ഇലക്ട്രൽ ബോണ്ടുകളിൽ ദുരൂഹതയേറുന്നു; കൂടുതൽ ബോണ്ടുകൾ വാങ്ങിയ കമ്പനികളിൽ പലതും അന്വേഷണ ഏജന്‍സി റഡാറിൽ

2018 മുതൽ 2019 ഏപ്രിൽ വരെയുള്ള 2500 കോടിയുടെ കണക്ക് എസ്ബിഐ ഇതുവരെ നല്‍കിയിട്ടില്ല

The 3 companies that bought the most electoral bonds are on the radar of central agencies, explainer

ദില്ലി: ഇലക്ടറല്‍ ബോണ്ടുകളുടെ ദുരൂഹത ഏറുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നതിനിടെയാണ് കോടികളുടെ ബോണ്ടുകള്‍ വാങ്ങികൂട്ടിയത്. ഏറ്റവും കൂടുതൽ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിൽ മൂന്നു കമ്പനികളും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നത് എന്ന് വ്യക്തമായി. ചില കമ്പനികൾ ആകെ ലാഭത്തിന്‍റെ പല ഇരട്ടി തുകയുടെ ബോണ്ട് വാങ്ങി. കേന്ദ്ര സർക്കാരിന്‍റെ വൻ കരാറുകൾ കിട്ടുന്നതിന് തൊട്ട് മുമ്പോ ശേഷമോ ആണ് ചില സ്ഥാപനങ്ങൾ കോടികൾ ബോണ്ട് വഴി സംഭാവന ചെയ്തത്. അന്വേഷണ ഏജൻസികളുടെ നടപടി നേരിടുന്നവരാണ് കൂടുതൽ ബോണ്ടുവാങ്ങിയതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഫ്യൂച്ചർ ഗെയിമിംഗ്, മേഘാ എഞ്ചിനീയറിംഗ്, വേദാന്ത  എന്നിവ ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിലുണ്ട്. ഈ മൂന്ന് കമ്പനകിളും ഇഡി, ആദായ നികുതി എന്നിയുടെ റഡാറിലുണ്ടായിരുന്നു.

ആകെ 1368 കോടിയുടെ ബോണ്ട് വാങ്ങിയ സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനി ഇഡി 409 കോടി പിടിച്ചെടുത്ത് 5 ദിവസത്തിന് ഉള്ളിൽ 100 കോടിയുടെ ബോണ്ട് വാങ്ങി. രണ്ടാമത്തെ കമ്പനിയായ മേഘ എഞ്ചിനീയറിങ് 2023 ഏപ്രിൽ 11 ന് 140 കോടിയുടെ ബോണ്ട് വാങ്ങി. ഒരു മാസത്തിനുശേഷം 14 ,400 കോടിയുടെ മഹാരാഷ്ട്ര ട്വിൻ ടണൽ പദ്ധതി ടെണ്ടർ മേഘ എഞ്ചിനീയറിങ് നേടിയതായും കാണാം.  പ്രമുഖ ഫാർമ കമ്പനികള്‍ അടുത്തടുത്ത ദിവസം ബോണ്ടുകള്‍ വാങ്ങിയതും ദുരൂഹമാണ്. സിപ്ല, ഡോ. റെഡ്ഡീസ്, ഇപ്‍ക ലാബോറട്ടറീസ് എന്നിവ  2022 നവംബർ പത്തിന് 50 കോടിയോളം രൂപയുടെ ബോണ്ട് വാങ്ങി.
ഗ്ലെൻമാർക്ക് , മാൻകൈൻഡ് കമ്പനികള്‍ നവംബർ 11ന് 30 കോടിയുടെയും മറ്റ് ചില ഫാർമ കമ്പനികള്‍ അതിനടുത്ത ദിവസവും ബോണ്ട് വാങ്ങി.  മാർച്ച് 2022ന്  സിപ്ള, ഗ്ളെൻമാർക്ക് തുടങ്ങിയ കമ്പനികള്‍ക്കെതിരെ നികുതിവെട്ടിപ്പ് അന്വേഷണം നടന്നിരുന്നുവെന്നതാണ് വാസ്തവം.  പ്രധാന ഖനി , സ്റ്റീൽ കമ്പനികൾ വാങ്ങി കൂട്ടിയത് 825 കോടിയുടെ ബോണ്ടാണ്. പശ്ചിമ ബംഗാളിൽ ഖനിക്കുള്ള അനുമതി കിട്ടി ഒരു മാസത്തിന് ശേഷമാണ് വേദാന്ത ഗ്രൂപ്പ് 25 കോടിയുടെ ബോണ്ട് വാങ്ങിയത്.  ഖനന അനുമതി നേടിയ സഞ്ജീവ് ഗോയങ്കയുടെ  ഹാൽദിയ എനർജി ഗ്രൂപ്പ് 375 കോടിയുടെ ബോണ്ടാണ് വാങ്ങിയത്. അനധികൃത ഖനനത്തിന് കേസ് നേരിട്ട എസ്സെൽ ഗ്രൂപ്പ് നല്തിയത് 224 കോടിയുടെ സംഭാവനയാണ്. 

നിഴൽ കമ്പനികളുടെ സൂചനയും പുറത്തുവന്ന പട്ടികയിലുണ്ട്. റിലയൻസുമായി ബിസിനസ് ബന്ധമുള്ള ക്വിക്ക് സപ്ളൈ ചെയിൻ എന്ന കമ്പനി 410 കോടിയുടെ ബോണ്ട് വാങ്ങി. എന്നാൽ ഈ കമ്പനിയുടെ ലാഭം ഇതിന്‍റെ നാലിലൊന്ന് മാത്രമാണെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു. ആകെ സംഭാവനയിൽ പകുതിയോളം കിട്ടിയത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ്.  6,060 .51 കോടി.  ആകെ സംഭാവനയില്‍  47.5 ശതമാനമാണ് ഇത്.  രണ്ടാമത് 1609 കോടിയ കിട്ടിയ തൃണമൂലും മൂന്നാമത് 1421 കോടി കിട്ടിയ കോണ്‍ഗ്രസും ആണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മാത്രം ബിജെപിക്ക് കിട്ടിയത് 1700 കോടിയാണ്. ലോക്സഭ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി 2024 ജനുവരിയിൽ കിട്ടിയത് 202 കോടിയും. 2018 മുതൽ 2019 ഏപ്രിൽ വരെയുള്ള 2500 കോടിയുടെ കണക്ക് എസ്ബിഐ ഇതു വരെ നല്കിയിട്ടില്ല. 

'ഞാൻ നിങ്ങളുടെ പത്മേച്ചി, ഒരു സ്ഥാനവും വേണ്ട'; അനില്‍ ആന്‍റണിയുടെ പ്രചാരണ പരിപാടിയിൽ പത്മജ വേണുഗോപാല്‍

 

Latest Videos
Follow Us:
Download App:
  • android
  • ios