പൂരം കലക്കൽ വിവാദം; പൊലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയില്ല, അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് പൊലീസിന് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് എഡിജിപി മനോജ് എബ്രഹാമിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്.

thrissur Pooram disruption controversy; Apart from police, no fault from other departments adgp manoj abraham inquiry report

തൃശൂര്‍: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ പൊലീസ് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. വനം വകുപ്പ് അടക്കം മറ്റ് വകുപ്പുകള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ച എഡിജിപി മനോജ് എബ്രഹാം സർക്കാരിന് റിപ്പോർട്ട് നൽകി. 20 ശുപാർശകളോടെയാണ് റിപ്പോർട്ട് കൈമാറിയത്. സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിൽ ഒരു അന്വേഷണമാണ് പൂർത്തിയായത്.

തൃശൂർ പൂരം അലങ്കോലപ്പെട്ടത്തിൽ ത്രിതല അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചത്. അട്ടിമറിയിലെ ഗൂഡാലോചന ക്രൈം ബ്രാഞ്ചും, എഡിജിപി എംആർ അജിത്തിന്‍റെ വീഴ്ച ഡിജിപിയും മറ്റ് വകുപ്പുകളുടെ വീഴ്ച എഡിജിപി മനോജ് എബ്രഹാമുമാണ് അന്വേഷിച്ചത്. ജില്ലാ ഭരണകൂടം, തദ്ദേശം, വനം, ഫയർഫോഴ്സ്, എക്സ്പ്ലോസീവ്, തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയാണ് അന്വേഷിച്ചത്. അട്ടിമറിക്ക് പിന്നിൽ വനംവകുപ്പിലെ ഉദ്യോഗസ്ഥരുണ്ടെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചിരുന്നു. എന്നാൽ, വിവിധ വകുപ്പുകള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. 

പൂരത്തിന് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ദേവസ്വങ്ങളുടെ പരാതിയും കേട്ടിരുന്നു. അതിനു ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ, കുറ്റമറ്റ രീതിയിൽ പൂരം നടത്തുന്നതിനായി 20 നിർദ്ദേശങ്ങള്‍ റിപ്പോർട്ടിലുണ്ട്. വെടികെട്ട് നടത്തുന്നതിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് പ്രധാന നിർദ്ദേശം. പൂരം നടത്തിപ്പ് യോഗത്തിൽ വെടികെട്ട് നടത്താൻ തീരുമാനിച്ചാൽ പിന്നീട് ചുമതല ദേവസ്വങ്ങള്‍ ഏറ്റെടുക്കുകയാണ്.

എക്സിക്യൂട്ടീവ് മജിസട്രേറ്റിനെയും എക്സപ്ലോസീവ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്താറുണ്ടെങ്കിലും ആ ഉദ്യോഗസ്ഥരുടെ സാന്നിധ്യം അവിടെ ഉണ്ടാകാറില്ല. വെടികെട്ട് നടത്തുന്നവർ ഈ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകണം. ഉദ്യോഗസ്ഥരുടെ മുഴുവൻ സമയ സാന്നിധ്യവും വെടികെട്ട് നടക്കുമ്പോള്‍ ഉണ്ടാകണമെന്നും ശുപാർശയിൽ പറയുന്നു. ജില്ലാ ഭരണകൂടത്തിന്‍റെയും പൊലിസിന്‍റെയും യോഗങ്ങള്‍ നടത്തിപ്പ് സംബന്ധിച്ചും ശുപാർശയുണ്ട്. പൂരം അട്ടിമറിയിലെ ഗൂഡാലോചന അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണ അന്തിമഘട്ടത്തിലാണ്. ഡിജിപിയുടെ അന്വേഷണം ആരംഭിച്ചിട്ടില്ല. 
 

പൂരം കലക്കൽ; മൊഴിയെടുക്കൽ തുടങ്ങി, മുൻ സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ മെഡിക്കൽ സംഘത്തിൻ്റെ മൊഴി

അഞ്ചൽ കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ: യുവതിയെയും കുഞ്ഞുങ്ങളെയും കൊന്നത് രണ്ടാംപ്രതി രാജേഷ്, മൊഴി പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios