താനൂർ കസ്റ്റഡി മരണം; എസ്‍ പി സുജിത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

പി വി അൻവർ എംഎല്‍എയുമായുള്ള ഫോൺ സംഭാഷണത്തിലെ വെളിപ്പെടുത്തലിൻ്റെ പശ്ചത്തലത്തിലാണ് ചോദ്യം ചെയ്യൽ. തിരുവനന്തപുരത്തെ ഓഫീസിൽ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്.

tanur custody murder CBI questioned sp sujith das again

തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണ കേസിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. പി വി അൻവർ എംഎല്‍എയുമായുള്ള ഫോൺ സംഭാഷണത്തിലെ വെളിപ്പെടുത്തലിൻ്റെ പശ്ചത്തലത്തിലാണ് ചോദ്യം ചെയ്യൽ. തിരുവനന്തപുരത്തെ ഓഫീസിൽ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ് പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായ സിവിൽ പൊലീസ് ഓഫീസർമാരായ  ജിനേഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ലഹരി മരുന്ന് കൈവശം വെച്ചതിന് താമിര്‍ ജിഫ്രിയേയും അഞ്ച് സുഹൃത്തുക്കളേയും  മലപ്പുറം എസ് പിക്ക് കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡായ  ഡാന്‍സാഫ് ടീം കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് എഫ് ഐ ആറില്‍ പറഞ്ഞിരുന്നത്. മര്‍ദനമേറ്റതിനെത്തുടര്‍ന്നാണ് താമിര്‍  ജിഫ്രി മരിച്ചതെന്ന കാര്യം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പ്രതിഷേധമുയര്‍ന്നു. ഡാന്‍സാഫ് ടീം താമിര്‍  ജിഫ്രിയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios