പാംപ്ലാനി ബിഷപ്പും വിവാദവും, കാട്ടുപോത്തിനെ എന്തുചെയ്യും; 2000 മാറാൻ എന്തുചെയ്യണം, ധൻകർ കേരളത്തിൽ: 10 വാർത്ത

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം... ചുവടെ

Today 21 5 2023 Top Malayalam News Headlines and Latest Malayalam News and india news asd

1 'രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവർ 'വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ്പ്

വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വീണ്ടും രംഗത്തെത്തിയതാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിലൊന്ന്. രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്നാണ് പാംപ്ലാനി അഭിപ്രായപ്പെട്ടത്. ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരെന്നും തലശ്ശേരി ബിഷപ്പ് കൂട്ടിച്ചേർത്തു. കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലായിരുന്നു പരാമർശം. രാഷ്ട്രീയ രക്തസാക്ഷികളെ പോലെയല്ല അപ്പോസ്തലന്മാർ അവർ നന്മയ്ക്കും സത്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണെന്നും പാമ്പ്ലാനി പറഞ്ഞു.

2 'ഗാന്ധിജി പാലത്തിൽ നിന്ന് വീണു മരിച്ചതാണോ'? മാര്‍ പാംപ്ളാനിയുടെ രക്തസാക്ഷി പരാമര്‍ശത്തിനെതിരെ ഇപി ജയരാജന്‍

രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ളാനിയുടെ പരാമര്‍ശത്തിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ വിമർശനവുമായി രംഗത്തെത്തി. ഉന്നത സ്ഥാനത് ഇരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്. അങ്ങനെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാൻ കഴിയില്ല. ഗാന്ധിജി രക്തസാക്ഷി ആണ്. ഗാന്ധിജി പാലത്തിൽ നിന്ന് വീണു മരിച്ചതാണോ എന്നും ബിഷപ്പിനോട് ഇ പി ചോദിച്ചു. രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് നമ്മുടെ സമൂഹം. ബിഷപ് അങ്ങനെ പ്രസംഗിച്ചത് എന്തിനു വേണ്ടിയാണ്. ആരെ സഹായിക്കാൻ ആണ് പ്രസ്താവന. എന്താണ് ലക്ഷ്യമെന്നും ചോദിച്ച ഇ പി, ബിഷപ്പിന്‍റെ നടപടി തെറ്റാണെന്നും കുറ്റപ്പെടുത്തി.

3 'തലശ്ശേരി ബിഷപ്പ് സാംസ്കാരിക കേരളത്തിന് തന്നെ അപമാനം', പദവിക്ക് നിരക്കാത്ത പരാമർശമെന്നും എഐവൈഎഫ് 

രക്തസാക്ഷികളുമായി ബന്ധപ്പെട്ട് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പരാമർശം പദവിക്ക് നിരക്കാത്തതാണെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്‍റ് എൻ അരുൺ. സാംസ്കാരിക കേരളത്തിന് തന്നെ ബിഷപ്പ് അപമാനമെന്നും അരുൺ അഭിപ്രായപ്പെട്ടു. എല്ലാ വ്യക്തികൾക്കും എല്ലാകാര്യങ്ങളെക്കുറിച്ചും അറിവുണ്ടാകണമെന്നില്ല. അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയരുത്. ജനങ്ങൾക്ക് നല്ലവഴി കാണിക്കേണ്ടവർ ഇങ്ങനെ വിവരക്കേട് പറയരുതെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

4 കണമലയിലെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന് ജോസ് കെ മാണി

കണമലയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു. റവന്യു വകുപ്പിനും പൊലീസിനും ആശയക്കുഴപ്പം ഉണ്ടായത് ശരിയല്ല. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണം. ജനങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്തവ സഭ നേതൃത്വത്തിനെന്നും ജോസ് കെ മാണി പറഞ്ഞു. റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പരിപൂര്‍ണ്ണമായ അധികാരം കളക്ടര്‍ക്കാണ്. കളക്ടറുടെ ഉത്തരവ് നടപ്പാക്കി കാട്ടുപൊത്തിനെ വെടിവെച്ചുകൊല്ലണമെന്നും ജോസ് കെ മാണി പറഞ്ഞു.

