തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷ അജിത തങ്കപ്പനെ അയോഗ്യയാക്കി; നടപടി യോഗങ്ങളിൽ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്ന്

മൂന്ന് മാസത്തിലധികം സ്റ്റാൻ‍ഡിങ് കമ്മിറ്റി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് അയോഗ്യതയ്ക്ക് കാരണമാകുമെന്ന നഗരപാലികാ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

Thrikkakara Municipality former Chairperson Ajitha Thangappan disqualified

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭാ മുൻ ചെയർപേഴ്സൺ അജിത തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കി. നിലവിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ അജിത കഴിഞ്ഞ മൂന്ന് മാസമായി യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. മൂന്ന് മാസത്തിലധികം സ്റ്റാൻ‍ഡിങ് കമ്മിറ്റി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് അയോഗ്യതയ്ക്ക് കാരണമാകുമെന്ന നഗരപാലികാ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. തീരുമാനം നഗരസഭാ സെക്രട്ടറി തന്നെ അജിത തങ്കപ്പനെ രേഖാമൂലം അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന്  വിട്ടുനിന്നതെന്നാണ് അജിത തങ്കപ്പൻ പറയുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചേർന്ന കൗൺസിൽ യോഗങ്ങളിൽ അജിത തങ്കപ്പൻ പങ്കെടുത്തിരുന്നു എന്നത് കൂടി പരിഗണിച്ചാണ് സ്റ്റാൻ‍ഡിങ് കമ്മിറ്റി യോഗത്തിൽ നിന്ന് മനപൂ‍ർവം വിട്ടുനിന്നതിന് അയോഗ്യയാക്കിയത്.

തൃക്കാക്കര നഗരസഭയിലെ ഓണക്കിഴി വിവാദത്തിൽ വിജിലൻസ് കോടതിയിൽ ഒന്നാം പ്രതിയാണ് അജിത തങ്കപ്പന്‍. ഗൂഢാലോചന, അഴിമതി അടക്കം വിവിധ വകുപ്പുകളാണ് അജിത തങ്കപ്പനെതിരെ ചുമത്തിയിട്ടുണ്ട്. നഗരസഭയിൽ ഓണക്കോടിക്കൊപ്പമാണ് കൗൺസിലർമാർക്ക് ചെയർപേഴ്സൺ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്സണ് തിരിച്ച് നൽകി. ഇവരാണ് വിജിലൻസിൽ പരാതി നൽകിയത്. സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഓണക്കോടിക്കൊപ്പം പണക്കിഴി നൽകിയില്ലെന്നായിരുന്നു അജിത തങ്കപ്പന്റെ നിലപാട്. കോൺഗ്രസ് പാർട്ടി തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നീട് രണ്ടര വർഷം ചെയർപേഴ്സണായിരുന്ന അജിത സ്ഥാനം രാജിവെച്ചിരുന്നു.

Also Read:  പന്തളം നഗരസഭയിൽ ബിജെപിക്ക് ഭരണം നഷ്ടം? അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു; ആഘോഷിച്ച് എൽഡിഎഫും യുഡിഎഫും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios