സീറോ മലബാര്‍ ഭൂമിയിടപാട് കേസ്; ആലഞ്ചേരിക്ക് തിരിച്ചടി, കോടതിയില്‍ നേരിട്ട് ഹാജരാകണം

കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. 

Syro Malabar Church land case Mar George Alencherry should appear in court

കൊച്ചി: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. കർദിനാൾ അടക്കമുളള പ്രതികൾ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കാക്കാനാട് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ നൽകിയ ഹർജി തളളിയാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.

7 കേസുകളിൽ ആണ് കർദിനാളിനോട് വിചാരണ നേരിടാൻ നേരത്തെ കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും സഭാപരമായി തിരക്കുളള ചുമതലകളും നിർവഹിക്കേണ്ടതിനാൽ ജാമ്യമെടുക്കുന്നതിനടക്കം നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്നായിരുന്നു കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ആവശ്യം. എന്നാൽ ഇത് അനുവദിക്കാനാകില്ലെന്ന് കോടതി ഉത്തരവിലുണ്ട്. ഇപ്പോഴത്തെ നിലയിൽ കേസ് പരിഗണിക്കുന്ന ഈ മാസം 23ന് കർദിനാളിനും കൂട്ടുപ്രതികൾക്കും കോടതിയിൽ ഹാജരാകേണ്ടിവരും. 

സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസാണ് ഹർജി നൽകിയത്. കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസന്വേഷണത്തിന്‍റെ ഭാ​ഗമായി ഇടനിലക്കാർക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.

കേസിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് സർക്കാര്‍  ക്ലീൻ ചിറ്റ് നല്‍കിയിരുന്നു. ഭൂമിയിടപാടിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത്. ഇടപാടുകൾ കാനോൻ നിയമപ്രകാരമാണെന്നാണ് സർക്കാർ പറയുന്നത്. കേസില്‍ നേരത്തെ പൊലീസ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ആ റിപ്പോർട്ടാണ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 2020ൽ വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ടാണ് സർക്കാർ സുപ്രീംകോടതിയിലും സമർപ്പിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios