അക്രമിസംഘത്തിൽ 6 പേർ, കൊല നടത്തി രക്ഷപ്പെട്ടത് കാറിൽ, കൊലപാതകത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം

ബൈക്ക് ഉടമയടക്കം മൂന്ന് പേർ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. രാഷ്ട്രീയകാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്

thiruvananthapuram dyfi worker murder six people involved

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ  വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമിസംഘത്തിലുണ്ടായിരുന്നത് ആറ് പേരായിരുന്നുവെന്ന് വിവരം. ബൈക്കിലെത്തി കൊല നടത്തിയ ശേഷം ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് കാറിലാണ് രക്ഷപ്പെട്ടത്. അക്രമം നടത്തിയതിന് സമീപമുള്ള സിസിടിവി ക്യാമറയും അക്രമികൾ തിരിച്ചു വെച്ചെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാലിക്കാര്യത്തിൽ സ്ഥിരീകരണമില്ല. 

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബൈക്ക് ഉടമയടക്കം മൂന്ന് പേർ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. രാഷ്ട്രീയകാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറൽ എസ് പി വ്യക്തമാക്കിയിട്ടുണ്ട്. 

തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം, മൂന്ന് പേർ കസ്റ്റഡിയിൽ

കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോൺഗ്രസ്-സിപിഎം തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധിത്തവണ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കഴിഞ്ഞദിവസം ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. കേസിൽ കോൺഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളും ഇന്നലത്തെ കൊലപാതകത്തിലുൾപ്പെട്ടതായാണ് പൊലീസ് പറയുന്നത്. പ്രദേശിക കോൺഗ്രസ് നേതാവായ സജീവ് എന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. ഹക് മുഹമ്മദ് സിപിഐഎം കലിങ്ങില്‍ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മിഥി രാജ് ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ്. പ്രദേശത്ത് നേരത്തെ കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണ് എന്ന് സിപിഎം ആരോപിച്ചു. രാഷ്ട്രീയ കാരണങ്ങളെന്ന് കൊലയിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറൽ എസ്പി പ്രതികരിച്ചു. ബൈക്കിൻ്റെ ഉടമ നജീബും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.  

Latest Videos
Follow Us:
Download App:
  • android
  • ios