മുൻ വിജിലൻസ് മേധാവി മുഖ്യമന്ത്രിയുടെ സ്വന്തം ആളെന്ന് വി.മുരളീധരൻ; അജിതും ഷാജും നികേഷും ഇടനില നിന്നത് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് ശേഷം മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മടിയിൽ കനമുണ്ടെന്ന് തോന്നിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. സ്വപ്നക്കെതിരെ ഭീഷണി വന്നു. ശിവശങ്കർ പ്രതിയായിട്ടും സർക്കാർ തിരിച്ചെടുത്തു. ബിരിയാണി ചെമ്പിൽ വലിയ സംശയങ്ങൾ ഉയരുന്നുവെന്നും വി.മുരളീധരൻ ആരോപിച്ചു. ഇടനിലക്കാരനുമായി 36 തവണ വിജിലൻസ് മേധാവി സംസാരിച്ചത് എന്തിനെന്ന് വ്യക്തമാക്കണം. മുൻ വിജിലൻസ് മേധാവി എം.ആർ.അജിത് കുമാർ മുഖ്യമന്ത്രിയുടെ സ്വന്തം ആളാണെന്നും മുരളീധരൻ ആരോപിച്ചു. 

സ്വർണക്കടത്ത് കേസിൽ ബന്ധപ്പെട്ട ഏജൻസികൾ അന്വേഷണം തുടരുമെന്നും വി.മുരളീധരൻ കൊച്ചിയിൽ പറഞ്ഞു. സ്വർണം വന്ന വഴിയും പോയ വഴിയും അന്വേഷണം നടക്കുന്നു.കേന്ദ്രത്തിന് ഒരു ഒത്ത് തീർപ്പും ഇല്ല. കസ്റ്റംസ് കേസിൽ വിദേശ പൗരന്മാരായ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലായിരുന്നു പ്രധാനം. കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് ഡിപ്ലോമാറ്റിക്ക് പാസ് വിമാനതാവളത്തിൽ നൽകിയത് സംസ്ഥാന സർക്കാരാണെന്നും വി.മുരളീധരൻ ആരോപിച്ചു. 

അജിതും ഷാജും നികേഷും ഇടനില നിന്നത് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് കെ.സുരേന്ദ്രൻ

ഒരു കേസിലും കാണിക്കാത്ത ആവേശം സ്വപ്ന ഗൂഢാലോചന നടത്തി എന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇത്ര വലിയ അന്വേഷണ സംഘം എന്തിനാണ്. സ്വപ്ന സുരേഷിനെ മെരുക്കാനാണ് ഷാജ് കിരണിനെ അയച്ചതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. ഓഡിയോ ക്ലിപ്പ് കെട്ടിച്ചമച്ചതാണെന്നാണ് കോടിയേരി പ്രതികരിച്ചത്. എന്നാൽ അജിത് കുമാറിനെ മാറ്റിയതോടെ ഓഡിയോ സർക്കാർ സ്ഥിരീകരിക്കുകയാണ്. ഇന്റലിജൻസ് പരിശോധിച്ച് ഓഡിയോ ഉള്ളതാണെന്ന് കണ്ടെത്തി. ഓഡിയോ ക്ലിപ്പിലെ ഒരു ഭാഗം സർക്കാർ സ്ഥിരീകരിച്ചെങ്കിൽ ബാക്കി ഭാഗത്തിൽ അന്വേഷണം വേണ്ടേ എന്നും കെ.സുരേന്ദ്രൻ ചോദിച്ചു. രണ്ടാമത്തെ എഡിജിപിയുടെ കാര്യം എന്തായി? ഷാജ് കിരണിനെയും ഇബ്രാഹിമിനെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു. സ്വപ്നയെ ബെംഗളൂരുവിലേക്ക് കടത്തിയത് പോലെ ഷാജിനെ തമിഴ‍്‍നാട്ടിലേക്ക് കടത്തിയിരിക്കുകയാണ്. കള്ളക്കടത്ത് സ്വർണം എവിടെ പോയി എന്ന് കണ്ടെത്തണം. അതിലൊരു ഭാഗം മുഖ്യമന്ത്രിക്ക് കിട്ടിയെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. 

സരിത്തിനെ ധൃതി പിടിച്ച് കസ്റ്റഡിയിലെടുത്തതും ഒരു മണിക്കൂറിനുള്ളിൽ വിട്ടയക്കും എന്നതും ഷാജ് കിരൺ എങ്ങനെ അറിഞ്ഞു. സർക്കാർ അറിയാതെ അജിതിന് ഇടനില നിൽക്കാനാവുമോ? മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് അജിതും ഷാജും നികേഷും എല്ലാം ഇടനില നിന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. നികേഷ് ഒന്നാംതരം ബ്ലാക്ക‍്‍‍മെയിലിംഗ് കാരനാണ്. ഇപ്പോൾ അഭിനയിക്കുകയാണ് നികേഷെന്നും സുരേന്ദ്രൻ ആരോപിച്ചു. ബിലീവേഴ്സ് ചർച്ചുമായി മുഖ്യമന്ത്രിക്ക് അവിഹിത ബന്ധങ്ങളുണ്ട്, ശബരിമല വിമാനത്താവളത്തിൽ അത് കണ്ടതാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയും കോടിയേരിയും കള്ളപ്പണം വെളുപ്പിക്കുന്നു എന്ന് ഷാജ് കിരൺ പറയുന്നത് ഗൗരവമുള്ളതാണ്. ബിലീവേഴ്സ് ചർചിനെതിരെ കള്ളപ്പണ വെളുപ്പിക്കൽ കേസ് നിലവിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. 

ജനങ്ങളെ അണിനിരത്തി നേരിടുമെന്നാണ് കോടിയേരി പറയുന്നത്. അത് കലാപാഹ്വാനമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വപ്നയ്ക്കും സരിത്തിനും സംരക്ഷണം കൊടുക്കേണ്ടതിൻറെ ഉത്തരവാദിത്തം ബിജെപിക്ക് മാത്രമല്ല, എല്ലാവർക്കുമുണ്ട്. മുഖ്യമന്ത്രിയുടെ സഹോദരപുത്രൻ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി. ആരും ഒന്നും മിണ്ടുന്നില്ല. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിലെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.