മാധ്യമം പത്രം നിരോധിക്കാൻ ആവശ്യപ്പെട്ട് കെ.ടി.ജലീൽ യുഎഇ ഭരണാധികാരികൾക്ക് കത്തയച്ചെന്ന് സ്വപ്ന

യുഎഇ ഭരണാധികാരികളെ അവഹേളിക്കുന്ന തരത്തിൽ മാധ്യമം വാര്‍ത്തകൾ കൊടുത്തിരുന്നതായി ജലീലിൻ്റെ കത്തിൽ ആരോപിച്ചിരുന്നതായി സ്വപ്ന. 

Swapna Suresh Alleges that KT Jaleel Sent a Letter to UAE Rulers to Ban Madhyamam

കൊച്ചി: കെ.ടി.ജലീലിനെതിരെ (KT Jaleel) ഹൈക്കോടതിയിൽ (Kerala Highcourt) സത്യവാങ്മൂലം നൽകി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് (Swapna Suresh). പ്രോട്ടോക്കൾ ലംഘനം നടത്തി കെ.ടി.ജലീൽ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സത്യവാങ്മൂലത്തിൽ സ്വപ്ന വെളിപ്പെടുത്തുന്നു. മാധ്യമം ദിനപ്പത്രത്തിനെ (Madhyamam News Paper) ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചത്. മാധ്യമത്തിലെ വാർത്തകൾ യുഎഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിൻ്റെ ആക്ഷേപം.

തിരുവനന്തപുരത്തെ യുഎഇ കോൺസൽ ജനറലുമായി അടച്ചിട്ട മുറിയിൽ വച്ച് കെ.ടി.ജലീൽ നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയെന്നും കേന്ദ്ര സർക്കാർ അറിയാതെയായിരുന്നു ഇതെല്ലാമെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന പറയുന്നു. തൻ്റെ ബന്ധങ്ങൾ ഉപയോഗിച്ച് നയതന്ത്ര ചാനൽ വഴി കൂടുതൽ ഇടപാടുകൾ നടത്താനായിരുന്നു ജലീലിൻ്റെ ശ്രമം. നയതന്ത്ര ചാനൽ വഴിയുളള ഇടപാടിന് സർക്കാരിനെ  ഭരിക്കുന്ന പാർട്ടിയുടെ  പിന്തുണയുണ്ടാകുമെന്ന് കോൺസൽ ജനറൽ തന്നോട് പറഞ്ഞിരുന്നതായി സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്. തനിക്ക് മുഖ്യമന്ത്രിയുടേതടക്കം പിന്തുണ ഉണ്ടാകുമെന്ന് ജലീൽ കോൺസൽ ജനറലിനോട് പറഞ്ഞിരുന്നതായും സ്വപ്ന ആരോപിക്കുന്നുണ്ട്. 

സംസ്ഥാനത്തെ ഒരു മന്ത്രി മറ്റൊരു രാഷട്രത്തിൻ്റെ തലവന് നേരിട്ട് കത്തയക്കുന്നത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിവില്ലാതെയാണ് സ്വപ്ന കത്തയച്ചത്. കത്തിൻ്റെ ഡ്രാഫ്റ്റും ഇതേക്കുറിച്ച് പരാമര്‍ശിക്കുന്ന വാട്സാപ്പ് ചാറ്റുകളും സ്വപ്ന ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 

യുഎഇ ഭരണാധികാരുകളുമായി നല്ല അടുപ്പം സ്ഥാപിക്കാനാണ് ജലീൽ ഇതുവഴി ശ്രമിച്ചത്.ഇതിന് സഹായമൊരുക്കണമെന്ന് കോൺസൽ ജനറലിനോട് ജലീൽ അഭ്യർഥിച്ചെന്നും സ്വപ്ന പറയുന്നു. മാധ്യമം പത്രം ഗൾഫ മേഖലയിൽ നിരോധിച്ചാൽ സർക്കാരിലും സിപിഎമ്മിലും തനിക്ക് ഗുണമുണ്ടാകുമെന്ന് ജലീൽ പറഞ്ഞെന്നും സ്വപ്നയുടെ സത്യവാങൂമൂലത്തിൽ പറയുന്നുണ്ട്.  കോൺസൽ ജനറലിന് കത്ത് കൈമാറാൻ താൻ ജലീലിനെ സഹായിച്ചെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. 

എൻഐഎ പിടിച്ചെടുത്ത തൻ്റെ ഫോൺ ഇപ്പോൾ കസ്റ്റഡി രേഖകളിൽ ഇല്ലെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും സന്ദേളങ്ങളും ഈ ഫോണിൽ ഉണ്ടായിരുന്നു. എൻഐഎ അന്വേഷണത്തെ ഭയപ്പെടേണ്ടെന്ന് ശിവശങ്കർ തന്നോട് നേരത്തെ തന്നെ പറഞ്ഞതാണെന്നും എൻഐഎ നിറയെ കേരളാ കേ‍ഡർ ഉദ്യോഗസ്ഥരാണെന്ന് ശിവശങ്കർ പറഞ്ഞിരുന്നുവെന്നും സ്വപ്ന സുരേഷിൻ്റെ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തെ അട്ടിമറിക്കാനും തന്നെ കുരുക്കാനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും സ്വപ്ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. 

രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ കെ.ടി ജലീലിന്‍റെ പങ്ക് വ്യക്തമാവുന്ന തെളിവുകൾ ഇന്ന് കോടതില്‍ സമര്‍പ്പിക്കുമെന്ന് ഇന്നലെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ തെളിവുകള്‍ പരിശോധിക്കുന്നതോടെ ആരാണ് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും എന്താണ് ചെയ്തതെന്നും കോടതിക്ക് വ്യക്തമാവുമെന്നും സ്വപ്ന സുരേഷ് അവകാശപ്പെട്ടിരുന്നു. 

തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  നില്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് കെ.ടി ജലീലിനെതിരെ സ്വപ്ന ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ നടത്തുന്നത്. മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരായ  വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാർ   സ്വപ്നക്കെതിരെ  ഗൂഡാലോചനാക്കേസ് എടുത്തത്. ഈ കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹര്‍ജി തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും.

 

ലൈഫ് മിഷൻ അഴിമതിക്കേസിൽ സ്വപ്ന ചോദ്യം ചെയ്യല്ലിന് ഹാജരായില്ല 

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ  രണ്ടാം ഘട്ട മൊഴിയെടുക്കലിനായി  സ്വപ്ന സുരേഷ് സിബിഐക്ക് മുന്നിൽ ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഹാജരാകാനാകില്ലെന്ന് സ്വപ്ന സിബിഐയെ അറിയിച്ചു.കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ മൊഴിയെടുക്കൽ  നേരത്തെ പൂ‍ർത്തിയായിരുന്നു. സന്ദീപ് നായരുടെയും കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെയും മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് സ്വപ്നയെ വിളിപ്പിച്ചത്. ഇതിനുശേഷം അടുത്ത ഘട്ടമായിട്ടാണ്  അന്വേഷണം ശിവശങ്കറിലേക്ക് നീങ്ങുക. ലൈഫ് മിഷൻ ഇടപാടിലെ കോഴ ശിവശങ്കറിന്‍റെ പൂ‍ർണ അറിവോടെയായിരുന്നെന്നാണ് സ്വപ്ന സിബിഐയോട് പറഞ്ഞിരിക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios