റെക്കോർഡിലേക്ക് പറന്നുയർന്ന് തിരുവനന്തപുരം വിമാനത്താവളം; 2024ൽ ലക്ഷങ്ങൾ വര്‍ധിച്ച് ആകെ യാത്രക്കാർ 49.17 ലക്ഷം
2023 ഇതേ കാലയളവിൽ 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം
തിരുവനന്തപുരം: പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. 2024 ജനുവരി മുതൽ ഡിസംബർ വരെ 49.17 ലക്ഷം പേർ തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്തു. 2023 ഇതേ കാലയളവിൽ 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. വർധന- 18.52%. 2022-ൽ 31.11 ലക്ഷമായിരുന്നു ആകെ യാത്രക്കാർ.
2024ലെ ആകെ യാത്രക്കാരിൽ 26.4 ലക്ഷം പേർ ഇന്ത്യൻ നഗരങ്ങളിലേക്കും 22.7 ലക്ഷം പേർ വിദേശനഗരങ്ങളിലേക്കുമാണ് യാത്ര ചെയ്തത്. എയർ ട്രാഫിക് മൂവ്മെന്റുകളുടെ (എടിഎം) 28306 ഇൽ നിന്ന് 32324 ആയി ഉയർന്നു- 14.19% വർധന. ഇന്ത്യൻ നഗരങ്ങളിൽ ബെംഗളുരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലേക്കും വിദേശ നഗരങ്ങളിൽ അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കുമാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, എയർ അറേബ്യ എന്നീ എയർലൈനുകളാണ് കൂടുതൽ സർവീസുകൾ നടത്തിയത്.
നിലവിൽ പ്രതിദിനം ശരാശരി 100 സർവീസുകൾ വഴി 15000നു മുകളിൽ യാത്രക്കാരാണ് തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്യുന്നത്. 11 ഇന്ത്യൻ നഗരങ്ങളിലേക്കും 14 വിദേശനഗരങ്ങളിലേക്കും തിരുവനന്തപുരത്തു നിന്ന് സർവീസുകളുണ്ട്. പ്രതിമാസ യാത്രക്കാരുടെ ശരാശരി 4 ലക്ഷത്തിനു മുകളിൽ എത്തി. ഡിസംബറിൽ മാത്രം യാത്ര ചെയ്തത് 4.52 ലക്ഷം പേരാണ്. ഇതും സർവകാല റെക്കോർഡ് ആണ്. വിമാനത്താവളം വഴിയുള്ള ആഭ്യന്തര കാർഗോ നീക്കം 33.3% വർധിച്ചു 3279 മെട്രിക് ടൺ ആയി.