അജിത്കുമാര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുരളീധരന്‍, 'സുരേഷ് ഗോപിയെ ജയിപ്പിക്കാനുളള നാടകം'
ഈ കേസിൽ പ്രതികൾ സിപിഎമ്മുകാരാണ്. കേന്ദ്ര അന്വേഷണം നടക്കുകയാണ്. വിഷയം ഒത്തുതീർക്കാനായിരുന്നു സുരേഷ് ഗോപിയെ സിപിഎം സഹായിച്ച് വിജയിപ്പിച്ചത്.
തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എഡിജിപി അജിത്ത് കുമാറാണെന്ന് തൃശ്ശൂരിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കാനുളള നാടകത്തിന്റെ ഭാഗമായിരുന്നു ഇതെന്നും മുരളീധരൻ ആരോപിച്ചു. കഴിഞ്ഞ ഏപ്രിൽ 17 ന് ഞാനിത് പറഞ്ഞതാണ്. കരുവന്നൂർ വിഷയത്തിലടക്കം ഭയന്നായിരുന്നു സിപിഎം നീക്കം. ഈ കേസിൽ പ്രതികൾ സിപിഎമ്മുകാരാണ്. കേന്ദ്ര അന്വേഷണം നടക്കുകയാണ്. വിഷയം ഒത്തുതീർക്കാനായിരുന്നു സുരേഷ് ഗോപിയെ സിപിഎം സഹായിച്ച് വിജയിപ്പിച്ചത്. എഡിജിപി അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് ബിജെപിയെ സഹായിച്ചതെന്നും പൂരം കലക്കിയ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
തൃശൂർ പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്ക്, ആരോപണവുമായി സുനിൽ കുമാർ
തൃശൂർ പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ ആരോപണമുയർത്തിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൂരം അലങ്കോലമാക്കാക്കിയതെന്നാണ് സുനിൽ കുമാറിന്റെ ആരോപണം. പകൽ സമയത്ത് പ്രശ്നമില്ലായിരുന്നു, രാത്രിപൂരമാണ് നിർത്തിയത്. പിന്നാലെ ബിജെപി സ്ഥാനാർഥി സേവാഭാരതിയുടെ ആംബുലൻസിലെത്തി. ആർഎസ്എസ് നേതാക്കൾക്കൊപ്പമാണ് ബെജെപി സ്ഥാനാർത്ഥി വന്നത്. പൂരം കലക്കിയത് യാദൃശ്ചികമായല്ല.
പൊലീസ് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാർക്കും പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്യാൻ ആരാണ് തീരുമാനിച്ചത്? പൂരം കലക്കിയത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ല. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താനെന്നും സുനിൽ കുമാർ പറയുന്നു. ബിജെപി സ്ഥാനാർഥിയെ രാത്രി ആംബുലൻസിൽ എത്തിച്ചത് യാദൃശ്ചികമല്ല. ആരാണ് പിന്നിലെന്ന പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു.