വീട്ടിൽ ട്രെഡ്‌മിൽ സ്‌ഥാപിക്കാനെത്തിയവരെ ഇടയ്ക്കുവെച്ച് കാണാതായി; അലമാര പരിശോധിച്ചപ്പോൾ 20 ലക്ഷം രൂപ കാണാനില്ല
വീട്ടിടുമയുടെ ഒരു സുഹൃത്ത് വഴിയാണ് ട്രെഡ്‍മിൽ സ്ഥാപിക്കാൻ സംഘമെത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെന്ന പേരിൽ പുറത്തിറങ്ങിയവരെ പിന്നീട് കാണാതായി
പാലക്കാട്: മണ്ണാർക്കാട് വീട്ടിൽ ട്രെഡ്‌മിൽ സ്‌ഥാപിക്കാനെത്തിയവർ അലമാരയിൽ സൂക്ഷിച്ച 20 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
തിങ്കളാഴ്‌ചയാണ് സംഭവം. തെങ്കര മണലടി മുണ്ടോടൻ ഷരീഫിന്റെ വീട്ടിൽ ടെഡ്‌മിൽ സ്‌ഥാപിക്കാനെത്തിയവരാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ച പണവുമായി കടന്നു കളഞ്ഞത്. ഷരീഫിന്റെ സുഹൃത്ത് വഴിയാണ് യുവാക്കൾ എത്തിയത്. ഈ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
വീടിന്റെ മുകളിലത്തെ നിലയിലാണ് ട്രെഡ്മിൽ സ്‌ഥാപിക്കുന്ന ജോലി നടന്നിരുന്നത്. ഈ നിലയിലെ അലമരായിൽ പണമടങ്ങിയ സ്യൂട്ട്കേസ് ഉണ്ടായിരുന്നു. അലമാര പൂട്ടിയിരുന്നില്ല. ജോലി നടക്കുന്ന സമയത്ത് ഷരീഫും സ്‌ഥലത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഷരീഫ് താഴത്തേക്ക് ഇറങ്ങിയതിനു പിന്നാലെ, ഭക്ഷണം കഴിച്ചിട്ടു വരാമെന്ന് പറഞ്ഞ് ജോലിക്കാരും ഇറങ്ങി.
ഭക്ഷണം കഴിക്കേണ്ട സമയം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് വിളിച്ചപ്പോൾ അരമണിക്കൂറിനകം വരുമെന്ന് അറിയിച്ചു. വീണ്ടും വിളിച്ചപ്പോഴും ഇത് ആവർത്തിച്ചു. സംശയം തോന്നി അലമാരയിൽ നോക്കിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. പിന്നീട് ഫോണിൽ വിളിച്ചാൽ കിട്ടാതാവുകയായിരുന്നു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം