തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ആക്രമണം: നാലു യുവാക്കള്‍ക്ക് പരുക്ക്
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാന്‍ എത്തിയ യുവാക്കളെയാണ് സമീപത്തെ ബെഡില്‍ കിടന്നിരുന്ന രോഗി ആക്രമിച്ചതെന്ന് പൊലീസ്.
തൃശൂര്‍: ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ ആക്രമണത്തില്‍ നാലു യുവാക്കള്‍ക്ക് പരുക്കേറ്റു. ആശുപത്രി സര്‍ജറി വാര്‍ഡിലാണ് രാത്രി എട്ടിന് സംഭവം നടന്നത്.
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കാണുവാന്‍ എത്തിയ യുവാക്കളെയാണ് സമീപത്തെ ബെഡില്‍ കിടന്നിരുന്ന രോഗി ശുചിമുറിയുടെ സമീപത്ത് വച്ച് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മരത്തിന്റെ കസേര കൊണ്ട് ആണ് തലക്കടിച്ചത്. ഗുരുവായൂര്‍ സ്വദേശി തിയ്യത്ത് ചന്ദ്രന്‍ മകന്‍ വിഷ്ണു (30), മറ്റം സ്വദേശി രോഹിത് (29), അഞ്ഞൂര്‍ സ്വദേശി വൈശാഖ് (28), സന്ദീപ് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കാണുവനും കൂട്ടിരിക്കാനും വേണ്ടിയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്.
'വാര്‍ഡ് നാലില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മുള്ളൂര്‍ക്കര സ്വദേശി ശ്രീനിവാസന്‍ (45) ആണ് യുവാക്കളെ ആക്രമിച്ചത്. ഇയാള്‍ വയറു വേദനയുമായാണ് ആശുപത്രിയില്‍ എത്തിയത്. വേദനയ്ക്കുള്ള ഇഞ്ചക്ഷന്‍ നല്‍കിയിരുന്നു. അതിന്റെ ഡോസില്‍ മയങ്ങി കിടന്നിരുന്ന ശ്രീനിവാസന്‍ പെട്ടെന്ന് ഉണര്‍ന്ന് മരത്തിന്റെ സ്റ്റൂള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പിന്നില്‍ അടിയേറ്റാണ് രണ്ടുപേര്‍ അബോധാവസ്ഥയിലായത്.' നിലവില്‍ നാലുപേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ശ്രീനിവാസന് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.