വിട വാങ്ങിയത് അണികളെ അച്ചടക്കം പഠിപ്പിച്ച മാഷ്
വിഎസിനെതിരെ ആരും പരസ്യമായി പ്രതികരിക്കാതിരുന്ന കാലത്ത് പലവട്ടം വിഎസിനെ തള്ളിപ്പറഞ്ഞ നേതാവാണ് ശിവദാസ മേനോൻ
തിരുവനന്തപുരം: അധ്യാപക പ്രസ്ഥാനത്തിലൂടെ പാര്‍ട്ടി അമരത്തെത്തി എംഎൽഎയും മന്ത്രിയുമൊക്കെ ആയി തിളങ്ങിയ ടി.ശിവദാസമേനോൻ പാര്‍ട്ടിയുടെ വിശ്വസ്തനായ മാഷായിരുന്നു. ചെങ്കൊടിക്ക് മേലെ പറക്കാൻ ആര്‍ക്കും അധികാരം ഇല്ലെന്ന് പാര്‍ട്ടി അണികളെ പറഞ്ഞു പഠിപ്പിച്ച ടി.ശിവദാസമേനോൻ സിപിഎം വിഭാഗീയതയിൽ പിണറായി പക്ഷത്ത് അടിയുറച്ച് നിന്നയാളാണ്.
മണ്ണാർക്കാട് സ്കൂളിൽ മാഷായിരുന്ന ടി.ശിവദാസ മേനോന് ഇരുപത്തിയഞ്ചാം വയസ്സിൽ ഹെഡ് മാസ്റ്ററായിരുന്ന അപൂർവ റെക്കോർഡുണ്ട്. അധ്യാപക പ്രസ്ഥാനത്തിലൂടെ പാർട്ടി അമരക്കാരനായ ശിവദാസ മേനോൻ പാർട്ടിയിൽ എല്ലാവർക്കും മാഷായിരുന്നു. ആശയ വ്യക്തതയുള്ള പാർട്ടി ക്ലാസുകൾ, നർമം കലർന്ന സംഭാഷണ ശൈലി, പരന്ന വായനയും അറിവും, നല്ല ഇംഗ്ലീഷ് പ്രാവീണ്യം, എല്ലാവരെയും സമഭാവനയോടെ കാണാനുള്ള പ്രത്യേക കഴിവ് ... മേനോൻ മാഷ് വളരെ വേഗം എല്ലാവർക്കും പ്രിയപ്പെട്ടവനായി.
മൂന്ന് തവണ മലമ്പുഴയിൽ നിന്ന് നിയമസഭയിലെത്തി. 1987ലും 96ലും മന്ത്രിയായി. ഗ്രാമവികസനം, ധനകാര്യം, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു. കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കൽ മദ്യ ദുരന്ത സമയത്ത് ശിവദാസ മേനോൻ ആയിരുന്നു എക്സൈസ് മന്ത്രി. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർക്കൊപ്പം ടി.ശിവദാസ മേനോനും വാർത്താസമ്മേളനത്തിന് വരുന്നത് അക്കാലത്തെ കൗതുകമായിരുന്നു. പാർലമെന്ററി രംഗം വിട്ട് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെ എകെജി സെന്ററിന്റെ ചുമതല ശിവദാസ മേനോനായി.
മുൻമന്ത്രി ടി ശിവദാസ മേനോൻ അന്തരിച്ചു
നിരവധി ജനകീയ പ്രക്ഷോഭങ്ങൾ, പൊലീസ് മർദ്ദനങ്ങൾ, തർക്കങ്ങൾ, വാഗ്വാദങ്ങൾ...അങ്ങനെ ശിവദാസ മേനോൻ നിറഞ്ഞുനിന്നു, പലതവണ. വിഎസ്-പിണറായി വിഭാഗീയതയിൽ പിണറായി വിജയന്റെ വലംകൈ ആയിരുന്നു ശിവദാസ മേനോൻ. വിഎസിനെതിരെ ആരും പരസ്യമായി പ്രതികരിക്കാതിരുന്ന കാലത്ത് അദ്ദേഹം പലവട്ടം വിഎസിനെ തള്ളിപ്പറഞ്ഞു.
പാർട്ടി വിരുദ്ധർക്ക് പാർട്ടിക്കകത്തല്ല സ്ഥാനം പാർട്ടിക്ക് പുറത്താണ്, ആരായാലും എത്ര വലിയ നേതാവായാലും പാർട്ടിക്ക് അതീതനല്ല, മനുഷ്യനാണ് തെറ്റുപറ്റാം, പക്ഷേ പാർട്ടി തിരുത്തിയാൽ പാർട്ടിക്കൊപ്പം വരണം, ചെങ്കൊടിക്ക് മേൽ പറക്കാൻ ആർക്കും അധികാരമില്ല...
അദ്ദേഹം വിഎസിനോട് പറഞ്ഞു, അണികളോട് പറഞ്ഞു. അച്ചടക്കമാണ് എല്ലാത്തിലും മീതെ എന്ന് പാർട്ടി അണികളെ പഠിപ്പിച്ച ആ മാഷിനെയാണ് ഇന്ന് സിപിഎമ്മിന് നഷ്ടമാകുന്നത്.