5 കാട്ടുപോത്ത് ആക്രമണം: കെസിബിസി നിലപാട് വ്യക്തമാക്കിയതിന് നന്ദി, മുന്നോട്ട് വച്ചത് അഭ്യർത്ഥനയെന്നും മന്ത്രി

കാട്ടുപോത്ത് ആക്രമണം വിവാദമായതിന് പിന്നാലെ കെസിബിസിയെ വിമർശിച്ചത് മയപ്പെടുത്തി വനംമന്ത്രി. താൻ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. വിലപേശൽ സമരം പാടില്ലെന്നാണ് താൻ പറഞ്ഞതിന്റെ രത്നച്ചുരുക്കം. അത്തരം സമരത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് കെസിബിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വനംവകുപ്പ് മന്ത്രി എന്ന നിലയിൽ അത് തനിക്ക് ഊർജ്ജം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടുപോത്ത് നാട്ടിലിറങ്ങി ആളെ കൊല്ലുന്നത് അപൂർവ്വത്തിൽ അപൂർവ്വമാണെന്നാണ് വിദഗ്ധർ പറയുന്നത്. മയക്കുവെടിവെച്ച് പിടികൂടി അരിക്കൊമ്പനെ മാറ്റിയതുപോലെ മാറ്റുക എന്നാണ് കരുതുന്നത്. എന്നാൽ അപ്പോൾ കോടതി ഇടപെടും. അതുകൊണ്ടാണ് അത്തരമൊരു നടപടിയിലേക്ക് പോകാൻ വനംവകുപ്പിന് കഴിയാത്തതെന്നും മന്ത്രി പറഞ്ഞു.

6 ദിവസേന 8 കി.മീ. വരെ സഞ്ചരിക്കും; പെരിയാർ കടുവ സങ്കേതത്തിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ, നിരീക്ഷണം തുടരും

ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിൽ തുടരുന്നു. കടുവ സാങ്കേതത്തിലെ മുല്ലക്കുടി ഭാഗത്ത്‌ കോർ ഏരിയയിലെ ഉൾ വനത്തിലാണ് ഇപ്പോഴുള്ളത്. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി അതിര്‍ത്തിയില്‍ കേരളത്തിന്‍റേയും തമിഴ്നാടിന്‍റേയും വനമേഖലയില്‍ ചുറ്റിത്തിരിയുകയായിരുന്ന അരിക്കൊമ്പൻ. രണ്ട് കിലോ മീറ്റര്‍ ഉള്ളിലേക്ക് കേരളത്തിന്‍റെ വനത്തില്‍ എത്തിയ കൊമ്പന്‍ പിന്നീട് അതിര്‍ത്തിയിലെത്തി തമിഴ്നാട് വനമേഖലയില്‍ സഞ്ചരിക്കുകയായിരുന്നു. ദിവസേന ഏഴ് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെ കൊമ്പന്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിന് ഉള്ളില്‍ തന്നെയാണ് ഉള്ളത്. കടുവ സങ്കേതത്തിലെ മുല്ലക്കുടി ഭാഗത്താണ് നിലവില്‍ അരിക്കൊമ്പനുള്ളത്.

7 ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കർ കേരളത്തിൽ, സ്വീകരിച്ച് മന്ത്രിമാരും ഗവ‍ര്‍ണറും; രണ്ട് ദിവസത്തെ സന്ദർശനം

രണ്ട് ദിവസത്തെ സന്ദ‍ര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ക‍ർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രിമാരും ഗവ‍ർണറും ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. ശേഷം അദ്ദേഹം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദ‍ര്‍ശനം നടത്തി. രാജ്ഭവനിൽ വെച്ച് സന്ദര്‍ശകരെ കാണുന്ന ഉപരാഷ്ട്പതിക്ക് വൈകീട്ട് ഗവര്‍ണര്‍ അത്താഴ വിരുന്ന് നൽകും. നാളെ നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിൽ ഉപരാഷ്ട്രപതി പങ്കെടുക്കും. 10.30നാണ് നിയമസഭ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം. തുടർന്ന് കണ്ണൂരിലേക്കു പോകുന്ന ഉപരാഷ്ട്രപതി കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയും (ഐഎൻഎ) സന്ദർശിക്കും, അവിടെ അദ്ദേഹം കേഡറ്റുകളുമായി സംവദിക്കും. അതിന് ശേഷം തന്റെ അധ്യാപികയായിരുന്ന കണ്ണൂർ പാനൂരിലെ രത്നാ നായരെ സന്ദർശിക്കും.

8 എസ്എഫ്ഐ ആൾമാറാട്ടത്തിൽ ഇടപെടലോ? ജില്ലാ കമ്മിറ്റിയിൽ വിമർശനം ശക്തമായി; പാർട്ടിക്ക് കത്ത് നൽകി 2 എംഎൽഎമാർ

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐ ആൾമാറാട്ട വിവാദത്തിൽ പാർട്ടി അന്വേഷണം ആവശ്യപ്പെട്ട് എം എൽ എമാരുടെ കത്ത്. സി പി എം എം എൽ എമാരായ ഐ ബി സതീഷ്, ജി സ്റ്റീഫൻ എന്നിവരാണ് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയത്. നേതാക്കൾ അറിയാതെ ആൾമാറാട്ടം നടക്കില്ലെന്നു ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നതിനു പിന്നാലെയാണ് കത്ത്. വിവാദത്തിൽ കാട്ടാക്കട എം എൽ എയായ ഐ ബി സതീഷ്, അരുവിക്കര എം എൽ എയായ ജി സ്റ്റീഫൻ എന്നിവർക്ക് പങ്കുണ്ടെന്ന ആരോപണം വിവിധ കോണുകളിൽ ആദ്യം മുതലേ ഉയർന്നിരുന്നു. ഇതിന് പിന്നാലെ ജില്ലാ കമ്മിറ്റി യോഗത്തിലും വിമർശനം വന്നതോടെയാണ് ഈ എം എൽ എമാർ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയത്.

9 പ്രത്യേക ഫോമില്ല, 2000 രൂപയുടെ നോട്ട് മാറാന്‍ തിരിച്ചറിയല്‍ രേഖയും ആവശ്യമില്ലെന്ന് എസ്ബിഐ

2000 രൂപയുടെ നോട്ട് മാറിയെടുക്കാന് പ്രത്യേകം ഫോം വേണ്ടെന്ന് എസ്ബിഐ. 20,000 രൂപവരെ ഒറ്റത്തവണ മാറിയെടുക്കാന് തിരിച്ചറിയല്‍ രേഖകളും സമർപ്പിക്കേണ്ടതില്ലെന്നും എസ്ബിഐ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില് തെറ്റായ പ്രചരണങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് എസ്ബിഐയുടെ വിശദീകരണം. 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് ആർബിഐ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. നിലവിൽ പ്രചാരത്തിലുള്ള നോട്ടുകൾ സപ്തംബർ മുപ്പതിനകം ബാങ്കുകളിൽ തിരികെ നല്കാനാണ് നിർദ്ദേശം. അതിനിടെ കെ എസ് ആർ ടി സി 2000 രൂപയുടെ നോട്ട് സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മറിച്ചുള്ള പ്രചാരണം തള്ളികളഞ്ഞാണ് കെ എസ് ആർ ടി സി അധികൃതർ രംഗത്തെത്തിയത്.

10 മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: തയ്യാറെടുപ്പ് തുടങ്ങി കോൺഗ്രസ്, പ്രിയങ്കയുടെ റാലി ജൂണിൽ, യോഗം വിളിച്ച് രാഹുൽ

മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകള്‍ തുടങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി വിളിക്കുന്ന യോഗം ബുധനാഴ്ച ദില്ലിയില്‍ നടക്കും. കമല്‍നാഥടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. രാഹുലിന്‍റെ സംസ്ഥാനപര്യടനം യോഗത്തില്‍ നിശ്ചയിക്കും.  പ്രിയങ്ക ഗാന്ധിയുടെ റാലിക്ക് ജൂൺ 12 ന് ജബല്‍ പൂരില്‍ തുടക്കമാകും. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍ പ്രതിസന്ധിയിലും ഹൈക്കമാന്‍ഡ് ചര്‍ച്ച വൈകാതെ നടക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് - അശോഖ് ഗെഹ്ലോട്ട് ചേരിപ്പോര് തടയാൻ കോൺഗ്രസിനായിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios