തൃശൂർ പൂരം കലക്കൽ; സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇനിയും തുടങ്ങിയില്ല

പൂരം അലോങ്കോലപ്പെട്ടതിൽ ഈ മാസം 5ന് മന്ത്രിസഭാ തീരുമാനപ്രകാരമുള്ള ഉത്തരവിറങ്ങിയെങ്കിലും പ്രത്യേക സംഘത്തെ ഇതുവരെ തീരുമാനിച്ചില്ല. അന്വേഷണ സംഘത്തിലുള്ളവരെ തീരുമാനിക്കുന്നതിൽ ആശയക്കുഴപ്പമെന്ന് സൂചന.

Thrissur Pooram controversy  crime branch investigation announced by government is yet to begin

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ സർക്കാർ പ്രഖ്യാപിച്ച സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈം ബ്രാഞ്ച് അന്വേഷണം ഇതേവരെ ആരംഭിച്ചില്ല. അന്വേഷണ സംഘത്തെ പോലും ഡിജിപി നിശ്ചയിച്ചിട്ടില്ല. പ്രത്യേക സംഘത്തിലെ അംഗങ്ങളെ നിയമിക്കുന്നതിലുള്ള സർക്കാർ തലത്തിലെ ചില ആശയക്കുഴപ്പങ്ങളാണ് ഉത്തരവ് നീണ്ടുപോകാൻ കാരണമെന്നാണ് വിവരം. 

പൂരം കലക്കലിൽ  ഈ മാസം മൂന്നിനാണ് സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ പ്രകാരം പൂരം കലക്കലിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കേസെടുത്ത് ക്രൈംബ്രാഞ്ച് മേധാവിയുടെ കീഴിൽ പ്രത്യേക സംഘത്തിന്‍റെ അന്വേഷണമാണ് പ്രഖ്യാപിച്ചത്. ഈ അഞ്ചാം തീയതി പ്രത്യേക സംഘത്തെ നിയോഗിച്ച് അറിയിക്കാനായി ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി. ഡിജിപിയോടാണ് ശുപാർശ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ഒരാഴ്ച കഴിഞ്ഞിട്ടും പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറങ്ങിയില്ല. ക്രൈംബ്രാഞ്ച് മേധാവിക്ക് കീഴിലുള്ള സംഘാഗങ്ങളെ തീരുമാനിക്കുന്നതിൽ ആശയക്കുഴപ്പങ്ങളാണ് തീരുമാനം നീണ്ടുപോകാൻ കാരണമെന്നാണ് സൂചന. ചില ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണമെന്ന് സർക്കാ‍ർ തന്നെ പ്രത്യേക താൽപര്യമെടുക്കുന്നുണ്ടാണ് വിവരം. ഇതിൽ അന്തിമ തീരുമാനമാകാത്തതാണ് അന്വേഷണ സംഘത്തെ നിശ്ചയിക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നതെനനാണ് സൂചന. അടുത്ത ആഴ്ചയോടെ ഉത്തരവിറങ്ങുമെന്നും നാളെ ഡിജിപിയുടെ ശുപാർശ ലഭിക്കുമെന്നുമാണ് ആഭ്യന്തരവകുപ്പിന്‍റെ വിശദീകരണം. 

അതേസമയം കേസെടുത്ത് അന്വേഷണം നടത്താനുള്ള തീരുമാനത്തിലും ആശയക്കുഴപ്പം തുടരുകയാണ്. കേസെടുത്ത് അന്വേഷണം നടത്തണമെങ്കിൽ പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചന തെളിയിക്കുന്ന വ്യക്തമായ റിപ്പോർട്ട് സർക്കാരിന് മുന്നിൽ വേണം. എഡിജിപി എം ആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിലെ ചില വ്യക്തികളെ സംശയിക്കുന്ന ചില സൂചനകള്‍ മാത്രമാണുള്ളത്. അതിൽ ഒരു കേസെടുക്കാൻ കഴിയുമോയെന്നാണ് ആശയക്കുഴപ്പം. ഇതിൽ നിയമോപദേശം ക്രൈംബ്രാഞ്ച് മേധാവി തേടിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ കേസെടുക്കാനായില്ലെങ്കിൽ പ്രത്യേക സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചാകും കേസെടുക്കുക. പൂരം അലങ്കോലപ്പെട്ടതിൽ ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. 

എന്നാൽ സിപിഐ ഉള്‍പ്പെടെ എവിടെ അന്വേഷണ റിപ്പോർട്ടെന്ന ചോദിച്ച് മുന്നോട്ടുവന്നതോടെയാണ് വിവാദങ്ങള്‍ക്കിടെ നാലു മാസത്തിന് ശേഷം എം ആർ അജിത് കുമാർ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട തള്ളിയാണ് ഡിജിപി സർക്കാരിന് ശുപാർശ നൽകിയത്. ഇതേ തുടർന്നാണ് ത്രിതല അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. പൂരം അട്ടിമറിയിൽ ക്രൈംബ്രാഞ്ച് അന്വേഷണവും, എഡിജിപിയുടെ വീഴ്ച ഡിജിപിയും, മറ്റ് വകുപ്പുകളുടെ വീഴ്ച ഇൻ്റലിജൻസ് മേധാവിയുമാണ് അന്വേഷിക്കാൻ തീരുമാനിച്ചത്. പൂരം അട്ടിമറിക്കു പിന്നിൽ സർക്കാരിനെ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴാണ്, അന്വേഷണം തുടങ്ങാനുള്ള കാലതമാസവും എന്നത് ശ്രദ്ധയേമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios