'ഇഡി കേസ് പുതിയ സംഭവവികാസങ്ങളിലേക്ക് നീങ്ങുന്നു, ഒരിഞ്ച് വിട്ടുകൊടുക്കില്ല, ശക്തമായി ഏറ്റുമുട്ടും': ഐസക്ക്
വെറുതെ വിരട്ടാൻ നോക്കണ്ടെന്നും ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോൾ കാണാമെന്നും ഇ ഡിയെ ഐസക്ക് വെല്ലുവിളിച്ചു.
കൊച്ചി: മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെതിരായ ഹൈക്കോടതിയുടെ ചോദ്യങ്ങൾക്ക് പിന്നാലെ ശക്തമായ പ്രതികരിച്ച് മുൻ ധനമന്ത്രിയും പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർഥിയുമായ തോമസ് ഐസക്ക് രംഗത്ത്. ഇ ഡി കേസ് പുതിയ സംഭവവികാസങ്ങളിലേക്ക് നീങ്ങുകയാണെന്നും ഇ ഡി യോട് ശക്തമായി ഏറ്റുമുട്ടുമെന്നുമാണ് ഐസക്ക് പ്രതികരിച്ചത്. ഒരു ഇഞ്ച് പോലും ഇ ഡിക്ക് വഴങ്ങില്ലെന്നും ബി ജെ പിയുടെ രാഷ്ട്രീയ ഏജൻസി മാത്രമാണ് ഇ ഡിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി ജെ പിയുടെ കൊള്ളയടിക്കൽ യന്ത്രമാണ് ഇ ഡി. അത്തരത്തിലുള്ള അന്വേഷണ ഏജൻസിയുടെ ഭീഷണിക്ക് താൻ വഴങ്ങില്ലെന്നും ഐസക്ക് പറഞ്ഞു. മസാല ബോണ്ട് കേസിൽ തനിക്കെതിരെ തെളിവുണ്ടെങ്കിൽ ആ തെളിവുമായി ഇ ഡി കോടതിയിൽ വരട്ടെ. നിയമലംഘനം ഉണ്ടെകിൽ കേസ് എടുക്കണം. അല്ലാതെ വെറുതെ വിരട്ടാൻ നോക്കണ്ടെന്നും ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോൾ കാണാമെന്നും ഇ ഡിയെ ഐസക്ക് വെല്ലുവിളിച്ചു.
മസാല ബോണ്ട് കേസിലെ ഐസക്കിന്‍റെ ഉപഹർജി ഇന്ന് പരിഗണിച്ചപ്പോഴാണ് ഇ ഡിക്കെതിരെ ഹൈക്കോടതി ചോദ്യം ഉയർത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യമെന്തെന്ന് കുറഞ്ഞ പക്ഷം കോടതിയെ എങ്കിലും ബോധ്യപ്പെടുത്തണമെന്നതടക്കമുള്ള കാര്യങ്ങളാണ് ഇഡിയോട് ഹൈക്കോടതി പറഞ്ഞത്. എന്തിന് വേണ്ടിയാണ് ഐസകിനെ ചോദ്യം ചെയ്യുന്നതെന്ന് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശേഷം കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അതുവരെ ഐസക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന മുൻ ഉത്തരവ് നിലനിൽക്കുമെന്നും ജസ്റ്റിസ് ടി ആര്‍ രവി വ്യക്തമാക്കിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം