സര്‍ക്കാര്‍ ഭൂമിയിൽ നിന്ന് തേക്ക് വെട്ടിക്കടത്തി; എന്നിട്ടും സംരക്ഷണം, റേഞ്ച് ഓഫീസര്‍മാരെ തിരികെ നിയമിച്ചു
റേഞ്ച് ഓഫീസര്‍മാരായ ജോജി ജോണ്‍, അനുരേഷ് കെ വി എന്നിവർക്കാണ് തിരികെ നിയമനം നല്‍കിയത്. എന്നാല്‍, നിയമനത്തില്‍ അസ്വഭാവികതയില്ലെന്നാണ് വനം വകുപ്പുമന്ത്രിയുടെ പ്രതികരണം
ഇടുക്കി: സർക്കാർ ഭൂമിയിൽ നിന്ന് തേക്ക് മരം വെട്ടിക്കടത്തിയ കേസിൽ അറസ്റ്റിലായി സസ്പെന്‍ഷനില്‍ കഴിയുന്ന രണ്ട് റേഞ്ച് ഓഫീസര്‍മാരെ തിരികെ നിയമിച്ച് വനം വകുപ്പ്. റേഞ്ച് ഓഫീസര്‍മാരായ ജോജി ജോണ്‍, അനുരേഷ് കെ വി എന്നിവർക്കാണ് തിരികെ നിയമനം നല്‍കിയത്. എന്നാല്‍, നിയമനത്തില്‍ അസ്വഭാവികതയില്ലെന്നാണ് വനം വകുപ്പുമന്ത്രിയുടെ പ്രതികരണം. അടിമാലി റേഞ്ച് ഓഫീസറായിരിക്കെ പുറമ്പോക്കില്‍ നിന്ന് തേക്കുമരം വെട്ടികടത്തിയ കേസിലാണ് ജോജി ജോണിനെ സസ്പെന്‍ഡ് ചെയ്തത്.
വെട്ടി കടത്തിയ മരം ജോജിയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് ജോജിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായെങ്കിലും പിന്നീട് അന്വേഷണം കാര്യമായി നടന്നില്ല. ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുമില്ല. ഇതാണ് ജോജിക്ക് ഗുണമായത്. ജോജിയെ രക്ഷിക്കാന്‍ പൊലീസ് കുറ്റപത്രം വൈകിക്കുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ അന്നേ ആരോപിച്ചിരുന്നു.
മാനന്തവാടി സോഷ്യല്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസറായിരിക്കെയാണ് അനുരേഷ് കെ വിയെ വിജിലന്‍സ് പിടികൂടുന്നത്. തേക്കുതടിയുടെ കഷ്ണങ്ങളും കണക്കില്‍ പെടാത്ത പണവുമായി ബോയ്സ് ടൗണില്‍ വെച്ചാണ് അറസ്റ്റു ചെയ്ത്. ഇതിലും അന്വേഷണം പൂര്‍ത്തിയായില്ല. അനുരേഷിന് പാലക്കാട് ഡിവിഷനിലും ജോജി ജോണിന് പുനലൂർ ഡിവിഷനിലും വര്‍ക്കിംഗ് പ്ലാന‍് റേഞ്ച് ഓഫീസര്‍മാരായണ് നിയമനം.
കുറ്റക്കാരായ ഉദ്യോഗസ്ഥരെ തിരികെയെടുത്തതിൽ അസ്വാഭാവികതയില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. വിവാദ സർക്കാർ ഉത്തരവിന്റെ മറവിൽ അടിമാലി, നേര്യമംഗലം റേഞ്ചുകളിൽ മരം മുറിക്കാന്‍ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ജോജി ജോണിനെതിരെ മറ്റോരു കേസ് നിലവിലുണ്ട്. ഇതിലെ അന്വേഷണം ഇപ്പോഴും മന്ദഗതിയിലാണ്.
അതേസമയം, പത്തു ദിവസമായി ഇടുക്കിയിൽ അസാധാരണമായ നിലയിൽ കാട്ടാനകളുടെ ആക്രമണമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് ഗാർഡ് ശക്തിവേലിന്റെ അവിവാഹിതയായ മകൾക്ക് ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. റേഷൻ കട കാട്ടാന തകർത്ത സാഹചര്യത്തിൽ വീടുകളിൽ റേഷൻ എത്തിക്കാൻ ശ്രമിക്കുമെന്നും ഇതിനായി നാളെ ജനപ്രതിനിധികളുടെ യോഗം ഇടുക്കി ജില്ലാ കളക്ടർ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
കാട്ടാന ആക്രമണം: ഇടുക്കിയിൽ അസാധാരണ സാഹചര്യമെന്ന് വനംമന്ത്രി