"എല്‍ഡിഎഫ് സ്ഥാനാർത്ഥി നമ്മുടെ സ്വന്തം ആൾ, കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ തന്നു": പിസി ജോര്‍ജ് പറയുന്നത്
സമൂഹമാധ്യമങ്ങളിലടക്കം പിസി തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം തുടരുന്നതിനിടെ പിസി ജോർജ് സംസാരിക്കുന്നു.
ആഭ്യൂഹങ്ങൾ അടങ്ങി, തൃക്കാക്കരയില്‍ ഇടത് വലത് മുന്നണി സ്ഥാനാർത്ഥികളുടെ ''ചിത്രം തെളിഞ്ഞു'', ബിജെപി / എന്‍ഡിഎ സ്ഥാനാർത്ഥിയുടെ കാര്യത്തിലാണ് തീരുമാനമറിയേണ്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മകന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കോഴിക്കോടുണ്ട്. സംസ്ഥാനത്തെ സകല ബിജെപി നേതാക്കളെ കൂടാതെ ജനപക്ഷം പാർട്ടി നേതാവ് പിസി ജോർജും കോഴിക്കോടെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം പിസി തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം തുടരുന്നതിനിടെ പിസി ജോർജ് സംസാരിക്കുന്നു.
ചോദ്യം - എപ്പോഴാണ് പിസി ജോർജ് സ്ഥാനാർത്ഥിയാകുമോയെന്ന് ഉറപ്പിക്കുക ?
പിസി ജോർജ് - ഒരു കാരണവശാലും ഞാന്‍ സ്ഥാനാർത്ഥിയാകില്ല. ഞാന്‍ എന്‍ഡിഎയുടെ ഭാഗമല്ല. സ്ഥാനാർത്ഥിയാകാനല്ല ഞാന്‍ ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുത്തു പ്രസംഗിച്ചത്. അവിടെ ഞാനൊരു ആശയം മുന്നോട്ടു വച്ചിരിക്കുകയാണ്. അതിനുവേണ്ടിയുള്ള യുദ്ധത്തില്‍ ഏർപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ സ്ഥാനാർത്ഥിയായാല്‍ അതിനുവേണ്ടിയാണ് എല്ലാം എന്ന് തോന്നും. അത് ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല. ആര് നിർബന്ധിച്ചാലും ഞാന്‍ സ്ഥാനാർത്ഥിയാകുന്ന പ്രശ്നമില്ല.
ജെപി നദ്ദയെ കാണുമോ, ചർച്ച നടത്തുമോ ?
കാണും, പക്ഷേ അതിനായി വന്നതല്ല. കണ്ടാല്‍ മിണ്ടാതെ പോകാന്‍ പറ്റുമോ. എല്‍ഡിഎഫ് സർക്കാറിന്‍റെ വിവരക്കേടുകൊണ്ട് പാതിരാത്രി എന്നെ പിടിച്ചുകൊണ്ടുപോയപ്പോൾ പിന്തുണയായി വന്നത് ബിജെപിയും ആർഎസ്എസുമാണ്. ആ നന്ദി എനിക്ക് അവരോടുണ്ട്.
ഇരു മുന്നണികളുടെയും സ്ഥാനാർത്ഥികളെ പറ്റി എന്താണ് പറയാനുള്ളത് ?
ഉമ തോമസ് സ്ഥാനാർത്ഥിയായി നില്‍ക്കുന്നില്ലെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. പിടി തോമസിന്‍റെ മക്കളും പറഞ്ഞു. കൂടാതെ കോൺഗ്രസ് നേതാക്കളെ പോലും അപമാനിച്ചാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കിയത്. ഡൊമനിക് പ്രസന്‍റേഷന്‍, സിമ്മി റോസ്ബെല്‍, ദീപ്തി മേരി വർഗീസ് തുടങ്ങി പലരും സ്ഥാനാർത്ഥി നിർണയത്തില്‍ തർക്കമുള്ളവരാണ്. വിഡി സതീശനെ പറ്റി മോശം അഭിപ്രായമാണ് കൃസ്ത്യന്‍ വിഭാഗങ്ങൾക്കിടയിലുള്ളത്. പാലാ ബിഷപ്പിനെ പറ്റി സതീശന്‍ പറഞ്ഞത് പിണറായി വിജയന്‍റെ നികൃഷ്ട ജീവി പ്രയോഗത്തേക്കാൾ മോശമാണ്. വി ഡി സതീശന്‍റെ മാത്രം സ്ഥാനാർത്ഥിയെന്ന നിലയില്‍ ഉമയ്ക്ക് നഷ്ടമുണ്ടാകും.
എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ പറ്റി എന്താണഭിപ്രായം ?
എന്‍റെ നാട്ടുകാരനാണ് ഡോ ജോ ജോസഫ്. നമ്മുടെ സ്വന്തം ആളാണ്. കുടുംബം മൊത്തം കേരള കോൺഗ്രസിനൊപ്പമാണ്. എന്‍റെ നിയോജക മണ്ഡലം പ്രസിഡന്‍റ് കെ എഫ് കുര്യന്‍ കളപ്പുരയ്ക്കല്‍ പറമ്പിലിന്‍റെ ജ്യേഷ്ഠന്‍റെ മകനാണ് ജോ ജോസഫ്. കുറച്ചു ദിവസം മുന്‍പ് ഈരാറ്റു പേട്ടയില്‍ വന്നപ്പോൾ കണ്ടിരുന്നു. അപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മതന്നു.
നിങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിച്ചയാളാണോ ?
അങ്ങനെയല്ല. പക്ഷേ സിപിഎം വേദികളിലൊന്നും അദ്ദേഹത്തെ കണ്ടിട്ടില്ല. ഡിവൈഎഫ്ഐയോ സിപിഎമ്മോ പിരിവ് ചോദിച്ച് ചെന്നപ്പോൾ കൊടുത്തുകാണും. പക്ഷേ അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വം കൊണ്ട് ഉമ തോമസിനോട് മുട്ടി നില്‍ക്കാന്‍ സിപിഎമ്മിനാകും. പാർട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതോടെ രാഷ്ട്രീയ പോര് തന്നെയാകും.
സിപിഎം സഭയുടെ നിർദേശപ്രകാരമാണ് സ്ഥാനാർത്ഥിയെ നിർത്തിയതെന്ന ആരോപണമുണ്ട്. അത്രയ്ക്ക് സ്വാധീനം തൃക്കാക്കര മണ്ഡലത്തില്‍ സഭയ്ക്കുണ്ട് എന്ന് കരുതുന്നുണ്ടോ ?
സിപിഎമ്മിന്‍റെ കണക്കുകൂട്ടല്‍ ശരിയാണ്. അത് ശരിയാകുമോയെന്ന് കണ്ടറിയണം. കോൺഗ്രസിന്‍റെ ലക്ഷ്യം സഹതാപ തരംഗമാണ്. അത് തന്നെ ഗതികേടല്ലേ. കോൺഗ്രസിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് സിപിഎം ഇപ്പോൾ ശ്രമിക്കുന്നത്. ചുരുക്കത്തില്‍ ഇരുവരും വർഗീയ കാർഡിറക്കിയാണ് കളിക്കുന്നത്.
ബിജെപി തൃക്കാക്കരയില്‍ നിർണായക ശക്തിയാകുമോ ?
പിസി - ഇല്ല, ആകെ പതിനാലായിരം വോട്ട് മാത്രമേ ബിജെപിക്ക് കഴിഞ്ഞ തവണ അവിടെ ലഭിച്ചുള്ളൂ. നിർണായക ശക്തിയാകില്ല, ഇനി ആയാലേ ഉള്ളൂ.