വ്യാപാരികളെ തമിഴ്നാട് പൊലീസ് കള്ളക്കേസില്‍ കുടുക്കിയതായി പരാതി; കൈക്കൂലി നല്‍കാത്തതിനാലെന്ന് ആരോപണം

തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തി കടക്കുന്ന അരിക്ക് കൈക്കൂലി നല്‍കാത്തതാണ് കള്ളക്കേസിന് കാരണമെന്ന് വ്യാപാരികൾ.

Tamil Nadu police trapped 4 traders in fake cases in Thiruvananthapuram Kattakkada

തിരുവനന്തപുരം: കാട്ടാക്കടയില്‍ മോഷണ വാഹനങ്ങള്‍ പിടിക്കാനെത്തിയെന്ന വ്യാജേന വ്യാപാരി വ്യവസായി സംഘടനയില്‍പ്പെട്ട വ്യാപാരികളെ തമിഴ്നാട് പൊലീസ് കളളക്കേസില്‍ കുടുക്കിയതായി പരാതി. ചൊവാഴ്ച പുലര്‍ച്ചെ 150 കുപ്പി മദ്യം കടത്തിയെന്ന കേസില്‍ 4 വ്യാപാരികളെ കളിയിക്കാവിള പൊലീസ് അറസ്റ്റ് ചെയ്തിലാണ് പരാതി. തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തി കടക്കുന്ന അരിക്ക് കൈക്കൂലി നല്‍കാത്തതാണ് വിരോധമെന്ന് വ്യാപാരി വ്യവസായികള്‍ പറയുന്നു. 

കാട്ടാക്കടയില്‍ എത്തിയ കളിയിക്കാവിള സി ഐ ബാലമുരുകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ചെ കാട്ടാക്കടയിലെ നാല് വ്യാപാരികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ 250 കുപ്പിയോളം മദ്യം അതിർത്തി കടത്തി എന്ന കുറ്റം ചുമത്തിയാണ് കളിയിക്കാവിള പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അനസ്, അനീഷ്, ഫൈസല്‍, ഗോഡ്വിൻ ജോസ് എന്നിവരെയാണ് സംഘം നെയ്യാറ്റിന്‍കരയിലേക്ക് പോകുന്ന വഴി തടഞ്ഞുനിര്‍ത്തി അകാരണമായി കസ്റ്റഡിയില്‍ എടുത്തതായി പരാതി ഉന്നയിക്കുന്നത്. അതേസമയം, ഇവരെ അതിർത്തിയിൽ പിടികൂടി എന്നാണ് കാളിയിക്കാവിള പൊലിസ് ഭാഷ്യം. കളിയിക്കാവിളയില്‍ നിന്നും മോഷണം പോയതായി എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത കേസിലെ ഒരു വാഹനം ജിപിഎസ് കാട്ടാക്കട പൂവച്ചല്‍ ഭാഗത്താണ് കാണിക്കുന്നത് എന്ന് പറഞ്ഞു കാട്ടാക്കട പൊലീസില്‍ വിവരം അറിയിക്കാതെ കാട്ടാക്കടയിലും പരിസരത്തും വിവിധയിടങ്ങളില്‍ കറങ്ങിനടന്ന കളിക്കാവിള പൊലീസ് സംഘമാണ് യുവാക്കളെ മദ്യം കടത്തി എന്ന് പറഞ്ഞ് കസ്റ്റഡിയില്‍ എടുത്ത്. 

അതേസമയം, ചൊവാഴ്ച രാത്രി ഒമ്പതര മണിയോടെ കാട്ടാക്കട ബസ് സ്റ്റാന്‍ഡിന് മുന്നില്‍ വാഹന പരിശോധന നടത്തി കളിയിക്കാവിളയില്‍ നിന്നും കാണാതായ മൂന്ന് ടാറസ് ലോറികളെ അന്വേഷിച്ച് എത്തിയതാണെന്നും ഇതിന്‍റെ ജിപിഎസ് കാണിക്കുന്നത് കാട്ടാക്കട പ്രദേശത്താണെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാട്ടാക്കട പൊലീസിനെ അറിയിക്കാതെയുള്ള പരിശോധനയാണ് നടന്നിരുന്നത്. ഇത് നാട്ടുകാരും ചോദ്യം ചെയ്തതോടെ തടഞ്ഞ വാഹനത്തെ വിട്ടയച്ചുവെങ്കിലും രാത്രി പത്തര മണിയോടെ വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടന്ന സംഘം കാണാതായ വാഹനങ്ങള്‍ ഒന്ന് കാട്ടാക്കടയില്‍ ഉണ്ടെന്നും ഇത് കണ്ടെടുക്കാന്‍ സഹായിക്കണമെന്നും കാട്ടാക്കട പൊലീസിന് കത്ത് നല്‍കി. തുടര്‍ന്ന് ഇവിടെ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് ഇവരോടൊപ്പം ‌പൂവച്ചലിലെ സണ്‍റൈസ് എന്ന ഗോഡൗണില്‍ പരിശോധന നടത്തി. 

ജിപിഎസ് കാണിക്കുന്നു എന്ന് പറയുമ്പോഴും മതിയായ രേഖകള്‍ ഇല്ലാതെയാണ് ഉദ്യോഗസ്ഥര്‍ വന്നത്. തുടര്‍ന്ന് ഗോഡൗണ്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചത് ജീവനക്കാര്‍ തടഞ്ഞു. ഇതോടെ തമിഴ്നാട് അരി ഉണ്ടോ എന്ന് നോക്കാന്‍ എത്തിയതാണ് എന്ന് പറഞ്ഞു കളിയിക്കാവിള സിഐ നിലപാട് മാറ്റിയതോടെ കാട്ടാക്കട പൊലീസും ജീവനക്കാരും നാട്ടുകാരും ഇവരെ പുറത്തേക്ക് പോകണം എന്ന് ആവശ്യപ്പെട്ട് പിന്നീട് അകത്തേക്ക് കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് കാട്ടാക്കട പൊലീസ് തമിഴ്നാട് പൊലീസിനോട് കര്‍ക്കശ നിലപാട് എടുത്തതോടെ ഇവര്‍ മടങ്ങി. ഇതിന് ശേഷമാണ് വൈരാഗ്യമെന്നോണം സംഘം വഴിയില്‍ വെച്ച് വ്യാപാരിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമായ നാല് വ്യാപാരികളെ ബന്ധു വീട്ടിലേക്ക് പോകവേ അനധികൃതമായി കസ്റ്റഡിില്‍ എടുത്തത്.

മാറനല്ലൂര്‍ പൊലീസിന്റെ വാഹന പരിശോധന കടന്നെത്തിയ ഹോണ്ട അമേസ് കാറിനെയാണ് പിന്നീട് അരമണിക്കൂറിനുള്ളില്‍ മദ്യം കടത്തി എന്ന കുറ്റം ചുമത്തി പിടികൂടിയത്. സംഭവത്തില്‍ കേരള വ്യാപാരി വ്യവസായി ഇടപെടുകയും ജില്ലാ പ്രസിഡന്‍റ് ധനീഷ് ചന്ദ്രന്‍റെ നേതൃത്വത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും എസ്പിക്കും ഉള്‍പ്പെടെ പരാതി നല്‍കുകയും ചെയ്തു.

READ MORE: കോഴിയെ പോലെ വസ്ത്രം ധരിച്ച പിഞ്ചുകുഞ്ഞിനെ 'കടിച്ചു'; ജോ ബൈഡന് വിമർശനം

Latest Videos
Follow Us:
Download App:
  • android
  • ios