നവകേരള സൃഷ്ടിക്ക് സാങ്കേതിക സർവകലാശാല നൽകുന്നത് വലിയ സംഭാവനകൾ: ആര്‍ ബിന്ദു
ഈ പദ്ധതികൾ നടപ്പിലാക്കുക വഴി സർവകലാശാല നാല് തിളങ്ങുന്ന അധ്യായങ്ങളാണ് എഴുതി ചേർത്തിരിക്കുന്നത്. ഒരു നവകേരളം സൃഷ്ടിക്കുന്നതിനു വലിയ സംഭാവനകൾ നല്കാൻ ഈ പദ്ധതികൾ വഴി സർവകലാശാലക്ക് കഴിയും, മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന് മാത്രമല്ല, സമൂഹത്തിന് ആകമാനം പ്രതീക്ഷയും പ്രത്യാശയും നൽകുന്ന പദ്ധതികളാണ് സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന പദ്ധതികളെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർക്കാരിന്റെ നാലാം 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഭാഗമായി സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന സർവകലാശാലയുടെ പഠനവകുപ്പുകൾ, ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ നിർമ്മാണം, സെക്ഷൻ 8 കമ്പനി രൂപീകരണം, സോഫ്റ്റ്‌വെയർ ഡെവലൊപ്മെന്റ് സെന്റർ എന്നീ നാല് പദ്ധതികൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ പദ്ധതികൾ നടപ്പിലാക്കുക വഴി സർവകലാശാല നാല് തിളങ്ങുന്ന അധ്യായങ്ങളാണ് എഴുതി ചേർത്തിരിക്കുന്നത്. ഒരു നവകേരളം സൃഷ്ടിക്കുന്നതിനു വലിയ സംഭാവനകൾ നല്കാൻ ഈ പദ്ധതികൾ വഴി സർവകലാശാലക്ക് കഴിയും, മന്ത്രി കൂട്ടിച്ചേർത്തു. ഉദ്‌ഘാടനം ചെയ്ത നാല് പദ്ധതികളും ഈ സർവ്വകലാശാലയുടെ മുന്നോട്ടുള്ള വളർച്ചക്ക് ശക്തിയേകുന്നതിനോടൊപ്പം കേരളത്തിന്റെ വ്യാവസായിക-സാമൂഹിക സുസ്ഥിര വികസന ലക്ഷ്യങ്ങളെ ത്വരിതപ്പെടുത്താനും സഹായിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ എം എൽ എ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അക്കാദമിക-ഗവേഷണ-വ്യാവസായിക മേഖലയിലെ വിടവ് നികത്താനും പങ്കാളിത്ത പ്രവർത്തനങ്ങളിലൂടെയും വിജ്ഞാന കൈമാറ്റത്തിലൂടെയും കൈകോർത്തു പ്രവർത്തിക്കാനും ഈ സംരംഭങ്ങളിലൂടെ സർവകലാശാലക്ക് കഴിയും, അദ്ദേഹം പറഞ്ഞു.
വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സിൻഡിക്കേറ്റ് അംഗങ്ങളായ പി കെ ബിജു, അഡ്വ. ഐ സാജു, ഡോ. ജമുന, പ്രൊഫ. ജി സഞ്ജീവ്, ഡോ. വിനോദ് കുമാർ ജേക്കബ്, ആഷിക് ഇബ്രാഹിംകുട്ടി, ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗം ഡോ. ജി വേണുഗോപാൽ, രജിസ്ട്രാർ ഡോ എ പ്രവീൺ അക്കാദമിക വിഭാഗം ഡീൻ ഡോ. വിനു തോമസ്, പരീക്ഷ കൺട്രോളർ ഡോ. അനന്ത രസ്മി എന്നിവർ പങ്കെടുത്തു.