Kerala Rain: കേരളത്തിന് മുകളിൽ 'അന്തരീക്ഷ ചുഴി'; മഴ ഭീഷണി അകലുന്നില്ല, വരും ദിനങ്ങളിലും ശക്തമായി തുടരാൻ സാധ്യത

ഓഗസ്റ്റ് 3 മുതൽ 7 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 3 മുതൽ 5 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യത എന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്

today 3 08 2022 weather report in kerala, heavy rain continues next days

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് (റെഡ് അലർട്ട്) പിൻവലിച്ചെങ്കിലും മഴ ഭീഷണി അകലുന്നില്ല. കേരളത്തിന് മുകളിൽ അന്തരീക്ഷ ചുഴി നിലനിൽക്കുന്നതും തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതിനാലും കേരളത്തിൽ വരും ദിവസങ്ങളിലും മഴ ശക്തമായി തുടരാനാണ് സാധ്യത. ഇത് പ്രകാരം ഓഗസ്റ്റ് 3 മുതൽ 7 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 3 മുതൽ 5 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യത എന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

തീവ്രമഴ മുന്നറിയിപ്പില്ല, തലസ്ഥാനമടക്കം 3 ജില്ലയിൽ വലിയ ആശ്വാസം; അതിതീവ്ര മഴ സാധ്യത ഒരിടത്തുമില്ല

അതേസമയം പെരുമഴയ്ക്ക് ശമനമായതോടെ സംസ്ഥാനം നിലവിൽ ആശ്വാസതീരത്താണ്. അതിൽ തന്നെ തലസ്ഥാനമടക്കം മൂന്ന് ജില്ലകളിലാണ് വലിയ ആശ്വാസം. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിലാണ് വലിയ ആശ്വാസം. ഈ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുപോലും (ഓറഞ്ച് അലർട്ട്) നിലവിലില്ല. സംസ്ഥാനത്ത് മറ്റ് ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് (റെഡ് അലർട്ട്) ഇപ്പോളില്ല. രാവിലെ ചില ജില്ലകളിൽ റെഡ് അലർട്ട് ഉണ്ടായിരുന്നെങ്കിലും കനത്ത മഴയ്ക്ക് ശമനമായതോടെ റെഡ‍് അലർട്ട് പിൻവലിക്കുകയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതേസമയം സംസ്ഥാനത്ത് മഴ ഭീഷണി പൂ‍ർണമായും മാറാത്ത സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. ഇടുക്കിയില്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ട തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. മഹാത്മാഗാന്ധി സർവ്വകലാശാലയില്‍ നാളത്തെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

ഒട്ടൻഛത്രം പദ്ധതി പിൻവലിക്കണം; നാളെ കോൺഗ്രസ് പ്രാദേശിക ഹർത്താൽ

Latest Videos
Follow Us:
Download App:
  • android
  • ios