ജനശതാബ്ദി ഇനി വേറെ ലെവൽ; എൽഎച്ച്ബി കോച്ചുകൾ വരുന്നു, സൗകര്യങ്ങളും സുരക്ഷയും കൂടും
കാലപ്പഴക്കമുള്ള കോച്ചുകളും അസൌകര്യങ്ങളും കാരണം പലപ്പോഴും ജനശതാബ്ദിയിലെ യാത്ര ദുരിതം നിറഞ്ഞതാണ്. ഇതിനാണ് പരിഹാരമാകാൻ പോകുന്നത്.
തിരുവനന്തപുരം: കേരളത്തിലെ ജനശതാബ്ദി എക്സ്പ്രസിന് ആധുനിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. പുതിയ എൽഎച്ച്ബി കോച്ചുകൾ (ലിങ്ക് ഹോഫ്മാൻ ബുഷ്) വരുന്നതോടെ യാത്ര കൂടുതൽ സുഖപ്രദമാകും. ഒപ്പം സുരക്ഷയും വർദ്ധിക്കും.
തിരുവനന്തപുരം സെൻട്രൽ മുതൽ കണ്ണൂർ വരെയുള്ള (ട്രെയിൻ നമ്പർ 12081) ജനശതാബ്ദി ട്രെയിനിൽ സെപ്തംബർ 29നും കണ്ണൂർ മുതൽ തിരുവനന്തപുരം സെൻട്രൽ വരെയുള്ള (ട്രെയിൻ നമ്പർ 12082) ജനശതബ്ദി ട്രെയിനിൽ സെപ്റ്റംബർ 30നുമാണ് എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. സുരക്ഷിതത്വത്തിനും സുഖസൗകര്യങ്ങൾക്കും പേരുകേട്ട ആധുനിക പാസഞ്ചർ കോച്ചുകളാണ് എൽഎച്ച്ബി കോച്ചുകൾ. 2000ലാണ് ആദ്യമായി അവതരിപ്പിച്ചത്. പഴയ ഐസിഎഫ് കോച്ചുകൾക്ക് പകരമായി ഇന്ത്യൻ റെയിൽവേ എൽഎച്ച്ബി കോച്ചുകളാണ് ഇന്ന് ഉപയോഗിക്കുന്നത്.
കാലപ്പഴക്കവും അസൌകര്യങ്ങളും കാരണം പലപ്പോഴും ജനശതാബ്ദിയിലെ യാത്ര ദുരിതം നിറഞ്ഞതാണ്. ഇതിനാണ് പരിഹാരമാകാൻ പോകുന്നത്. കോച്ചുകൾ കപുർത്തലയിലെ കോച്ച് ഫാക്ടറിയിൽ നിന്ന് എത്തിക്കഴിഞ്ഞു. വീതി കൂടിയ സീറ്റുകളും സ്ഥല സൌകര്യവുമാണ് പ്രധാന പ്രത്യേകത. ജർമൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന സ്റ്റെയിൻലസ് സ്റ്റീൽ കോച്ചുകളാണിവ. 160 കിലോമീറ്റർ വരെ വേഗതയിൽ പോകാനാകും. നേരത്തെയുള്ള കോച്ചുകൾ 100 ഡെസിബൽ ശബ്ദം പുറപ്പെടുവിക്കുമ്പോൾ എൽഎച്ച്ബി കോച്ചുകൾ 60 ഡെസിബൽ ശബ്ദമേ പുറപ്പെടുവിക്കൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം