ഇറാൻ പിടികൂടിയ ഇസ്രയേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ മൂന്ന് മലയാളികൾ; ആശങ്കയിൽ കുടുംബങ്ങൾ
ഇസ്രയേൽ പൗരനായ ഇയാല്‍ ഓഫറിന്‍റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍-സ്വിസ് കമ്പനി എംഎസ്‍സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചരക്ക് കപ്പലാണ് ഇറാന്‍ സേന പിടികൂടിയത്
കോഴിക്കോട്: ഇറാന്‍ പിടികൂടിയ ഇസ്രയേല്‍ ബന്ധമുളള ചരക്ക് കപ്പലില്‍ മൂന്ന് മലയാളികളുളളതായി കപ്പലിലെ സെക്കന്‍ഡ് എന്‍ജീനിയറായ കോഴിക്കോട് സ്വദേശി ശ്യാംനാഥിന്‍റെ കുടുംബം. ശ്യാംനാഥിന് പുറമെ വയനാട് സ്വദേശി മിഥുനും പാലക്കാട് സ്വദേശി സുമേഷും കപ്പലിലുണ്ട്. ചരക്ക് കപ്പലായതിനാല്‍ തന്നെ ജീവനക്കാരോട് ഇറാന്‍ ശത്രുത കാട്ടില്ലെന്നാണ് പ്രതീക്ഷയെന്ന് ശ്യാംനാഥിന്‍റെ കുടുബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇസ്രയേൽ പൗരനായ ഇയാല്‍ ഓഫറിന്‍റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍-സ്വിസ് കമ്പനി എംഎസ്‍സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചരക്ക് കപ്പലാണ് ഇറാന്‍ സേന പിടികൂടിയത്. വിവരം കപ്പല്‍ കമ്പനി കോഴിക്കോട് വെള്ളിപറമ്പിലെ ശ്യാംനാഥിന്‍റെ കുടുംബത്തെ ഇന്നലെ ഉച്ചയോടെയാണ് അറിയിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ശ്യാം നാഥ്. നിലവില്‍ കപ്പലിലെ സെക്കന്‍ഡ് എന്‍ജിനീയറായ ശ്യാമിനൊപ്പം സെക്കന്‍ഡ് ഓഫീസര്‍ വയനാട് സ്വദേശി മിഥുനും തേര്‍ഡ് എന്‍ജിനീയറായ പാലക്കാട് സ്വദേശി സുമേഷും ജോലി ചെയ്യുന്നുണ്ട്.
വിഷുവിന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു ശ്യാംനാഥ്. പകരം ജോലിക്ക് കയറേണ്ട ആള്‍ വൈകിയതിനാലാണ് യാത്ര മാറ്റേണ്ടി വന്നത്. കരസേനയിലും കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഷിപ്പിംഗ് മന്ത്രാലയത്തിലും ഏറെ കാലം ജോലി ചെയ്തയാളാണ് ശ്യാംനാഥിന്‍റെ പിതാവ് വിശ്വനാഥന്‍. ഇന്ത്യയും അമേരിക്കയും അടക്കമുളള രാജ്യങ്ങള്‍ വിഷയത്തില്‍ നടത്തിയ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും വിവിധ രാജ്യങ്ങളിലെ പൗരന്‍മാര്‍ ഉള്‍പ്പെടുന്ന ചരക്ക് കപ്പലിനോട് ഇറാന്‍ ശത്രുത കാട്ടേണ്ട കാര്യമില്ലെന്നും വിശ്വനാഥനും കുടുംബാഗങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചു.