അനിശ്ചിതത്വം തുടരുന്നു; കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്കാരം ഇന്ന് നടന്നേക്കും
മലമുകൾ ഓർത്തഡോക്സ് സെമിത്തേരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങുകൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് മുടങ്ങിയത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്കാരം ഇന്ന് നടന്നേക്കും. നാട്ടുകാരുടെ പ്രതിഷേധമുളളതിനാൽ മലമുകൾ ശ്മശാനത്തിൽ സംസ്കരിക്കാനിടയില്ല. മൃതദേഹം ദഹിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
നാലാഞ്ചിറ സ്വദേശിയായ ഫാ. കെ ജി വർഗീസിന്റെ സംസ്കാരചടങ്ങിൽ അനിശ്ചിതത്വം തുടരുകയാണ്. മലമുകൾ ഓർത്തഡോക്സ് സെമിത്തേരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങുകൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് മുടങ്ങിയത്. പ്രദേശത്ത് സെമിത്തേരി സ്ഥാപിക്കുന്നതിനെതിരെ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കേസ് തീർപ്പാകുന്നതിന് മുൻപ് സംസ്കാരം നടത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധം ഉണ്ടായത്.
Also Read: കൊവിഡ് മൂലം മരണപ്പെട്ട വൈദികൻ്റെ സംസ്കാരം നാട്ടുകാർ തടഞ്ഞു
പ്രതിഷേധം മണിക്കൂറുകൾ നീണ്ടതോടെയാണ് വൈദികന്‍റെ സംസ്കാരം നടത്താതെ ഉദ്യോഗസ്ഥർ മടങ്ങിയത്. തുടർന്നാണ് മറ്റ് സാധ്യതകൾ കുടുംബവും സഭ അധികൃതരും ആലോചിച്ചത്. ഓർത്തഡോക്സ് സഭയുടെ മറ്റൊരു പളളിയിൽ സംസ്കാരം നടത്തുന്നതിനാണ് ആലോചന. വൈദികന്റെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് വെല്ലുവിളിയായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും പേരൂർക്കട ആശുപത്രിയിലും ഇദ്ദേഹത്തെ പരിചരിച്ചവർ നിരീക്ഷണത്തിലാണ്.
Also Read: തിരുവനന്തപുരത്തെ വൈദികന് കൊവിഡ് ബാധിച്ചതെവിടെ നിന്ന്? ആശങ്ക
പുതുതായി 14 പേർക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ലയിലെ രോഗികളുടെ എണ്ണം 61 ആയി. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരിൽ 13 പേർ വിദേശത്ത് നിന്നും ഒരാൾ മുംബൈയിൽ നിന്നും വന്നതാണ്.