'പ്രിയങ്ക ഗാന്ധിക്ക് വൻഭൂരിപക്ഷം നൽകി വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി': കെസി വേണുഗോപാല്‍
ഗോവിന്ദൻ മാഷിന്റെ മുഖത്ത് ബിജെപി തോറ്റതിന്റെ വിഷമമാണെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു.
ദില്ലി: വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഗോവിന്ദൻ മാഷിന്റെ മുഖത്ത് ബിജെപി തോറ്റതിന്റെ വിഷമമാണെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ അഭിനന്ദിക്കുകയാണ് എംവി ഗോവിന്ദൻ ചെയ്യേണ്ടിയിരുന്നതെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു. ജയം ജയം തന്നെ ആണ്. എന്നാൽ ചേലക്കരയിൽ യുഡിഎഫിന്റേത് പരാജയം തന്നെയാണ്. അതുപോലെ തന്നെ മഹാരാഷ്ട്രയിലെ തോൽവി അംഗീകരിക്കുന്നു എന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും കെസി പറഞ്ഞു.
ജാർഖണ്ഡിൽ മികച്ച വിജയം നേടി. കർണാടകയിൽ ബിജെപി കോട്ടകൾ കോൺഗ്രസ് പിടിച്ചെടുത്തു. സരിനെ തിരിച്ചെടുക്കുമോ എന്നത് സാങ്കൽപിക ചോദ്യമാണെന്നും അതിന് മറുപടിയില്ലെന്നുമായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. യഥാർത്ഥ വിഷയങ്ങൾ ജനം ചർച്ച ചെയ്യുന്നു എന്നാണ് ഫലം വ്യക്തമാക്കുന്നത്. സന്ദീപ് വാര്യർ ഫാക്റ്റർ, കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്ക് എന്നത് തിരുത്തിയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്. നാലുലക്ഷത്തിലധികം വോട്ടുകളുമായാണ് കന്നിയങ്കത്തിൽ പ്രിയങ്കയുടെ കൂറ്റൻ വിജയം. രണ്ട് ദിവസത്തിനകം മണ്ഡലത്തിലെത്തുമെന്നും വയനാട്ടിലെ വോട്ടര്‍മാരോട് നന്ദിയുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വയനാട്ടിലെ ഇടത് വോട്ടുകളിൽ കനത്ത ഇടിവുണ്ടായി. സത്യൻ മൊകേരിയുടെ വോട്ടുവിഹിതം 22 ശതമാനത്തിൽ ഒതുങ്ങി. ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല.