംബൈയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഐകകണ്ഠേനയുള്ള തീരുമാനം. എൻസിപിയിലെയും മറ്റ് പാർട്ടികളിലെയും നേതാക്കൾ ഒരേ സ്വരത്തിൽ പവാർ തുടരണമെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് യോഗ ശേഷം പ്രഫുൽ പട്ടേൽ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പവാർ തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയത്.
7 'ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ': പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കർണാടക അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രചാരണ ആയുധമാക്കി കേരള സ്റ്റോറി സിനിമയെ ഉപയോഗിക്കുന്നുണ്ട്. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു ഘട്ടത്തിൽ തൊട്ടടുത്ത് കേരളമാണെന്ന് പ്രസംഗിച്ചത് വൻ വിവാദമായിരുന്നു. അമിത് മാളവ്യ അടക്കം ബിജെപിയുടെ മറ്റ് നേതാക്കളും കേരളാ സ്റ്റോറി സിനിമയെ അനുകൂലിച്ചും പ്രശംസിച്ചും രംഗത്ത് വന്നിരുന്നു.
8 നരേഷ് ഗോയലിന്റെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്; മുംബൈയില്‍ 7 ഇടങ്ങളിൽ പരിശോധന
ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ്. മുംബൈയിൽ 7 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, കമ്പനി മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികൾ റെയ്ഡ് ചെയ്തു. കനറാ ബാങ്ക് നൽകിയ തട്ടിപ്പ് കേസിലാണ് നടപടി. ബാങ്ക് നൽകിയ പണം വക മാറ്റി ചെലവഴിച്ചതടക്കമാണ് കേസ്.
9 തമിഴ്‌നാട്ടിൽ വീട് ഭാഗികമായി തകർത്ത് ആന; അരിക്കൊമ്പനെന്ന് സംശയം; അരി തിന്നെന്ന് തൊഴിലാളികൾ
കേരള തമിഴ്നാട് അതിർത്തിയിലെ വീട് തകർത്തത് അരിക്കൊമ്പനെന്ന് സംശയം. വീടിന്റെ കതക് തകർത്ത് അരിയും തിന്നതോടെയാണ് അരിക്കൊമ്പനാണ് ഇതിന് പിന്നിലെന്ന് സംശയം ഉയർന്നത്. തമിഴ്നാട്ടി മേഖമലയ്ക്ക് സമീപമുള്ള ഇരവങ്കലാർ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ് ആന തകർത്തത്. കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെ ലയമാണ് തകർത്തതെന്നാണ് വിവരം. ഇവിടെ ലയത്തിനകത്ത് സൂക്ഷിച്ചിരുന്ന അരി ആന കഴിച്ചതായി തൊഴിലാളികൾ പറഞ്ഞു.
10 ഉമ്മൻചാണ്ടി വീണ്ടും ആശുപത്രിയിൽ; വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചു, സന്ദർശകർക്ക് നിയന്ത്രണം
ബെംഗളുരുവിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്‍സിജി ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി ചികിത്സയിലുള്ളത്. അദ്ദേഹത്തിന് വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.