പൂരത്തിന് കാണികളെ ഒഴിവാക്കിയേക്കും, ദൃശ്യ, നവ മാധ്യമങ്ങളിലൂടെ ദേശക്കാർക്ക് പൂരം കാണാം
മെഡിക്കൽ ബോർഡ് രൂപീകരിച്ച്, എങ്ങനെ വേണം പൂരത്തിനുള്ള നിയന്ത്രണങ്ങൾ എന്ന് നിർദേശം നൽകിയാൽ അത് പരിഗണിക്കാൻ തയ്യാറാണെന്നാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ട് നാല് മണിക്ക് ചീഫ് സെക്രട്ടറിയുമായി നടത്തുന്ന ചർച്ച നിർണായകമാണ്.
തൃശ്ശൂർ: ഇത്തവണ തൃശ്ശൂർ പൂരത്തിൽ കാണികളെ ഒഴിവാക്കാൻ ആലോചന. കാണികളെ തീർത്തും ഒഴിവാക്കി ചുരുക്കം ചില സംഘാടകരും ചടങ്ങ് നടത്തുന്ന ദേവസ്വം ജീവനക്കാരും നടത്തിപ്പുകാരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുത്ത് പൂരത്തിന്‍റെ ചടങ്ങുകൾ നടത്താനാണ് ആലോചന. ദൃശ്യ, നവ മാധ്യമങ്ങളിലൂടെ തൽസമയം ദേശക്കാർക്ക് പൂരം കാണാൻ സംവിധാനം ഒരുക്കാനും ചർച്ചകൾ നടക്കുന്നുണ്ട്. ദേവസ്വം പ്രതിനിധികളുമായി സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തുകയാണ് ഇപ്പോൾ. ഇക്കാര്യത്തിൽ വൈകിട്ട് ചീഫ് സെക്രട്ടറിയുമായി ദേവസ്വം പ്രതിനിധികൾ നടത്തുന്ന ചർച്ച നിർണായകമാകും.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ദേവസ്വങ്ങളെ നിലപാട് മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് സൂചന. വലിയ ആൾക്കൂട്ടം പൂരത്തിന് ഇരച്ചുവന്നാൽ അത് കൊവിഡിന്‍റെ വൻവ്യാപനത്തിന് ഇടയാക്കുമെന്ന വലിയ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഉയർന്നിരുന്നതാണ്. എന്നാൽ പൂരം ചടങ്ങുകളടക്കം ഒഴിവാക്കാൻ പാടില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച് വന്നിരുന്ന ദേവസ്വങ്ങൾ സർക്കാർ പ്രതിനിധികളുമായി നടത്തിവരുന്ന ചർച്ചകളിലാണ് നിലപാട് മയപ്പെടുത്താൻ തയ്യാറാകുന്നത്.
പൂരം നടത്തിപ്പ് എങ്ങനെ വേണമെന്ന കാര്യത്തിൽ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാമെന്ന നിർദേശം ദേവസ്വങ്ങൾ അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്. പൂരം നടത്തിപ്പിൽ വേണ്ട നിയന്ത്രണങ്ങൾ എന്തൊക്കെയെന്ന് ഈ മെഡിക്കൽ ബോർഡിന് നിർദേശിക്കാം. ആ നിർദേശങ്ങൾക്ക് അനുസരിച്ച് ചടങ്ങുകൾ നടത്താൻ ദേവസ്വങ്ങൾ തയ്യാറാണ്.
ഇന്ന് വൈകിട്ട് നാല് മണിക്കാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ദേവസ്വങ്ങളുമായി പൂരം നടത്തിപ്പ് എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ നിർണായകമായ യോഗം നടക്കുന്നത്. ഈ യോഗത്തിൽ ഇക്കാര്യങ്ങളിൽ അന്തിമതീരുമാനമുണ്ടാകും. പൂരം കാണികളെ ഒഴിവാക്കി നടത്താൻ തീരുമാനിച്ചാൽ അത് ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും വലിയ ആശ്വാസമാകും.
പൂരത്തിന് കാണികളെ അനുവദിക്കുന്ന കാര്യത്തിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നത്. വാക്സീൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പൂരപ്പറമ്പിലേക്ക് പ്രവേശനമുണ്ടാകില്ല. ഇതിനായി കൊവിഡ് ജാഗ്രത പോർട്ടലിലോ ജില്ലാ ഭരണകൂടം സജ്ജീകരിച്ച പ്രത്യേക പോർട്ടലിലോ റജിസ്റ്റർ ചെയ്യണം. ഇവിടെ നിന്ന് കിട്ടുന്ന പാസ് ഉപയോഗിച്ചേ റൗണ്ടുകളിലേക്ക് പ്രവേശിക്കാനാകൂ. റൗണ്ടുകൾക്ക് ചുറ്റും പൊലീസ് പരിശോധനയുണ്ടാകും. റൗണ്ടുകൾക്ക് ചുറ്റും നിന്ന് വെടിക്കെട്ടോ കുടമാറ്റമോ കാണാനാകില്ല. പൂരം എക്സിബിഷന് പകുതി സ്റ്റാളുകളേ ഉണ്ടാകൂ എന്നിങ്ങനെ കർശനനിയന്ത്രണങ്ങൾ നടപ്പിലാക്കാനായിരുന്നു തീരുമാനം. എന്നാൽ നിരവധി ആളുകൾ ഇരച്ചെത്തിയാൽ ഈ നിയന്ത്രണങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തിൽ കടുത്ത ആശങ്കയാണ് നിലനിന്നിരുന്നത്.