Kerala Rain : കണ്ണൂരും എറണാകുളത്തും കൂടി അവധി പ്രഖ്യാപിച്ചു; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ആലപ്പുഴ , പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂർ , പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കണ്ണൂരും എറണകുളത്തുമാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ നാളെ സംസ്ഥാനത്ത് മൊത്തം ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിട്ടുണ്ട്. ആലപ്പുഴ , പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂർ , പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ നാളെയും അതിതീവ്ര മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
മഴ ശക്തം, 6 ഡാമുകളിൽ റെഡ് അലർട്ട്, കൂടുതൽ ഷട്ടറുകൾ തുറക്കുന്നു; ജാഗ്രതാ നിർദ്ദേശം
ആലപ്പുഴ കളക്ടറുടെ അറിയിപ്പ്
ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസറ്റ് 5 ന് അവധി ആയിരിക്കും.
പത്തനംതിട്ട കളക്ടറുടെ അറിയിപ്പ്
അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുകയും ശക്തമായ മഴ പെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് അഞ്ചിന് (5/08/22) അവധി ആയിരിക്കും. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
കോട്ടയം കളക്ടറുടെ അറിയിപ്പ്
കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2022 ഓഗസ്റ്റ് 5) അവധിയായിരിക്കും.
ഇടുക്കി കളക്ടറുടെ അറിയിപ്പ്
ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (5/08/22) അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. എന്നാൽ അവധി മൂലം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
എറണാകുളം കളക്ടറുടെ അറിയിപ്പ്
എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (05/08/22) അവധിയായിരിക്കും.
തൃശൂർ കളക്ടറുടെ അറിയിപ്പ്
മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസറ്റ് 5 ന് അവധിയായിരിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് കളക്ടറുടെ അറിയിപ്പ്
പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസറ്റ് 5 ന് അവധിയായിരിക്കും. ജില്ലയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കും നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
വയനാട് കളക്ടറുടെ അറിയിപ്പ്
വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ ( വെള്ളി ) അവധി ആയിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂർ കളക്ടറുടെ അറിയിപ്പ്
കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിന് മുകളിൽ 'അന്തരീക്ഷ ചുഴി'; മഴ ഭീഷണി അകലുന്നില്ല, വരും ദിനങ്ങളിലും ശക്തമായി തുടരാൻ സാധ്യത