ഓരോ ഘടകപൂരങ്ങൾക്കും ഒപ്പം ഒരാന, ആഘോഷങ്ങളില്ല, ചടങ്ങുകൾ മാത്രം

എട്ട് ഘടകക്ഷേത്രങ്ങളും ഘടകപൂരങ്ങൾ പ്രതീകാത്മകമായി മാത്രമേ നടത്തൂ. ഘടകപൂരങ്ങൾക്ക് ഓരോന്നിനും 50 പേരെ മാത്രമേ അനുവദിക്കൂ എന്നതിനാൽ വലിയ ആഘോഷങ്ങൾ വേണ്ടെന്നാണ് ഘടകക്ഷേത്രങ്ങളുടെ തീരുമാനം. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

thrissur pooram 2021 no big festivities to small pooram too

തൃശ്ശൂർ: ഇത്തവണ തൃശ്ശൂർ പൂരത്തിന്‍റെ ഭാഗമായുള്ള ഘടകപൂരങ്ങളും ഇത്തവണ ഒരാനപ്പുറത്ത് മാത്രമായിട്ടാകും നടത്തുക. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ഘടകപൂരങ്ങളും നടത്തുന്നത്. എട്ട് ഘടകപൂരങ്ങളും ഓരോ ആനകളുമായി മാത്രമാകും പൂരത്തിനെത്തുക. ഓരോ ഘടകപൂരങ്ങൾക്കുമൊപ്പം 50 പേരെ മാത്രമേ അനുവദിക്കൂ. അങ്ങനെ എട്ട് പൂരങ്ങളുടെയും ഭാഗമായി നാനൂറ് പേർ മാത്രമേ പരമാവധി പൂരപ്പറമ്പിലെത്തൂ. ഘടകപൂരങ്ങൾക്കൊപ്പം എത്തുന്നവർക്ക് കൊവിഡ് ആർടിപിസിആർ പരിശോധന നിർബന്ധമാണ്. 

പൂരവിളംബരത്തിനും 50 പേരെ മാത്രമേ അനുവദിക്കൂ. ആഘോഷം വേണ്ട, ഇത്തവണ ചടങ്ങുകൾ മാത്രം മതിയെന്നാണ് ഘടകക്ഷേത്രങ്ങളുടെ തീരുമാനം. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. 

കടുത്ത നിയന്ത്രണങ്ങളോടെ കാണികളെ ഒഴിവാക്കി സംഘാടകരെ മാത്രം നിലനിർത്തി പൂരം നടത്താനാണ് ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ധാരണയായിരുന്നത്.

ഈ വർഷം പൂരം ചമയപ്രദർശനം ഉണ്ടാവില്ല. ഇത്തവണ സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമേ ഉണ്ടാകൂ. ഈ മാസം ഇരുപത്തിനാലാം തീയതി പകൽപ്പൂരം വേണ്ടെന്ന് വച്ചു. കുടമാറ്റത്തിന്‍റെ സമയം വെട്ടിക്കുറയ്ക്കും. പൂരപ്പറമ്പിൽ സംഘാടകർ മാത്രമേ ഉണ്ടാകൂ. അവിടേക്ക് കാണികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. 

പ്രധാനവെടിക്കെട്ട് നിയന്ത്രണങ്ങളോടെ മാത്രമാകും നടത്തുക. ഘടകപൂരങ്ങളുണ്ടാകും. ഇതിന്‍റെ സംഘാടകർക്കും പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. മഠത്തിൽവരവും ഇലഞ്ഞിത്തറ മേളവും ഇത്തവണ ഉണ്ടാകും.

പൂരപ്പറമ്പിൽ കയറുന്ന സംഘാടകർക്കും മാധ്യമപ്രവർത്തകർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിരിക്കണം. 

പൂരം നടത്തിപ്പിന്‍റെ ചുമതല, ഡിഎംഒ, കമ്മീഷണർ, കളക്ടർ എന്നിവർക്കാണ് നൽകിയിരിക്കുന്നത്. നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് സമ്മതമെന്ന് പാറമേക്കാവും തിരുവമ്പാടിയും അറിയിച്ചു. 

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ശുപാർശ സമർപ്പിക്കുന്നതിനായി ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ചെയർമാനായുള്ള മെഡിക്കൽ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് അറിയിച്ചിരുന്നു.തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് സർജറി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. രവീന്ദ്രൻ, കമ്മ്യൂണിറ്റി മെഡിസിൻ അഡീഷണൽ പ്രൊഫസർ ഡോ. ബിനു അറീക്കൽ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. ഈ സമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് പൂരത്തിന് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളിൽ ധാരണയായിരിക്കുന്നത്. 

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ദേവസ്വങ്ങളെ നിലപാട് മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് സൂചന. വലിയ ആൾക്കൂട്ടം പൂരത്തിന് ഇരച്ചുവന്നാൽ അത് കൊവിഡിന്‍റെ വൻവ്യാപനത്തിന് ഇടയാക്കുമെന്ന വലിയ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഉയർന്നിരുന്നതാണ്. എന്നാൽ പൂരം ചടങ്ങുകളടക്കം ഒഴിവാക്കാൻ പാടില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച് വന്നിരുന്ന ദേവസ്വങ്ങൾ സർക്കാർ പ്രതിനിധികളുമായി നടത്തിവരുന്ന ചർച്ചകളിലാണ് നിലപാട് മയപ്പെടുത്താൻ തയ്യാറായത്. പൂരം കാണികളെ ഒഴിവാക്കി നടത്താൻ തീരുമാനിച്ചത് ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും വലിയ ആശ്വാസമാകും.

Latest Videos
Follow Us:
Download App:
  • android
  • ios