'ശിക്ഷ പോര, ഇരട്ട ജീവപര്യന്തം എങ്കിലും പ്രതീക്ഷിച്ചു, വധശിക്ഷ തന്നെ കൊടുക്കണം'; നെഞ്ചുലഞ്ഞ് ഹരിത
വിചാരണ സമയത്ത് ഭീഷണി നേരിട്ടിരുന്നുവെന്നും ഹരിത വെളിപ്പെടുത്തി. നിന്നെയും കൊല്ലും എന്നായിരുന്നു ഭീഷണി.
പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിലെ വിധിയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നതായി ഹരിത പറഞ്ഞു. കൂടുതൽ ശിക്ഷയ്ക്ക് അപ്പീൽ പോകുമെന്നും ഹരിത പറഞ്ഞു. ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവർക്ക് ഈ ശിക്ഷ കൊടുത്തതിൽ എനിക്ക് തൃപ്തിയില്ല. വധശിക്ഷ തന്നെ കൊടുക്കണം. ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നു. ഹരിത മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരായെന്നായിരുന്നു അച്ഛന്റെയും പ്രതികരണം. വിചാരണ സമയത്ത് ഭീഷണി നേരിട്ടിരുന്നുവെന്നും ഹരിത വെളിപ്പെടുത്തി. നിന്നെയും കൊല്ലും എന്നായിരുന്നു ഭീഷണി.
പ്രതികൾക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴത്തുക കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയ്ക്ക് നൽകാൻ പാലക്കാട് ഫസ്റ്റ്ക്ലാസ് അഡിഷണൽ സെഷൻസ് കോടതി വിധിച്ചു. കൊലപാതകം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കോടതി കണ്ടെത്തിയത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഭീഷണിപ്പെടുത്തിയതിന് മൂന്ന്
വർഷം തടവ് അനുഭവിക്കണം. പ്രതികൾക്ക് വധശിക്ഷ വേണമെന്നായിരുന്നു പ്രൊസിക്യൂഷൻ്റെ വാദം. എന്നാൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
എന്തെങ്കിലും പറയാനുണ്ടോയെന്ന് ഒന്നാം പ്രതി സുരേഷ്കുമാറിനോടും രണ്ടാംപ്രതി പ്രഭുകുമാറിനോടും കോടതി ചോദിച്ചു. ഒന്നുമില്ലെന്ന് മറുപടി. കോടതിവരാന്തയിൽ പൊട്ടിക്കരഞ്ഞ ഹരിതയെ മുകൾ നിലയിൽ നിന്നും നിറഞ്ഞ ചിരിയോടെയാണ് അഛനും അമ്മാവനും നോക്കി നിന്നത്. സാമ്പത്തികമായും ജാതീയമായും മുന്നോക്കം നിൽക്കുന്ന ഹരിതയെ വിവാഹം ചെയ്തെന്ന കാരണത്താലാണ് പ്രതികൾ അനീഷിനെ കൊലപ്പെടുത്തിയത്.
പ്രതികളുടേത് അതിക്രൂര കൊലപാതകമല്ല, അപൂ൪വങ്ങളിൽ അപൂ൪വമല്ല കേസെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതികളുടേത് തൂക്കു കയ൪ ലഭിക്കാവുന്ന കുറ്റമെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. ഇരുഭാഗത്തിൻറെയും വാദപ്രതിവാദങ്ങൾ കേട്ട ശേഷമാണ് പാലക്കാട് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ആ൪. വിനായകറാവു വിധി പ്രസ്താവിച്ചത്. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88-ാംനാളിലായിരുന്നു കൊലപാതകം.