പെട്രോൾ പമ്പിലെത്തി തീ കൊളുത്തിയ ആൾ മരിച്ചു; സംഭവം ഇന്നലെ രാത്രി തൃശ്ശൂരിൽ
ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയിൽ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോൾ പമ്പിൽ ശനിയാഴ്ച്‌ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
തൃശ്ശൂർ: തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ പെട്രോൾ പമ്പിൽ എത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി 43 വയസ്സുള്ള ഷാനവാസ് ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.
ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയിൽ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോൾ പമ്പിൽ ശനിയാഴ്ച്‌ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അതിൽ നൽകാൻ തയ്യാറായില്ല. കാൻ കൊണ്ടുവന്നാൽ പെട്രോൾ നൽകാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയിൽ പെട്രോൾ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം പെട്രോൾ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു.
തീ ആളിപ്പടർന്ന ഉടൻതന്നെ ജീവനക്കാർ പമ്പിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. തൊട്ടടുത്ത മെറീന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇയാളെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.