ടൈംട്രാവൽ, ഡാർവിന്റെ ബീഗിൾ, യുക്രെയ്ൻ യുദ്ധം; അത്ഭുത കാഴ്ചകളുമായി ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ പ്രദർശനം ഇന്ന് മുതൽ
തിരുവനന്തപുരം ബയോ ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന ശാസ്ത്രോത്സവത്തിൽ ഇന്ന് മുതൽ പ്രദർശനങ്ങൾ കാണാം
തിരുവനന്തപുരം: യുക്രെയ്ൻ യുദ്ധത്തിന്റെ കാഴ്ചകൾ കൺമുന്നിലൊരുക്കി ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ. തിരുവനന്തപുരം ബയോ ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന ശാസ്ത്രോത്സവത്തിൽ ഇന്ന് മുതൽ പ്രദർശനങ്ങൾ കാണാം. ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് ദിവസം പിന്നിടുമ്പോഴാണ് പ്രദർശനം തുടങ്ങുന്നത്. പ്രദർശനം തുടങ്ങുമെങ്കിലും മുഴുവൻ പവലിയനുകളും സജ്ജമാകാൻ രണ്ട് ദിവസം കൂടി വേണ്ടിവരും.
270 ഡിഗ്രി സ്ക്രീനിൽ യുക്രെയ്ൻ യുദ്ധ ദൃശ്യങ്ങൾ കൺമുന്നിൽ. യുദ്ധഭൂമിയിൽ നിൽക്കുന്നത് പോലെയൊരു അനുഭവം. ആധുനിക കാലത്ത് നിന്ന് ടൈംട്രാവൽ ചെയ്ത് ആദിമനുഷ്യ രൂപത്തിലേക്കും കാലത്തിലേക്കും ഒരു യാത്ര. ചാൾസ് ഡാർവിന്റെ കപ്പലായ ബീഗിളും ഡിനോസറിന്റെ അസ്ഥികൂടവും- പ്രതീക്ഷിച്ചതിലും വൈകിയെങ്കിലും കേരളത്തിന്റെ ശാസ്ത്രോത്സവം അത്ഭുതങ്ങളിലേക്ക്
കൺതുറക്കുകയാണ്.
തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ ഇന്ന് മുതൽ പ്രദർശനങ്ങൾ കാണാം. പ്രദർശനങ്ങളോടൊപ്പം ഇനിയുള്ള ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങളുമുണ്ടാകും. ഫെബ്രുവരി 15നായിരുന്നു ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം. എന്നാൽ പവലിയനുകളുടെ പണി പൂർത്തിയാകാത്തതിനാൽ, പ്രദർശനം നീട്ടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രഭാഷണങ്ങൾ മാത്രമാണ് ശാസ്ത്രോത്സവത്തില്‍ ഉണ്ടായിരുന്നത്.
പ്രമുഖരുടെ പ്രഭാഷണങ്ങൾ മാറ്റിവയ്ക്കാനാകാത്തത് കൊണ്ടാണ് പൂർണമായും സജ്ജമാകുന്നതിന് മുമ്പ് ഉദ്ഘാടനം നടത്തേണ്ടിവന്നത് എന്നാണ് സംഘാടകർ വിശദീകരിക്കുന്നത്. മുഴുവൻ പവലിയനുകളും പൂർണമാകാൻ രണ്ട് ദിവസം കൂടി വേണ്ടിവരുമെന്നും സംഘാടകർ അറിയിച്ചു.