നിയമോപദേശം തേടാനായി സ്വപ്ന ഇന്ന് കൊച്ചിയിലേക്ക് തിരിച്ചേക്കും
അഭിഭാഷകനെ നേരിൽക്കണ്ട് നിയമോപദേശം തേടുന്നതിനാണ് കൊച്ചിയിലെത്തുന്നത്.
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് കൊച്ചിയിലേക്ക് തിരിക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാൽ സ്വപ്ന സുരേഷ് കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് സൂചന. അഭിഭാഷകനെ നേരിൽക്കണ്ട് നിയമോപദേശം തേടുന്നതിനാണ് കൊച്ചിയിലെത്തുന്നത്. ഇന്ന് രാവിലെ കൊച്ചിയിലേക്ക് പോകാൻ തീരുമാനിച്ചിരുന്ന സ്വപ്ന ഇന്നലെ രാത്രി മാധ്യമങ്ങൾക്ക് മുമ്പിൽ കുഴഞ്ഞുവീണിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ സ്വപ്നയെ പിന്നീട് വീട്ടിലേക്ക് മാറ്റി.
ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായാണ് അഭിഭാഷകരെ കാണുന്നത്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സ്വർണക്കടത്ത് കേസിൽ മൊഴി നൽകിയതിലുള്ള പ്രതികാരമാണ് പുതിയ കേസെന്ന നിലപാടിലാണ് സ്വപ്ന.
ഇതിനിടെ തമിഴ്നാട്ടിലേക്ക് പോയ ഷാജ് കിരണും സുഹൃത്തും ഇന്നും കേരളത്തിൽ തിരിച്ചെത്തിയേക്കില്ല. സ്വപ്നയ്ക്കെതിരായ തെളിവുകൾ ഉടൻ പുറത്തുവിടുമെന്നാണ് ഷാജ് കിരൺ ആവർത്തിക്കുന്നത്. സ്വപ്ന പുറത്ത് വിട്ട ശബ്ദരേഖയിൽ കൃത്രിമം നടത്തി തന്നെയും സുഹൃത്തിനെയും പ്രതിസ്ഥാനത്താക്കിയെന്നാണ് ഷാജിന്‍റെ ആരോപണം. എഡിറ്റ് ചെയ്യാത്ത ഫോൺ സംഭാഷണം തന്‍റെ ഫോണിലുണ്ടെന്നും ഇത് വീണ്ടെടുക്കാനായി സുഹൃത്ത് ഇബ്രാഹിമുമൊത്ത് തമിഴ്നാട്ടിലാണെന്നും ഷാജ് കിരൺ പറഞ്ഞിരുന്നു. എന്നാൽ ഇരുവർക്കും ഇതുവരെ ശബ്ദരേഖ വീണ്ടെടുക്കാനായിട്ടില്ല. സ്വപ്ന സുരേഷിനെതിരെ ഷാജ് നൽകിയ പരാതിയിൽ പൊലീസ് ഇന്ന് നടപടി തുടങ്ങിയേക്കും. തന്നെ കെണിയിൽപ്പെടുത്താൻ ഗൂഢാലോചന നടന്നെന്നും സ്വപ്നയുടെ ഫോൺ പിടിച്ചെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
പ്രതിഷേധ സാധ്യത, കനത്ത പൊലീസ് കാവലിൽ മുഖ്യമന്ത്രി; ഇന്ന് മലപ്പുറത്ത് രണ്ട് പരിപാടികൾ
അതേ സമയം, സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ കൃഷ്ണ രാജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെൻട്രൽ പോലീസ് കേസ് എടുത്തു. കെ.എസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി പോസ്റ്റ് ഇട്ടതിനാണ് മത നിന്ദ നടത്തിയെന്ന കുറ്റം ചുമത്തി കേസ് എടുത്തത്. തൃശ്ശൂർ സ്വദേശിയായ അഡ്വ വി.ആർ അനൂപ് ആണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി പരാതി നൽകിയത്.