എൽകെജി വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപിക സീതാലക്ഷ്മിയെ പിരിച്ചുവിട്ടു
ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെ ആണ് പിരിച്ച് വിട്ടത്.
കൊച്ചി : മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനായ എൽകെജി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപികയെ പിരിച്ചുവിട്ടു. ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെ ആണ് പിരിച്ച് വിട്ടത്.
കൊച്ചി മട്ടാഞ്ചേരി പാലസ് റോഡിലെ സ്വകാര്യ പ്ലേ സ്കൂളിൽ ഇന്നലെയാണ് ദാരുണ സംഭവമുണ്ടായത്. ക്ലാസിൽ ചോദ്യത്തിന് ഉത്തരം നൽകിയില്ലെന്ന് പറഞ്ഞാണ് അധ്യാപികയായ സീതാലക്ഷ്മി കുട്ടിയെ ചൂരൽ കൊണ്ട് പലകുറി അടിച്ചത്. മട്ടാഞ്ചേരിയിലെ ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിൽ രണ്ടുമാസം മുൻപാണ് സീതാലക്ഷ്മി അധ്യാപികയായി പ്രവേശിച്ചത്. പുറത്ത് പലതവണ അടിയറ്റ കുട്ടി വിവരം വീട്ടിൽ അറിയിച്ചു. പിന്നാലെ രക്ഷിതാക്കൾ മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകി. ജുവനൈൽ ആക്ട് പ്രകാരം കേസെടുത്ത പൊലീസ് സീതാലക്ഷ്മിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.