തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ: അന്വേഷണ റിപ്പോർട്ടിനായി വിഎസ് സുനിൽകുമാർ വിവരാവകാശ അപേക്ഷ സമർപ്പിച്ചു

പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്, അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ എന്നിവ തേടി

Thrissur Pooram case VS Sunil kumar files RTI for inquiry report

തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിനായി മുൻ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനിൽകുമാർ വിവരാവകാശ അപേക്ഷ സമർപ്പിച്ചു.  ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയുടെ ജയത്തിന് അനുകൂലമായ പൊതുവികാരമുണ്ടാക്കിയതിന് പിന്നിൽ തൃശ്ശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിനും പങ്കുണ്ടെന്ന ആരോപണത്തിനിടെയാണ് നീക്കം. വിവരാവകാശ അപേക്ഷ സംസ്ഥാന ആഭ്യന്തര വകുപ്പിന് ഓൺലൈനായാണ് നൽകിയിരിക്കുന്നത്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്, അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ എന്നിവ  നൽകണമെന്ന് അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടത് പക്ഷത്തിന്റെ സുതാര്യത നേരിട്ടറിയാൻ മുൻ മന്ത്രിക്ക് വിവരാവകാശ നോട്ടീസ് നൽകേണ്ട ഗതികേടുണ്ടായെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര കുറ്റപ്പെടുത്തി. അടുത്ത മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് നേരിട്ട് ചോദിക്കാൻ കെൽപ്പുള്ള നട്ടെല്ലുള്ള സിപിഐ മന്ത്രിമാർ ഈ മന്ത്രിസഭയിൽ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി ആവശ്യപ്പെട്ടു. അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖയക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇത് സ്ഥീരികരിക്കുന്ന പ്രതികരണമാണ് തൃശൂര്‍ സിറ്റി പൊലീസും നല്‍കിയത്. ഇതിലൂടെ തന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടന്ന് വ്യക്തമാണ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും ഇത്രയും നാള്‍ കേരളജനതയെ കബളിപ്പിക്കുകയായിരുന്നു. പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സര്‍ക്കാര്‍ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest Videos
Follow Us:
Download App:
  • android
  • ios