തൃശ്ശൂരിൽ സ്ഥിതി ഗുരുതരം, സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ടിഎൻ പ്രതാപൻ എംപി
14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച തൃശ്ശൂരിൽ കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ സാധ്യതയുണ്ട്. സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
തൃശ്ശൂര്‍: തൃശ്ശൂരിൽ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ടിഎൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു. തല്‍ക്കാലത്തേയ്ക്കെങ്കിലും സമ്പൂര്‍ണ ലോക്ഡൗണ്‍ വേണം. സ്ഥിതി അതീവ ഗുരുതരമാണ്. വിഷയം അടിയന്തരമായി പരിഗണിച്ച് തീരുമാനമെടുക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.
14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച തൃശ്ശൂരിൽ കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ സാധ്യതയുണ്ട്. സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി എസി മൊയ്തീന്‍റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ശേഷം യോഗം വിളിച്ചുചേര്‍ത്തു. ഇന്നലെ 25 പേർക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അതേ സമയം തൃശ്ശൂരിൽ സർക്കാർ ഇടപെടലിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി എസി മൊയ്തീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പുറത്തുനിന്ന് വന്നവര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയതാണ് കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം വരാനിടയാക്കിയത്. ജനങ്ങളുടെ ജാഗ്രത ഏറെ ആവശ്യമുള്ള സമയമാണെന്നും സാഹചര്യം നിയന്ത്രണവിധേയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി സുനിൽ കുമാറും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഇന്നലെ 25 പേർക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിലവിൽ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി ഉയര്‍ന്നു. സമ്പര്‍ക്കത്തിലൂടെയാണ് 14 പേര്‍ക്കാണ് രോഗം ബാധിച്ചത്. കുരിയിച്ചിറ വെയർഹൗസ് തൊഴിലാളികളായ നാല് പേർക്കും, കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളായ നാല് പേർക്കും ആംബുലൻസ് ഡ്രൈവറായ അളഗപ്പനഗർ സ്വദേശിക്കും ആരോഗ്യ പ്രവർത്തകനായ രണ്ട് പേര്‍ക്കും നാല് ആശാ പ്രവർത്തകർക്കുമാണ് ക്വാറൻറീനില്‍ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33 വയ സ്സ് പുരുഷൻ) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.