തോട്ടപ്പുഴശേരിയിൽ നാല് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ സിപിഎം നടപടി; ഒരു വർഷത്തേക്ക് സസ്പെൻഷൻ
പത്തനംതിട്ട തോട്ടപ്പുഴശേരിയിൽ പാർട്ടി വിപ്പ് ലംഘിച്ച് പഞ്ചായത്ത് പ്രസിഡൻ്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയ സിപിഎം അംഗങ്ങളെ പാർട്ടി സസ്പെൻ്റ് ചെയ്തു
പത്തനംതിട്ട: തോട്ടപ്പുഴശ്ശേരിയിൽ നാല് പഞ്ചായത്ത് അംഗങ്ങളെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സിപിഎം സസ്പെൻഡ് ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടിനെതിരായ അവിശ്വാസത്തിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാണ് നടപടി. ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവും നടപടി നേരിട്ടവരിലുണ്ട്. പാർട്ടി വിമതനായ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയിയെയാണ് സിപിഎം അംഗങ്ങൾ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. ഈ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. വിമതനായ ബിനോയിയെ തിരികെ പാർട്ടിയിൽ എത്തിക്കാൻ നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് കോൺഗ്രസിന് ഒപ്പം കൂടി നാലു പഞ്ചായത്ത് അംഗങ്ങൾ അവിശ്വാസം കൊണ്ട് വന്നത്.