'പിണറായി വിജയൻ ബിജെപിയുടെ അൺ അപ്പോയിന്‍റഡ് വർക്കിംഗ് പ്രസിഡന്‍റ്', രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി
ബിജെപിയുടെ ബി ടീം ആണ് പിണറായിയും പിണറായിയുടെ പാർട്ടിയമെന്നും തെലങ്കാന മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു
മേപ്പാടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനുവായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കേരള പ്രചരണം. വയനാട് മത്സരിക്കുന്ന രാഹുൽ ഗാന്ധിക്ക് വേണ്ടി മേപ്പാടിയിൽ പ്രചാരണത്തിനെത്തിയ തെലങ്കാന മുഖ്യമന്ത്രി, രാഹുൽ ആണ് ഇന്ത്യ മുന്നണിയെ നയിക്കുന്നതെന്ന് വ്യക്തമാക്കി. അതിനർത്ഥം, വയനാടൻ ജനതയാണ് ഇന്ത്യ മുന്നണിയെ നയിക്കുന്നതെന്നും രേവന്ത് റെഡ്ഢി വിവരിച്ചു. ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം അഴിച്ചുവിട്ടത്. ബി ജെ പിയുടെ അൺ അപ്പോയിന്‍റഡ് വർക്കിംഗ് പ്രസിഡന്‍റാണ് പിണറായി വിജയനെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി പറഞ്ഞത്.
പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് ആണെന്ന് പറയുന്നു, പക്ഷെ പിണറായിയുടെ പ്രവർത്തികൾ വിഭജനം ഉണ്ടാക്കുന്നത് പോലെയാണെന്നും രേവന്ത് റെഡ്ഢി പറഞ്ഞു. ബിജെപിയുടെ ബി ടീം ആണ് പിണറായിയും പിണറായിയുടെ പാർട്ടിയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും തെലങ്കാന മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തി. ഇ വി എം, സി ബി ഐ, ഇ ഡി, അംബാനികൾ, എന്നിവയാണ് ഈ തെരഞ്ഞെടുപ്പിൽ മോദിയുടെ കുടുംബമെന്നാണ് രേവന്ത് റെഡ്ഢി പറഞ്ഞത്. ഈ പോരാട്ടം മോദിയും രാഹുലും തമ്മിലാണ് ആണെന്നും അതായത് വരാണസിയും വയനാടും തമ്മിൽ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദിക്കെതിരായ പോരാട്ടത്തിൽ വയനാടൻ ജനതയും കേരളവും രാഹുലിനൊപ്പം അണിചേരണമെന്നും തെലങ്കാന മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം