പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും ദാരുണാന്ത്യം, എല്ലാവരേയും തിരിച്ചറിഞ്ഞു
ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് KL-01-AJ-2102 മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്.
പത്തനംതിട്ട : വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കും ദാരുണാന്ത്യം. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇടുക്കി ചക്കുപള്ളം സ്വദേശികളായ ഇവർ പത്തു വർഷമായി പത്തനംതിട്ട കുമ്പനാട് ആണ് താമസിക്കുന്നത്. മരിച്ച ചാണ്ടി മാത്യു പാസ്റ്റർ ആണ്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന KL-01-AJ-2102 മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. 20 മിനിറ്റോളം കാർ വെള്ളത്തിൽ മുങ്ങിക്കിടന്നെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. പുറകിലുണ്ടായിരുന്ന കാർ കാണ്മാനില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് ആദ്യഘട്ടത്തിൽ തിരിച്ചിൽ നടത്തിയത്. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന എത്തിയാണ് കാർ കരക്കെത്തിച്ചത്.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്നു വിദ്യാർത്ഥിനിയുടെ കോളേജ് ഐഡി കാർഡിലെ വിവരങ്ങളിൽ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. പരുമലയിലെ കോളേജിലെ വിദ്യാർത്ഥിനിയാണെന്ന് വ്യക്തമായതോടെ ഇതനുസരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
Kerala Rain:കനത്ത മഴയിൽ മരണം 2, നാളെ മുതൽ മഴ ശക്തിപ്രാപിക്കും,ജില്ലകളിൽ കൺട്രോൾ റൂമുകൾ
മഴ ശക്തം, ആറ്റിൽ കാണാതായ വയോധികക്കായി തിരച്ചിൽ
പത്തനംതിട്ട ജില്ലയിൽ വിവിധ ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയും രൂക്ഷമാണ്. മലയോര മേഖലയിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായതോടെ ഗതാഗതം അടക്കം തടസപ്പെട്ടു. റാന്നി അത്തിക്കയത്ത് പമ്പായറ്റിൽ വീണു കാണാതായ വയോധികക്കായുള്ള തെരച്ചിൽ തുടരുകയാണ്. പത്തനംതിട്ടയിൽ പലയിടത്തും റോഡുകളിൽ
വെള്ളക്കെട്ട് ഉണ്ട്. മഴ ശക്തമായതോടെ ചിറ്റാറിലും സീതത്തോട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്കിയിരിക്കുകയാണ്.