ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാൻ കർഷകരുടെ കഴുത്തിന് പിടിക്കുന്നു; സർക്കാരിനെതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
ഭൂനികുതി വർധനവിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സർക്കാർ കർഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വര്‍ധനവെന്ന് പാംപ്ലാനി തുറന്നടിച്ചു
![Thalassery Archbishop Mar Joseph Pamplany against government on land tax increase Thalassery Archbishop Mar Joseph Pamplany against government on land tax increase](https://static-gi.asianetnews.com/images/01jkm82mxevycpct4wje51tv6e/fotojet---2025-02-09t074919.739_363x203xt.jpg)
കണ്ണൂര്‍: ഭൂനികുതി വർധനവിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സർക്കാർ കർഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വര്‍ധനവെന്ന് പാംപ്ലാനി തുറന്നടിച്ചു. സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണ്.
ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാൻ കർഷകരുടെ കഴുത്തിനു പിടിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന ബജറ്റുകളിൽ മലയോര കർഷകർക്ക് ഒന്നുമില്ലെന്നും ആർച്ച് ബിഷപ്പ് ആരോപിച്ചു. കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത നേതൃസംഗമത്തിലാണ് ആർച്ച് ബിഷപ്പിന്‍റെ പരാമര്‍ശം.
കര്‍ഷകന്‍റെ കൃഷി ഭൂമിയുടെ നികുതി വര്‍ധിപ്പിക്കുന്നത് സംസ്ഥാനത്തിന്‍റെ ഏറ്റവും വലിയ ആദായമാര്‍ഗമായി മന്ത്രി കരുതുന്നെങ്കില്‍ കര്‍ഷകനെ നിങ്ങള്‍ മാനിക്കുന്നില്ലെന്നാണ് അര്‍ത്ഥം. കര്‍ഷകന്‍റെ മഹത്വം നിങ്ങള്‍ അറിയുന്നില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റിലാകട്ടെ കേരള സര്‍ക്കാരിന്‍റെ ബജറ്റിലാകട്ടെ രണ്ടിലും മലയോരത്തെ കര്‍ഷക ജനതയെ ചേര്‍ത്തുപിടിക്കുന്ന യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.