മകനെ തേടി അച്ഛൻ ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ട്വിസ്റ്റ്; തൃശ്ശൂരുകാരൻ എഡ്വിൻ തോമസ് കൊള്ള സംഘാംഗം?
ഹൈവേ മോഷണ പരമ്പരകളിൽ പ്രതിയാണ് എഡ്വിൻ എന്നും ഹൂബ്ലി സ്വദേശിയുടെ പക്കൽ നിന്നും ഏഴ് ലക്ഷം കവർന്ന കേസിലാണ് അറസ്റ്റെന്നും കർണാടക പൊലീസ്
ദില്ലി: തൃശൂർ ചാലക്കുടി സ്വദേശി എഡ്വിൻ തോമസിനെ കണ്ടെത്താൻ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ ട്വിസ്റ്റ്. കർണാടക പോലീസിന്റെ അഭിഭാഷകൻ ദില്ലി ഹൈക്കോടതിയിൽ ഹാജരായി സമർപ്പിച്ച രേഖകൾ പ്രകാരം കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലുമായി 15 ൽ അധികം കേസുകളിൽ പ്രതിയാണ് എഡ്വിൻ. ഹൂബ്ലി പോലീസ് എടുത്ത കേസിലാണ് ദില്ലിയിൽ നിന്ന് പിടികൂടിയതെന്നാണ് വിശദീകരണം. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും അഭിഭാഷകൻ ദില്ലി ഹൈക്കോടതിയെ അറിയിച്ചു.
ഹൈവേ മോഷണ പരമ്പരകളിൽ പ്രതിയാണ് എഡ്വിൻ എന്നും ഹൂബ്ലി സ്വദേശിയുടെ പക്കൽ നിന്നും ഏഴ് ലക്ഷം കവർന്ന കേസിലാണ് അറസ്റ്റെന്നും പൊലീസ് കോടതിയെ അറിയിച്ചു. എന്നാൽ ദില്ലി പോലീസിനെ അറിയിക്കാതെ നടത്തിയ കസ്റ്റഡി നീക്കം നിയമവിരുദ്ധമെന്ന് ഹൈക്കോടതി വിമർശിച്ചു. അറസ്റ്റ് രേഖപ്പെടുത്താതെ കാറിലാണ് എഡ്വിനടക്കം മൂന്ന് പ്രതികളെയും കർണാടകത്തിലേക്ക് കൊണ്ടുപോയതെന്നും ഇത് തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു. കർണാടക പോലീസിനോട് സത്യവാങ്ങ്മൂലം സമർപ്പിക്കാൻ ദില്ലി ഹൈക്കോടതി നിർദ്ദേശം. കേസ് അടുത്ത മാസം പരിഗണിക്കാനായി മാറ്റി.
ദില്ലിയിൽ താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മകൻ എവിടെയാണെന്ന് കണ്ടെത്താനാണ്ചാലക്കുടി സ്വദേശി തോമസ് പിവി ദില്ലി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്. 25കാരനായ മകൻ എഡ്വിൻ തോമസിനെ കാണാനില്ലെന്നും പൊലീസ് കസ്റ്റഡിയിലെടുത്തതാണെന്നും എവിടെയാണെന്ന് വിവരമില്ലെന്നും അച്ഛൻ ഹർജിയിൽ പറഞ്ഞിരുന്നു. എഡ്വിൻ തോമസിൻ്റെ കസ്റ്റഡിയെ കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് കൈമലർത്തിയ ദില്ലി പൊലീസ് കർണാടക പൊലീസാണ് അറസ്റ്റ് ചെയ്തതെന്നും കോടതിയെ അറിയിച്ചിരുന്നു.
എഡ്വിൻ തോമസ് 15 ലക്ഷം രൂപയുമായി ബിസിനസ് ആവശ്യത്തിനാണ് ദില്ലിയിൽ എത്തിയതെന്നാണ് തോമസ് ഹർജിയിൽ പറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രണ്ട് സുഹൃത്തുകൾക്കൊപ്പം ദില്ലി സാകേതിൽ താമസിക്കുകയായിരുന്നു മകനെ ഫ്ലാറ്റിൽ നിന്ന് സുഹൃത്തുകൾക്കൊപ്പം പൊലീസ് അനധികൃതമായി കസ്റ്റഡിയിൽ എടുത്തെന്നാണ് പിതാവ് ആരോപിച്ചത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം കോടതിയിൽ ഹാജരാക്കിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിൽ എവിടെയാണെന്നും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
കേസ് പരിഗണിച്ച കോടതി എഡ്വിൻ തോമസ് എവിടെയാണെങ്കിലും ഹാജരാക്കണമെന്ന് ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടു. കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിൽ ട്രാൻസിറ്റ് വാറണ്ടടക്കം ഇല്ലാതെ എങ്ങനെ ദില്ലിയിൽ നിന്ന് കൊണ്ടുപോയെന്ന് ജഡ്ജി പ്രതിഭാ എം സിങ്ങ് അധ്യക്ഷയായ ബെഞ്ച് ചോദിച്ചിരുന്നു. ഇത് ഗൗരവമുള്ള വിഷയമാണെന്ന് വ്യക്തമാക്കിയ കോടതി കർണാടക പൊലീസിനെ കക്ഷിയാക്കാൻ ഉത്തരവിടുകയും ഇന്ന് മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചു. കേസിൽ ഹർജിക്കാരനായി അഭിഭാഷകരായ ബിജു പി രാമൻ, ഉഷാ നന്ദിനി, ജോൺ തോമസ് അറയ്ക്കൽ എന്നിവർ ഹാജരായി.