നാടും നഗരവും ഒന്നാകെ ആഘോഷ തിമിർപ്പിൽ; പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്
രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി.
തൃശ്ശൂർ: ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമിട്ടത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും. ലക്ഷങ്ങളാണ് പൂര നഗരിയിൽ എത്തിക്കൊണ്ടിരിക്കുന്നത്.
തൃശ്ശൂരില്‍ താള, മേള, വാദ്യ, വര്‍ണ, വിസ്മയങ്ങളുടെ മണിക്കൂറുകളാണ്. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി. ബ്രിഹസ്പതി രൂപത്തിൽ ഉള്ള ശാസ്താവ് ആയതിനാൽ വെയിൽ ഏൽക്കാതെ വേണം പൂരം വടക്കും നാഥ ക്ഷേത്രത്തിൽ എത്താൻ എന്നാണ് വിശ്വാസം. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. 11 മണിയോടെയാണ് മഠത്തില്‍ വരവ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും. ഉച്ചയ്ക്ക് 3 മണിക്ക് നായ്ക്കനാലിൽ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിന് പുറത്ത് ശ്രീമൂലസ്ഥാനത്ത് കൊട്ടിത്തിമിർക്കും. വൈകിട്ട് 5.30 നാണ് കുടമാറ്റം തുടങ്ങുന്നത്.