മണ്ണാറശാല ക്ഷേത്രത്തിൽ നിലവിലെ സ്ഥിതി തുടരും, തുറക്കേണ്ടെന്ന തീരുമാനവുമായി മുസ്ലിം പള്ളികളും
മണ്ണാറശാല ക്ഷേത്രത്തിൽ ജൂൺ 22 വരെ ഇപ്പോഴത്തെ സ്ഥിതി തുടരും. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ പ്രവേശനത്തിലാണ് ക്ഷേത്ര ഭരണ സമിതി ഈ തീരുമാനം എടുത്തത്
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സമ്മിശ്ര പ്രതികരണം. കൂടുതൽ മുസ്ലിം പള്ളികൾ തത്കാലം തുറക്കേണ്ടെന്ന തീരുമാനവുമായി രംഗത്തെത്തി. മണ്ണാറശാല ക്ഷേത്രത്തിൽ നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചപ്പോൾ കോഴിക്കോട് രൂപത തീരുമാനം ഇടവകകൾക്ക് വിട്ടു.
താമരശേരി രൂപത പള്ളികൾ തുറക്കാനാണ് നിർദ്ദേശം നൽകിയത്. കോഴിക്കോട് രൂപതാധ്യക്ഷൻ വർഗ്ഗീസ് ചക്കാലക്കലാണ് ഇടവകകൾക്ക് തീരുമാനിക്കാമെന്ന നിലപാടെടുത്തത്. സർക്കാർ നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് തോന്നുന്ന ഇടവകകൾ പള്ളി തുറക്കരുതെന്നും നിർദ്ദേശം ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ നിർദ്ദേശിച്ചു. ഓർത്തഡോക്സ് സഭാ സിനഡ് ഇക്കാര്യത്തിൽ മറ്റന്നാൾ തീരുമാനം എടുക്കും.
മണ്ണാറശാല ക്ഷേത്രത്തിൽ ജൂൺ 22 വരെ ഇപ്പോഴത്തെ സ്ഥിതി തുടരും. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ പ്രവേശനത്തിലാണ് ക്ഷേത്ര ഭരണ സമിതി ഈ തീരുമാനം എടുത്തത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും തത്കാലം ഭക്തർക്ക് ദർശനം അനുവദിക്കില്ല.
തിരുവനന്തപുരം കരമന ജുംഅ മസ്ജിദ് തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ദിനംപ്രതി വൈറസ് ബാധിതരുടെ എണ്ണം വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ജൂൺ 30 വരെ പള്ളി തുറക്കേണ്ടെന്ന് ജുംഅ മസ്ജിദ് പരിപാലന സമിതിയാണ് തീരുമാനമെടുത്തത്. കായംകുളം മേഖലയിലെ 35ൽ പരം ജമാഅത്ത് പള്ളികളും മറ്റ് നമസ്കാര പള്ളികളും തൽക്കാലം തുറക്കേണ്ടതില്ല എന്ന് കായംകുളം മുസ്ലിം ഐക്യവേദിയുടെയും സംയുക്ത ജമാഅത്ത് കമ്മിറ്റികളുടെയും യോഗത്തിൽ ഐകകണ്ഠേന തീരുമാനിച്ചിട്ടുണ്ട്.