മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വീടിന് തീയിട്ടു, സംഭവത്തില്‍ ദുരൂഹത
ബിജോയിയുടെ വീട്ടുകാര്‍ തന്നെയാണ് വീടിന് തീയിട്ടുകൊണ്ടുള്ള നാടകം കളിക്കുന്നതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എന്നാല്‍, നാട്ടുകാരാണ് വീടിന് തീയിട്ടതെന്നാണ് ബിജോയിയുടെ വീട്ടുകാരോടെ പരാതി
കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി പ്രതിയുടെ വീടിന് തീയിട്ടു. മുണ്ടക്കയം ഇഞ്ചിയാനി ആലുംമൂട്ടില്‍ ജോയല്‍ ജോസഫിനെ കുത്തിക്കൊന്നെ സംഭവത്തിലെ പ്രതിയായ അയല്‍വാസി ഒണക്കയം ബിജോയിയുടെ വീടിനാണ് തീയിട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വീടിന് ആരാണ് തീയിട്ടതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നാട്ടുകാരാണ് വീടിന് തീയിട്ടതെന്നാണ് ബിജോയിയുടെ വീട്ടുകാരുടെ പരാതി. എന്നാല്‍, ജനരോഷം ഭയന്ന് ബിജോയിയുടെ ബന്ധുക്കള്‍ തന്നെയാണ് വീടിന് തീയിട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം. തീപിടിച്ച് വീട് ഏകദേശം പൂർണമായി തന്നെ കത്തി നശിച്ചിട്ടുണ്ട്. ആരാണ് തീയിട്ടത് എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ഇന്നലെയായിരുന്നു അയൽവാസിയായ ജോയലിനെ ബിജോയി വീടിന് സമീപം വച്ച് കുത്തി കൊലപ്പെടുത്തിയത്. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ജോയലിനെ യാതൊരു പ്രകോപനവുമില്ലാതെ ബിജോയി കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ രീതിയിലുള്ള ജനരോഷമാണ് പ്രദേശത്തുണ്ടായിരുന്നത്. ജോയലിന്‍റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കാനിരിക്കെയാണ് കേസിലെ പ്രതിയുടെ വീടിന് തീയിടുന്ന അസാധാരണ സംഭവം നടന്നത്. ശ്രദ്ധതിരിച്ചുവിടാന്‍ ബിജോയിയുടെ വീട്ടുകാര്‍ തന്നെയാണ് വീടിന് തീയിട്ടുകൊണ്ടുള്ള നാടകം കളിക്കുന്നതെന്നും ദുരൂഹതയുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് വലിയരീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. നാട്ടിൽ പൊതു ശല്യമായി അറിയപ്പെടുന്ന ബിജോയിക്കെതിരെ പ്രദേശവാസികള്‍ പലതവണ പരാതി നല്‍കിയിട്ടുണ്ട്.
ഇഞ്ചിയാനി ആലുംമൂട്ടില്‍ ജോജോ -ഫിലോമിന ദമ്പതികളുടെ മകന്‍ ജോയല്‍ ജോസഫ് (27) ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് വീട്ടുവളപ്പില്‍വെച്ച് ആക്രമിക്കപ്പെട്ടത്. ജോയല്‍ വീടിനോടു ചേര്‍ന്നുളള പുരയിടത്തില്‍ നിന്നും കാപ്പിക്കുരു പറിക്കുന്നതിനിടയില്‍ അതുവഴി വന്ന ബിജോയി അസഭ്യം പറയുകയും സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. തുടർന്ന് കൈയിൽ കരുതിയിരുന്ന പിച്ചാത്തി കൊണ്ട് ജോയലിനെ കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ജോയലിനെ ഇരുപത്തിയാറാംമൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിനുശേഷം സ്വന്തം വീട്ടിലെത്തിയ ബിജോയി കതകടച്ച് വീട്ടിനുളളില്‍ ഇരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ബിജോയി നാട്ടിൽ പൊതുശല്യമാണെന്ന് നാട്ടുകാർ പറയുന്നു. സ്ഥിരം മദ്യപാനിയായ ബിജോയി ഉണ്ടാക്കിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുമ്പും നാട്ടുകാരിൽ പലരും പോലീസിനെ സമീപിച്ചിട്ടുണ്ട്. വിദേശത്തുള്ള ജോബിനാണ് ജോയലിന്റെ ഏക സഹോദരൻ. ജോയലിന്‍റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് ഇഞ്ചിയാനി ഹോളി ഫാമിലി പളളി സെമിത്തേരിയില്‍ നടക്കും.
നവകേരള സദസിൻെറ പേരിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ ഭീഷണി; 'വിട്ടുനിന്നാൽ കുടുംബശ്രീ അംഗങ്ങൾക്കെതിരെ നടപടി'